അഞ്ചേരി ബേബി വധക്കേസ്; എം എം മണിയടക്കം മുഴുവൻ പ്രതികളും നേരിട്ടു ഹാജരാകണമെന്നു കോടതി

തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ കുറ്റപത്രം വായിക്കുന്നത് കോടതി ജൂൺ ഏഴിലേക്കു മാറ്റുകയും ചെയ്തു. നേരത്തെ മൂന്നുതവണ കേസ് പരി​ഗണിച്ചപ്പോഴും പ്രതികൾ ഹാജരാവാതിരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ കർശന നിർദേശം.‌

അഞ്ചേരി ബേബി വധക്കേസ്; എം എം മണിയടക്കം മുഴുവൻ പ്രതികളും നേരിട്ടു ഹാജരാകണമെന്നു കോടതി

അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം എം മണിയും കെ കെ ജയചന്ദ്രനും അടക്കമുള്ള മുഴുവൻ പ്രതികളും നിർബന്ധമായും നേരിട്ടു ഹാജരാകണമെന്നു കോടതി. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

കേസിൽ കുറ്റപത്രം വായിക്കുന്നത് കോടതി ജൂൺ ഏഴിലേക്കു മാറ്റുകയും ചെയ്തു. നേരത്തെ മൂന്നുതവണ കേസ് പരി​ഗണിച്ചപ്പോഴും പ്രതികൾ ഹാജരാവാതിരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ കർശന നിർദേശം.‌

വിവാദമായ വൺ ടു ത്രീ പ്രസം​ഗത്തിന്റെ പേരിൽ എം എം മണിക്കെതിരെയുള്ള കേസ് കോടതി ആദ്യം തള്ളിയെങ്കിലും പിന്നീട് അഞ്ചേരി ബേബി വധക്കേസിന്റെ തുടരന്വേഷണത്തിൽ അദ്ദേഹത്തെ പ്രതി ചേർക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. ഇതോടെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായ മണി ജയിൽവാസത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.

തുടർന്ന് ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ മണിയെ സംസ്ഥാന സമിതിയം​ഗമായി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീടു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് ബന്ധുനിയമനക്കേസിൽ വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജൻ രാജി വച്ചതോടെ മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാവുകയും മണിയെ വൈദ്യുതി മന്ത്രിയായി നിയമിക്കുകയുമായിരുന്നു.

2012 മേയ് 25ന് മണി ഇടുക്കിയിലെ തൊടുപുഴയിൽ നടത്തിയ വിവാദപ്രസം​ഗമാണ് മണിയെ കുടുക്കിലാക്കിയത്. ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചായിരുന്നു മണിയുടെ 'വണ്‍ ടു ത്രീ ' പ്രസംഗം. കോൺ​ഗ്രസ് പ്രവർത്തകരായ അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധക്കേസ് സംബന്ധിച്ചായിരുന്നു മണിയുടെ പ്രസംഗം. തുടർന്ന് ദേശീയതലത്തില്‍ തന്നെ പ്രസംഗം വൻ വിവാദമാകുകയും സിപിഐഎം കടുത്ത പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു.