'എനിക്കിട്ട് ഒലത്താന്‍ വേണ്ടി പറഞ്ഞോണ്ടിരിക്കുവാ' : ചോദ്യം ലംബോധരനെക്കുറിച്ചാണോ, മണിയാശാന്റെ നാവില്‍ നാടന്‍ ഭാഷയെത്തും

ഞാനീ നാടന്‍ ശൈലിയാ.. എന്റെ ശൈലി, ശൈലി മാറിയാല്‍ ഞാന്‍ പോയി. രണ്ടും മൂന്നും എംഎ പാസായവരുടെ ശൈലി എനിക്ക് സ്വീകരിക്കാന്‍ പറ്റുമോ ?. അച്ചടക്ക നടപടിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടുള്ള എംഎം മണിയുടെ മറുപടി ഇങ്ങനെ ശാന്തമായിരുന്നു. എന്നാല്‍ ചോദ്യം സഹോദരന്‍ ലംബോധരന്റെ കൈയേറ്റത്തെപ്പറ്റിയായപ്പോള്‍ മണിയാശാന്‍ വീണ്ടും തനി നാടനായി... 'എനിക്കിട്ട് ഒലത്താന്‍ വേണ്ടി ലംബോദരന്റെ കാര്യം പറഞ്ഞോണ്ടിരിക്കുവാ'

എനിക്കിട്ട് ഒലത്താന്‍ വേണ്ടി പറഞ്ഞോണ്ടിരിക്കുവാ : ചോദ്യം ലംബോധരനെക്കുറിച്ചാണോ, മണിയാശാന്റെ നാവില്‍ നാടന്‍ ഭാഷയെത്തും

പതിഞ്ഞ ശബ്ദത്തില്‍ മണിയാശാന്‍ പറഞ്ഞു തുടങ്ങി - 'എന്റെ പ്രസംഗം കുറേ വിവാദങ്ങള്‍ക്ക് ഇടയാക്കി, പതിനേഴ് മിനുട്ട് 21 സെക്കന്റ് നീളുന്ന ആ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നും പറഞ്ഞതായി പാര്‍ട്ടി വിലയിരുത്തിയിട്ടില്ല. പക്ഷെ എന്റെ പ്രസംഗം വിവാദം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എന്നെ പാര്‍ട്ടി ശാസിച്ചത്. ഞാനത് അംഗീകരിക്കുന്നു, ശരിയാ വിവാദം ഉണ്ടായി. ഞാന്‍ മന്ത്രിയാണ് സെക്രട്ടേറിയറ്റ് മെമ്പറാണ് അതുകൊണ്ടാണ് ശാസിച്ചത്. വിവാദം സൃഷ്ടിക്കാന്‍ ഞാനൊരു കാരണമായല്ലോ, ഞാനത് ഉള്‍ക്കൊള്ളുന്നു.' ഇങ്ങനെ തുടങ്ങിയ വാക്കുകളില്‍ മണിയാശാന്‍ വളരെ ശാന്തനും സൗമ്യനുമായാണ് സംസാരിക്കുന്നത്. നാടന്‍ഭാഷ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശൈലിയും കാര്യമായി അതിലില്ല.

എനിക്ക് നാടന്‍ ഭാഷ, നാടന്‍ രീതി, മലയോരപ്രദേശത്തെ ഇവിടത്തെ ഭാഷ... അത് വല്യ മോശമാണെന്നൊന്നും അഭിപ്രായമില്ല.. മണിയാശാന്‍ സൗമ്യനായി, പുഞ്ചിരിയോടെ തുടരുന്നു.

എന്നാല്‍ ചോദ്യങ്ങള്‍ അടുത്തഘട്ടത്തിലേക്ക് കടന്നപ്പോള്‍ നാടന്‍ ഭാഷയില്‍ സരസവും എന്നാല്‍ ഷാര്‍പ്പായും തുടങ്ങി മറുപടികള്‍. ചോദ്യം ലംബോദരന്റെ ഭൂമിയെക്കുറിച്ച്

' അവന് കുറേ ഭൂമിയുണ്ടെങ്കില്‍, അതിന് പ്രശ്നങ്ങളുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കാതെ പറയുന്നതിന് ... പറഞ്ഞിട്ട് കാര്യമുണ്ടോ. അവന്‍ ഭൂമി കൈവശം വച്ചിട്ടുണ്ടേല്‍ നിയമം ശക്തിയായി പ്രതികരിക്കട്ടെ'

വീണ്ടും ചോദ്യം ആവര്‍ത്തിക്കാന്‍ തുടങ്ങുന്നതിനിടെ മറുപടി-

'അല്ലാണ്ട് എനിക്കിട്ട് ഒലത്താന്‍ വേണ്ടീട്ട് ലംബോദരന്റെ കാര്യം പറഞ്ഞോണ്ട് വരണ്ടാ. ലംബോദരന്‍ വേറെയാ.. അനിയനാണെങ്കിലും അയാക്ക് സ്വന്തമായി ജീവിതവും ഏര്‍പ്പാടും കൃഷിയും ഒക്കെയുണ്ട്. വളക്കച്ചോടവുമൊക്കെയുണ്ട്. നമ്മുടെ കയ്യേറ്റം ഏതാ. പൊതുപ്രവര്‍ത്തനം... ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക... എന്നെയൊന്നും ആര്‍ക്കും ഇരുത്താന്‍ പറ്റില്ല, ഇത് കൊണ്ടുവരുന്തോറും തിളച്ചുകൊണ്ടിരിക്കും എന്റെ യശസ്'.. മണിയാശാന്‍ പറയുന്നു...