ശൈലിമാറ്റില്ലെന്ന് ആവര്‍ത്തിച്ച് എംഎം മണി; മണിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന്

എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന് മൂന്നാറിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എംകെ മുനീറും പങ്കെടുക്കും. എന്നാൽ പെമ്പിളൈ ഒരുമൈ സമരപ്പന്തൽ സന്ദർശിക്കാണോ എന്ന് തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് നേതാക്കളുമായി ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനമെടുക്കുക.

ശൈലിമാറ്റില്ലെന്ന്  ആവര്‍ത്തിച്ച്  എംഎം മണി; മണിയുടെ രാജി ആവശ്യപ്പെട്ട്  യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന്

ശൈലിമാറ്റില്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി എംഎം മണി. ശൈലി മാറ്റിയാല്‍ താന്‍ തന്നെ മാറിപ്പോകുമെന്നും മണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായി പാര്‍ട്ടി വിലയിരുത്തിയിട്ടില്ല. എന്നാൽ തന്റെ പ്രസംഗം വിവാദമുണ്ടാകാനിടയാക്കി എന്ന കാരണത്തിനാണ് സിപിഐഎം സംസ്ഥാന സമിതിയുടെ ശിക്ഷാനടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ തനിക്ക് ക്ലാസെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം, മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ടുള്ള യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന് മൂന്നാറില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എംകെ മുനീറും പങ്കെടുക്കും.വൈകീട്ട് മൂന്നിന് മൂന്നാര്‍ ടൗണിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു.

എന്നാൽ യുഡിഎഫ് നേതാക്കൾ പെമ്പിളൈ ഒരുമൈ സമരപ്പന്തൽ സന്ദർശിക്കാണോ എന്ന് തീരുമാനമെടുത്തിട്ടില്ല. ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പിന്തുണ വേണ്ടെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ​ഗോമതി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച് പ്രാദേശിക നേതാക്കളുമായി ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനമെടുക്കുക എന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം, മൂന്നാറിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പെമ്പിളൈ ഒരുമൈ സമരപ്പന്തലിലെത്തിയിരുന്നു. മണിയ്‌ക്കെതിരെ യുഡിഎഫും കോണ്‍ഗ്രസും ഒറ്റയ്ക്ക് സമരം നടത്തിയാല്‍ മതിയെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.