വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം; ചെന്നിത്തലയുടെ പരിഹാസത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എം എം മണി

ഇന്നലെ ഹരിപ്പാട്ട് കോണ്‍ഗ്രസ് പരിപാടിയിലാണ് വൈദ്യുതി മന്ത്രി എം എം മണിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയിലും എഴുതാന്‍ അറിയാത്ത ആളാണ് മണിയെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. എന്നാല്‍ വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാമെന്നായിരുന്നു പ്രതിപക്ഷ നേതാവിനുള്ള മണിയുടെ മറുപടി.

വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം; ചെന്നിത്തലയുടെ പരിഹാസത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എം എം മണി

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് ചുട്ട മറുപടിയുമായി മന്ത്രി എം എം മണി. വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാമെന്നും എം എം മണി പറഞ്ഞു. വിദ്യുച്ഛക്തി എന്ന് ഏതെങ്കിലും ഒരു ഭാഷയിലെങ്കിലും എഴുതാനറിയാമെങ്കില്‍ അദ്ദേഹത്തെ അംഗീകരിക്കാമെന്നായിരുന്നു ഇന്നലെ ഹരിപ്പാട്ടെ കോണ്‍ഗ്രസ് യോഗത്തിലെ രമേശ് ചെന്നിത്തലയുടെ പരാമര്‍ശം.

മറ്റു പലരേയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും ഇല്ലെങ്കിലും നല്ല നിലയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ആര്‍ജ്ജവവും ഇച്ഛാശക്തിയും ഉണ്ട്. രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താന്‍ സാധിച്ചത് ഇടതുപക്ഷ സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്‌നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യമെന്ന് ചെന്നിത്തലയ്ക്ക് മറുപടി പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ എം എം മണി വ്യക്തമാക്കി.

മണിക്ക് വിദ്യുച്ഛക്തിയെന്ന് എഴുതാന്‍ പോലും അറിയില്ലെന്നും എഴുതാനറിയാമെങ്കില്‍ മണിയെ അംഗീകരിക്കാമെന്നുമുള്ള ചെന്നിത്തലയുടെ പ്രസംഗത്തെ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ നവമാദ്ധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് ചെന്നിത്തലയ്ക്കു മറുപടിയുമായി എം എം മണിയെത്തിയത്.

എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'വിദ്യുച്ഛക്തി 'എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം. മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും ഇല്ലെങ്കിലും നല്ല നിലയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ആര്‍ജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയും ഉണ്ട്. കടുത്ത വേനലില്‍ ഡാമുകള്‍ വറ്റിവരണ്ടപ്പോള്‍ പവര്‍കട്ടും ലോഡ്‌ഷെഡിങും ഇല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കുന്നതും, എല്ലാ കാര്‍ഷിക വിളകള്‍ക്കും സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സാധിക്കുന്നതും, രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താന്‍ സാധിച്ചതും ഇടതുപക്ഷ സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. ഈ കാലയളവില്‍ വൈദ്യുതി വകുപ്പുമന്ത്രിയായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്‌നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.

അതേ സമയം സമ്പൂർണ വൈദ്യുതീകരണത്തോടൊപ്പം ഗുണമേന്മയുള്ള ലഭ്യത ഉറപ്പു വരുത്താനുള്ള ഇടപെടലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 87.98 മെഗാവാട്ട് വൈദ്യുതോത്പാദനം വർദ്ധിപ്പിച്ചെങ്കിൽ ഈ സർക്കാരിന്റെ കാലത്ത് ഒരു വർഷത്തിനുള്ളിൽ 62.62 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതികളാണ് കമ്മിഷൻ ചെയ്തതതെന്നും അദ്ദേഹം വ്യക്തമാക്കി.

3.60 മെഗാവാട്ടിന്റെ വെള്ളത്തൂവൽ ജലവൈദ്യുത പദ്ധതിയും 2.69 മെഗാവാട്ടിന്റെ സൗരോർജ പദ്ധതിയും അധികമായി ഉത്പാദിപ്പിച്ചു തുടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന പതങ്കയം, കാരിക്കയം പദ്ധതികൾ കമ്മിഷനിങ്ങിനായി തയ്യാറാകുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നാല് നദീതടങ്ങളിൽ ചെറുകിട ജലവൈദ്യുത പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

വൈദ്യുതിയുടെ ഗുണമേന്മ ഉറപ്പു വരുത്താൻ ട്രാൻസ്ഗ്രിഡ് 2.0 എന്ന പേരിൽ സമഗ്ര പരിപാടിയ്ക്ക് തുടക്കം കുറിച്ചതായും പതിനായിരം കോടി രൂപ ചെലവ് വരുന്ന പദ്ധതിയ്ക്ക് 5200 കോടി രൂപയുടെ കിഫ്ബി ധനസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.