'10 ലക്ഷം തിരികെക്കൊടുക്കുന്നത് ചെന്നിത്തലയുടെ സഹായം കൊണ്ടാകും' ; ജിഷ്ണുവിന്റെ കുടുംബത്തിനെതിരേ വീണ്ടും എംഎം മണി

ജിഷ്ണു കേസില്‍ നീതി ലഭിക്കാതെ വന്നാല്‍ പണം മടക്കി നല്‍കുമെന്ന് അച്ഛന്‍ അശോകന്‍ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് എംഎം മണി രംഗത്തുവന്നിരിക്കുന്നത്.

10 ലക്ഷം തിരികെക്കൊടുക്കുന്നത് ചെന്നിത്തലയുടെ സഹായം കൊണ്ടാകും ; ജിഷ്ണുവിന്റെ കുടുംബത്തിനെതിരേ വീണ്ടും എംഎം മണി

ജിഷ്ണുവിന്റെ കുടുംബത്തെ പരിഹസിച്ച് വീണ്ടും എംഎം മണി. സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ ജിഷ്ണുവിന്റെ പിതാവ് തിരികെ തരുന്നത് രമേശ് ചെന്നിത്തലയുടെ സഹായം കൊണ്ടാകുമെന്ന് എംഎം മണി പറഞ്ഞു. ജിഷ്ണു കേസില്‍ നീതി ലഭിക്കാതെ വന്നാല്‍ പണം മടക്കി നല്‍കുമെന്ന് അച്ഛന്‍ അശോകന്‍ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് എംഎം മണി രംഗത്തുവന്നിരിക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കവെയായിരുന്നു മണിയുടെ അധിക്ഷേപം.

നേരത്തെയും കടുത്ത ഭാഷയില്‍ മണി ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ പ്രതികരിച്ചിരുന്നു. യുഡിഎഫിന്റേയും ബിജെപിയുടേയും കയ്യിലാണ് മഹിജയെന്നും മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ കതകടച്ചാല്‍ അത് അപമാനമാകുമെന്നും എംഎം മണി പറഞ്ഞിരുന്നു. പ്രതികളെ പിടിച്ച ശേഷം മാത്രം വീട്ടിലേക്ക് വന്നാല്‍ മതിയെന്നാണ് മഹിജ പറഞ്ഞിട്ടുള്ളത്. ഈ സ്ഥിതിയില്‍ മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ കതകടച്ചാല്‍ അത് വേറെ പണിയാകും. കതക് അടച്ചിട്ടിട്ട് കാണേണ്ടെന്ന് പറഞ്ഞാല്‍ അത് അപമാനമാകുമെന്നും മണി പറഞ്ഞിരുന്നു.

പൊലീസ് ആസ്ഥാനത്തെ സംഘര്‍ഷത്തില്‍ ജിഷ്ണുവിന്റെ കുടുംബത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. മഹിജ ആര്‍എസ്എസിന്റെയും ബിജെപിയുടെയും യുഡിഎഫിന്റെയും കൈകളിലാണെന്നും നേരത്തെ മണി ആരോപിച്ചിരുന്നു. മഹിജക്കെതിരായ അക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും എംഎം മണിയുടെ വിവാദ പ്രസ്താവന.


Story by