തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസ് തകര്‍ത്തു; പിന്നിൽ സിപിഎെഎമ്മാണെന്നു ബിജെപി: അക്രമം വാടക തർക്കത്തിന്റെ പേരിലെന്ന് പൊലീസ്

നീറമണ്‍കര എന്‍എസ്എസ് കോളേജ് റോഡിലെ എംഎല്‍എ ഓഫീസാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികള്‍ അടിച്ചു തകര്‍ത്തത്. അക്രമത്തിനു പിന്നില്‍ സിപിഐഎം ആണെന്നു ബിജെപി നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്...

തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസ് തകര്‍ത്തു; പിന്നിൽ സിപിഎെഎമ്മാണെന്നു ബിജെപി: അക്രമം വാടക തർക്കത്തിന്റെ  പേരിലെന്ന് പൊലീസ്

തലസ്ഥാന നഗരിയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി നേമം എംഎല്‍എ ഒ രാജഗോപാലിന്റെ ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ത്തു. ബിജെപി ഓഫീസും തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. കുറച്ചുദിവസങ്ങളായി തലസ്ഥാനത്ത് സിപിഐഎം- ബിജെപി സംഘര്‍ഷം നിലനില്‍ക്കുകയാണ്.

നീറമണ്‍കര എന്‍എസ്എസ് കോളേജ് റോഡിലെ എംഎല്‍എ ഓഫീസാണ് കഴിഞ്ഞദിവസം രാത്രി അക്രമികള്‍ അടിച്ചു തകര്‍ത്തത്. അക്രമത്തിനു പിന്നില്‍ സിപിഐഎം ആണെന്നു ബിജെപി നേതാക്കള്‍ ആരോപിച്ചു. അക്രമിക്കപ്പെട്ട ഓഫീസ് ഇന്നുരാവിലെ എംഎല്‍എയായ ഒ രാജഗോപാല്‍ സന്ദര്‍ശിച്ചു.


എന്നാല്‍ സംഭവത്തിന് കാരണം വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് കരമന പോലീസ് പറയുന്നത്. എംഎല്‍എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളുമായുള്ള വാടക തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു. രാത്രി 12 മണിവരെ പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിലുണ്ടായിരുന്നുവെന്നും അവര്‍ പപോയതിനു ശേഷമാണ് ഒരു സംഘം ആള്‍ക്കാര്‍ എത്തി ഓഫീസ് തകര്‍ത്തതെന്നും പൊലീസ് പറഞ്ഞു.

ആക്രമണത്തില്‍ ഒ രാജഗോപാലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറിയുടെ ജനലുകളും ബോര്‍ഡുകളും തകര്‍ന്നിട്ടുണ്ട്. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.

കഴിഞ്ഞദിവസം പ്രദേശത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ബൈക്കുകള്‍ കത്തിച്ചിരുന്നു. ഇതിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നു സിപിഐഎം ആരോപിച്ചിരുന്നു. അതിന്റെ പ്രതികാരമാണ് എംഎല്‍എ ഓഫീസും ബിജെപി ഓഫീസും ആക്രമിക്കപ്പെട്ടതിനു പിന്നിലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

അതേസമയം, ബിജെപിയുടെ ആരോപണം സിപിഐഎം ജില്ലാ ഘടകം തള്ളി. തന്റെ ഓഫീസ് സിപിഐഎം ആക്രമിച്ചുവെന്നുള്ള ഒ രാജഗോപാല്‍ എംഎല്‍എയുടെ പ്രസ്താവന അസത്യവും വസ്തുതയ്ക്കു നിരക്കാത്തതുമാണെന്ന് ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

ഒ രാജഗോപാലിന്‍റെ ഓഫീസിനു മുകളില്‍ താമസിക്കുന്ന മലയിന്‍കീഴ് സ്വദേശിയും തിരുവല്ലം സ്കൂള്‍ അധ്യാപകനുമായ അനില്‍, മലയിന്‍കീഴുള്ള ബ്ലേഡ് മാഫിയില്‍നിന്നും വീട് വയ്ക്കുന്നതിനായി പണം കടം വാങ്ങിയിരുന്നു. ഇന്നലെ പണം തിരികെ വാങ്ങുന്നതിനായി ഒരു സംഘമാളുകള്‍ എത്തുകയും അവര്‍ അനിലിന്‍റെ വീട് ആക്രമിക്കുകയുമായിരുന്നു. അക്രമണം നടന്ന കെട്ടിടത്തിലെ ഒന്നാംനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒ രാജഗോപാലിന്‍റെ ഓഫീസിലേക്കും ബോര്‍ഡിലേക്കും കല്ലുകള്‍ പതിക്കുകയായിരുന്നു.

വസ്തുതകള്‍ ഇതാണെന്നിരിക്കെ തന്‍റെ ഓഫീസ് സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നുള്ള പ്രസ്താവന സത്യത്തിനു നിരക്കാത്തതും പ്രദേശത്ത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാനും സംസ്ഥാനമാകെ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും കാരണമാകുന്നതുമാണ്. നഗരത്തില്‍ അക്രമണം നടത്തുന്ന ക്രിമിനലുകളാകെ എംഎല്‍എ ഹോസ്റ്റലിലെ രാജഗോപാലിന്‍റെ ഓഫീസില്‍ തമ്പടിക്കുകയാണെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു.