പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പരസ്യപ്പെടുത്തി മിഷണറീസ് ഓഫ് ജീസസിന്റെ പ്രതികാരം

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ പങ്ക് അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷന്‍റെ പ്രാഥമിക കണ്ടെത്തല്‍ പ്രസിദ്ധീകരിക്കാനായി നല്‍കിയ വാര്‍ത്താ കുറിപ്പിലാണ് ചിത്രവും നല്‍കിയത്.

പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പരസ്യപ്പെടുത്തി മിഷണറീസ് ഓഫ് ജീസസിന്റെ പ്രതികാരം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്തു വിട്ട് മിഷനറീസ് ഓഫ് ജീസസിന്റെ പ്രതികാരം. തിരിച്ചറിയും വിധം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദി ആയിരിക്കില്ല എന്ന അറിയിപ്പോടെയാണ് മിഷണറീസ് ഓഫ് ജീസസിന്‍റെ വാര്‍ത്താക്കുറിപ്പിനൊപ്പം ചിത്രവും മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ലെെംഗീക പീഡന പരാതികള്‍ നല്‍കുന്നവരെ തിരിച്ചറിയുന്ന തരത്തില്‍ ഒരു വിവരവും പുറത്തു വിടരുതെന്നാണ് രാജ്യത്തെ കര്‍ശനമായ നിയമം. ഒരു കാരണവശാലും ഇരയുടെ പേരോ ചിത്രമോ ഒന്നും നല്‍കാനാവില്ല. ഈ നിയമത്തെ വെല്ലുവിളിച്ചാണ് മിഷറീസ് ഓഫ് ജീസസിന്‍റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ പങ്ക് അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷന്‍റെ പ്രാഥമിക കണ്ടെത്തല്‍ പ്രസിദ്ധീകരിക്കാനായി നല്‍കിയ വാര്‍ത്താ കുറിപ്പിലാണ് ചിത്രവും നല്‍കിയത്.

കന്യാസ്ത്രീകള്‍ക്കെതിരായാണ് അന്വേഷണ കമ്മീഷന്‍റെ കണ്ടത്തലുകള്‍. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്നും സഭയുമായി ബന്ധമില്ലാത്ത നാലു പേരുടെ സഹായം അവര്‍ക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്നാണ് മിഷണറീസ് ഓഫ് ജീസസിന്‍റെ ആരോപണം. യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ നീക്കം നടത്തുന്നത്. പീഡിപ്പിച്ച ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തില്‍ ഉണ്ടായിരുന്നില്ല എന്നതിന് തെളിവുകളുണ്ടെന്നും ഈ തെളിവുകള്‍ അന്വേഷണ സംഘത്തിന് കമ്മീഷന്‍ കൈമാറുമെന്നും മിഷണറീസ് ഓഫ് ജീസസിന്റെ അന്വേഷണ കമ്മീഷന്‍ പറയുന്നു.

മഠത്തിലെ രജിസ്റ്ററില്‍ തെറ്റായ കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തതാണ്. കന്യാസ്ത്രീയുടെ സുഹൃത്തായ മറ്റൊരു കന്യാസ്ത്രീയാണ് ഇത് എഴുതിചേര്‍ത്തത്. മഠത്തിലെ സിസിടിവി യുടെ കണ്‍ട്രോള്‍ കന്യാസ്ത്രീകള്‍ സ്വന്തം നിയന്ത്രണത്തിലാക്കിയെന്നാണ് അന്വേഷണ കമ്മീഷന്‍റെ മറ്റൊരു വാദം. തുടക്കം മുതൽ തന്നെ പരാതിക്കാരിയായ കന്യാസ്ത്രീക്ക് എതിരായ സമീപനമാണ് മിഷണറീസ് ഓഫ് ജീസസ് സ്വീകരിച്ചുവരുന്നത്.


Read More >>