അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവം; അന്വേഷണം ക്ഷേത്ര ജീവനക്കാരിലേക്ക്

തിരുവാഭരണം നഷ്ടപ്പെട്ടതിനു ശേഷം രണ്ട് വട്ടം കാണിക്ക തുറന്നിരുന്നുവെങ്കിലും അപ്പോഴൊന്നും ഇവ കിട്ടിയിരുന്നില്ല. ശ്രീകോവിലിന് മുമ്പിലടക്കം നിരവധി കാണിക്കകളുണ്ടെങ്കിലും കാമറയില്ലാത്ത ഭാഗത്തെ കാണിക്കവഞ്ചികളില്‍ പതക്കം ഉപേക്ഷിച്ചത് പോലീസ് ഗൗരവമായാണ് കാണുന്നത്. ഇതാണ് ക്ഷേത്രജീവനക്കാരിലേക്ക് പൊലീസിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്...

അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവം; അന്വേഷണം ക്ഷേത്ര ജീവനക്കാരിലേക്ക്

ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തില്‍ അന്വേഷണം ക്ഷേത്ര ജീവനക്കാരിലേക്കു കേന്ദ്രീകരിച്ചു പൊലീസ്. ഇതിന്റെ ഭാഗമായി നാലു ജീവനക്കാരെ അന്വേഷണസംഘം ഉടന്‍ ചോദ്യംചെയ്യുമെന്നാണ് സൂചന. ഒരു മാസം മുമ്പ് കാണാതായ തിരുവാഭരണങ്ങള്‍ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ തന്നെ കാണിക്ക വഞ്ചികളില്‍ നിന്നും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം കാണിക്കവഞ്ചി എണ്ണുമ്പോഴാണ് കാണിക്ക വഞ്ചിയില്‍ നിന്നും കാണാതായ തിരുവാഭരണം ലഭിച്ചത്. കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു അവ കാണിക്ക വഞ്ചിയില്‍ നിക്ഷേപിച്ചിരുന്നത്. പതക്കവും മാലയും വേര്‍പെടുത്തിയ ശേഷം ഗുരുവായൂരപ്പന്റെ നടയിലേയും ഗണപതി നടയിലെയും കാണിക്കയില്‍ നിക്ഷേപിച്ച നിലയിലാണ് കണ്ടെത്തിയത്.

തിരുവാഭരണ മോഷണം സംബന്ധിച്ചുള്ള അന്വേഷണം മുറുകിയപ്പോള്‍ പിടിയിലാകുമെന്നുറപ്പായതോടെ പതക്കം കാണിക്കയിലുപേക്ഷിച്ച് കള്ളന്‍ രക്ഷപ്പെട്ടുവെന്നാണ് പൊലീസ് കരുതുന്നത്. തിരുവാഭരണം നഷ്ടപ്പെട്ടതിനു ശേഷം രണ്ട് വട്ടം കാണിക്ക തുറന്നിരുന്നുവെങ്കിലും അപ്പോഴൊന്നും ഇവ കിട്ടിയിരുന്നില്ല. ശ്രീകോവിലിന് മുമ്പിലടക്കം നിരവധി കാണിക്കകളുണ്ടെങ്കിലും കാമറയില്ലാത്ത ഭാഗത്തെ കാണിക്കവഞ്ചികളില്‍ പതക്കം ഉപേക്ഷിച്ചത് പോലീസ് ഗൗരവമായാണ് കാണുന്നത്. ഇതാണ് ക്ഷേത്രജീവനക്കാരിലേക്ക് പൊലീസിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്.

തിരുവാഭരണം കാണാതായതിനെ തുടര്‍ന്നു മേല്‍ശാന്തിമാരടക്കം ഇരുപതിലേറെപ്പേരെ പല ഘട്ടങ്ങളിലായി ചോദ്യംചെയ്തിരുന്നു. ക്ഷേത്രത്തിലെ തൂപ്പുജോലിക്കാരടക്കം അമ്പതോളം പേരുടെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ജില്ലാപോലീസ് മേധാവി വി.എം.മുഹമ്മദ് റഫീക്കിന്റെ സാന്നിധ്യത്തില്‍ പ്രത്യേക അന്വേഷണസംഘം അവലോകനയോഗം ചേര്‍ന്നിരുന്നു. പ്രതികള്‍ ക്ഷേത്രത്തിനുള്ളിലുള്ളവര്‍ തന്നെയെനന്നാണ് പൊലീസ് കരുതുന്നത്.

വിഷു ആഘോഷ സമയത്ത് തിരുവാഭരണം പുറത്തെടുത്ത് തിരിച്ച് വെക്കുന്ന സമയത്താണ് തിരുവാഭരണത്തിലെ ഒരു ഭാഗം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ഏകദേശം പന്ത്രണ്ട് പവനോളം തൂക്കമുള്ളതാണ് തിരുവാഭരണം.