മിഷേലിന്റെ മരണം: പൊലീസ് വാദം തള്ളി ബന്ധുക്കള്‍; മകളുടേത് ആത്മഹത്യയല്ല; അറസ്റ്റിലായ ക്രോണിന്‍ ബന്ധുവുമല്ല

മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത വാദഗതികള്‍ നിരത്തി കേസ് ഫയല്‍ ക്ലോസ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മിഷേലിന്റെ ബന്ധുക്കള്‍ ആരോപിച്ചു. കേസിന്റെ തുടക്കം മുതല്‍ പൊലീസിന്റെ ഭാഗത്തുനിന്നും നിസ്സഹരണം മാത്രമാണ് തങ്ങള്‍ക്കുണ്ടായിട്ടുള്ളതെന്നും പിതാവ് ഷാജി വര്‍ഗീസ് ആരോപിച്ചു. ക്രോണിന്റെ ശല്യം മൂലം മിഷേലിന് മാനസിക സംഘര്‍ഷമുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണ് പൊലീസിന്റെ ശ്രമം. എന്നാല്‍ കുട്ടിക്ക് യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കുന്നു. കുട്ടിയെ കാണാതായി ആറുദിവസം യാതൊരു അന്വേഷണവും നടത്താത്ത പൊലീസാണ് ഇപ്പോള്‍ മുന്‍വിധിയോടെ മകളുടെ മരണം ആത്മഹത്യയാണെന്നു ആവര്‍ത്തിക്കുന്നത്- പിതാവ് ചൂണ്ടിക്കാട്ടുന്നു

മിഷേലിന്റെ മരണം: പൊലീസ് വാദം തള്ളി ബന്ധുക്കള്‍; മകളുടേത് ആത്മഹത്യയല്ല; അറസ്റ്റിലായ ക്രോണിന്‍ ബന്ധുവുമല്ല

കൊച്ചി കായലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് വാദം തള്ളി ബന്ധുക്കള്‍. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത വാദഗതികള്‍ നിരത്തി കേസ് ഫയല്‍ ക്ലോസ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മിഷേലിന്റെ ബന്ധുക്കള്‍ ആരോപിച്ചു. കേസിന്റെ തുടക്കം മുതല്‍ പൊലീസിന്റെ ഭാഗത്തുനിന്നും നിസ്സഹരണം മാത്രമാണ് തങ്ങള്‍ക്കുണ്ടായിട്ടുള്ളതെന്നും പിതാവ് ഷാജി വര്‍ഗീസ് ആരോപിച്ചു.

പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പിതാവ് ഉന്നയിക്കുന്നത്. പൊലീസ് ആദ്യം മുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ചെലപ്പോള്‍ തന്റെ മകളുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.ഇപ്പോള്‍ അറസ്റ്റിലായ ക്രോണിന്‍ തങ്ങളുടെ ബന്ധുവാണെന്നു വരുത്തിത്തീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാല്‍ ഇവരുടെ കുടുംബവുമായി തങ്ങള്‍ക്കു പരിചയം കുറയായിരുന്നു. ക്രോണിന്റെ കുടുംബവുമായി ബന്ധമുണ്ടെന്നുള്ള മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ട അറിവേയുള്ളൂവെന്നും മിഷേലിന്റെ പിതാവ് പറഞ്ഞു.

ക്രോണിന്റെ ശല്യം മൂലം മിഷേലിന് മാനസിക സംഘര്‍ഷമുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണ് പൊലീസിന്റെ ശ്രമം. എന്നാല്‍ കുട്ടിക്ക് യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കുന്നു. കുട്ടിയെ കാണാതായി ആറുദിവസം യാതൊരു അന്വേഷണവും നടത്താത്ത പൊലീസാണ് ഇപ്പോള്‍ മുന്‍വിധിയോടെ മകളുടെ മരണം ആത്മഹത്യയാണെന്നു ആവര്‍ത്തിക്കുന്നത്. വെറും ഒരു ദിവസം കൊണ്ട് കാരണം കണ്ടെത്തി കേസ് തീര്‍ക്കാനുള്ള വ്യഗ്രതയിലാണ് പൊലീസ്. പൊലീസിന്റെ ഈ അനാവശ്യ തിടുക്കത്തെ കുറിച്ചും അന്വേഷണം നടത്തണം.

കുട്ടിയെ കാണാതായെന്നറിഞ്ഞ തങ്ങള്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ചെന്നപ്പോള്‍ കടുത്ത അവഗണനയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. 18 വയസ്സുള്ള പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നതെന്നും മൊബൈല്‍ കൈവശമുള്ളതിനാല്‍ ടവര്‍ ലൊക്കേറ്റ് ചെയ്താല്‍ കണ്ടെത്താന്‍ സാധിക്കുമോയെന്നും താന്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ആരാഞ്ഞപ്പോള്‍ തികച്ചും നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്നും പിതാവ് ചൂണ്ടിക്കാട്ടുന്നു. എസ്‌ഐ രാവിലെ 8.30നേ എത്തുകയുള്ളൂവെന്നും അദ്ദേഹത്തിനുമാത്രമാണ് സിസ്റ്റത്തിന്റെ പാസ് വേര്‍ഡ് അറിയൂവെന്നും പിറ്റേദിവസം വരാനുമായിരുന്നു അവരുടെ നിര്‍ദേശമെന്നും പിതാവ് പറയുന്നു.

എന്നാല്‍ പിറ്റേന്നും പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവം അന്വേഷിക്കുന്നുണ്ടെന്നുള്ള മറുപടി മാത്രമാണു ലഭിച്ചത്. വൈകീട്ട് അഞ്ചോടെ കായലില്‍ മൃതദേഹം ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് പിന്നീട് പൊലീസ് ബന്ധുക്കളെ വിളിക്കുന്നത്. ഇത്തരത്തില്‍ തികഞ്ഞ അലംഭാവമാണ് പൊലീസ് ഇക്കാര്യത്തില്‍ കാണിച്ചതെന്നും മകളുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

Read More >>