സര്‍ക്കാരുകളെ പിടിച്ചുകുലുക്കിയ ലൈംഗികാരോപണങ്ങള്‍; പി ടി ചാക്കോ മുതല്‍ എ കെ ശശീന്ദ്രന്‍ വരെ

പി ടി ചാക്കോ, നീലലോഹിതദാസ് നാടാര്‍, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് എന്നിവരാണ് ലൈഗികാരോപണങ്ങളെ തുടർന്ന് രാജിവച്ച മന്ത്രിമാര്‍. ഇതില്‍ പി ടി ചാക്കോയ്ക്കും എ കെ ശശീന്ദ്രനുമെതിരേ സ്ത്രീകളുടെ പരാതിയുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

സര്‍ക്കാരുകളെ പിടിച്ചുകുലുക്കിയ ലൈംഗികാരോപണങ്ങള്‍; പി ടി ചാക്കോ മുതല്‍ എ കെ ശശീന്ദ്രന്‍ വരെ

ലൈംഗികാരോപണത്തെ തുടര്‍ന്ന് പദവിയൊഴിയുന്ന മന്ത്രിമാരുടെ പട്ടികയില്‍ അങ്ങനെ എ കെ ശശീന്ദ്രനും ഇടംപിടിച്ചു. മന്ത്രിമാരായിരുന്ന പി ടി ചാക്കോ, നീലലോഹിതദാസ് നാടാര്‍, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് എന്നിവര്‍ക്കു പിന്നാലെയാണ് എ കെ ശശീന്ദ്രനും ലൈംഗികാരോപണത്തെത്തുടര്‍ന്ന് രാജിവച്ചത്. ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിവച്ച മന്ത്രിമാരില്‍ പി ടി ചാക്കോയ്ക്കും എ കെ ശശീന്ദ്രനുമെതിരേ പരാതിയുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കേരള സര്‍ക്കാരുകളെ പിടിച്ചുലച്ച ലൈംഗികാരോപണങ്ങളില്‍ ആദ്യത്തേത് പി ടി ചാക്കോയ്‌ക്കെതിരേയായിരുന്നു. തൃശൂര്‍ പീച്ചിയില്‍വച്ച് പി ടി ചാക്കോ യാത്ര ചെയ്തിരുന്ന കാറിന് അപകടം സംഭവിക്കുകയും ആ സമയത്ത് ഒരു സ്ത്രീ കാറില്‍ ഉണ്ടായിരുന്നുവെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. ഇതോടെ പി ടി ചാക്കോയുടെ രാഷ്ട്രീയ ഭാവി തന്നെ തകിടം മറിഞ്ഞു. 1962 ലെ പട്ടം താണുപിള്ള മന്ത്രിസഭയിലും തുടര്‍ന്നുവന്ന ആര്‍ ശങ്കര്‍ മന്ത്രിസഭയിലും മന്ത്രിയായിരുന്ന ചാക്കോയ്ക്ക് ഈ ആരോപണത്തില്‍ പക്ഷെ, കാലിടറി. 1964 ഫെബ്രുവരി 20ന് അദ്ദേഹം രാജിവച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കുകളുടെ മറ്റൊരു മുഖമാണ് പിന്നീട് കണ്ടത്. മന്ത്രിസ്ഥാനം രാജിവച്ച അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനവും അഭിഭാഷകവൃത്തിയുമായി മുന്നോട്ടുപോയി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിച്ചെങ്കിലും തോറ്റു. അധികം വൈകാതെ അദ്ദേഹം നിര്യാതനായി. മരണത്തിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികളെത്തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദയം.

1996 ലെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമായതും ലൈംഗിക അപവാദ കേസിലായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയെത്തുടര്‍ന്നാണ് നീലന്റെ മന്ത്രിസ്ഥാനം തെറിച്ചത്. പിന്നീട് ലൈംഗികാരോപണം നേരിട്ട് രാജിവച്ച മറ്റൊരു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ്. പീഡനത്തിനിരയായ സ്ത്രീ നേരിട്ട് ചാനലുകളില്‍ വന്ന് കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്ന് ആരോപിച്ചു. കുഞ്ഞാലിക്കുട്ടി അന്ന് വ്യവസായ മന്ത്രിയായിരുന്നു. യുവതിയുടെ വെളിപ്പെടുത്തലുകള്‍ പിന്നീട് പിന്‍വലിച്ചെങ്കിലും അന്ന് നടന്ന പ്രക്ഷോഭങ്ങളുടെ ഒടുവില്‍ കുഞ്ഞാലിക്കുട്ടിക്ക് അന്നത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍നിന്ന് പുറത്തുപോകേണ്ടിവന്നു. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി കെ.ടി.ജലീലിനോട് തോല്‍ക്കുകയും ചെയ്തു. കേസ് അട്ടിമറിച്ചതാണെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ റൗഫിന്റെയും അഭിഭാഷകരും വെളിപ്പെടുത്തുന്ന ഒളിക്യാമറ വാര്‍ത്ത വീണ്ടും പുറത്തുവന്നെങ്കിലും ആ വിവാദം കെട്ടടങ്ങി.

വി എസ് അച്യുതാന്ദന്‍ മന്ത്രിസഭയുടെ തുടക്കത്തിലാണ്. വിമാനത്തില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്ന സഹയാത്രക്കാരിയുടെ പരാതിയെത്തുടർന്ന് മന്ത്രിയായിരുന്ന പി.ജെ.ജോസഫ് രാജിവയ്ക്കുന്നത്. പിന്നീട് അദ്ദേഹം യുഡിഎഫില്‍ ചേരുകയും ചെയ്തു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പിന്നീട് സ്ത്രീകളുമായി ആരോപണങ്ങള്‍ വലിയ തോതില്‍ ഉയര്‍ന്നുവരുന്നത്. സാളാര്‍ കേസില്‍ സരിത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയാണ് പ്രധാനമായും ആരോപണമുന്നയിച്ചിരുന്നത്. മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎല്‍എ എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ക്കെതിരെയെല്ലാം സോളാര്‍ കേസില്‍ ആരോപണങ്ങളുയര്‍ന്നു. പക്ഷെ ആരും രാജിവച്ചില്ല. കെ.ബി.ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമാകുന്നതിന് പിന്നിലും ഇത്തരം ആരോപണങ്ങളും ഭാര്യ നല്‍കിയ പരാതിയുമുണ്ടായിരുന്നു. ജനതാദള്‍ എസ് നേതാവും എംഎല്‍എയുമായിരുന്ന ജോസ് തെറ്റയിലിനെതിരെയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയിരുന്നു.