അതിരപ്പള്ളിയും വിഴിഞ്ഞവും: വാർഷിക മേളം കഴിഞ്ഞപ്പോൾ ധാർഷ്ട്യം കടുപ്പിച്ച് മന്ത്രിമാർ

വിഴിഞ്ഞം കരാർ സംബന്ധിച്ച സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ മുന്നോട്ടുപോക്ക് അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ പദ്ധതി ഉപേക്ഷിക്കാൻ സാധിക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. വിവിധ വിമർശനങ്ങളുടേയും എതിർപ്പുകളുടേയും പശ്ചാത്തലത്തിൽ അതിരപ്പള്ളി പദ്ധതി നടപ്പാക്കാനാവില്ലെന്നു പറഞ്ഞിരുന്ന വൈദ്യുതി മന്ത്രി എം എം മണി, അതിനു നേരെ എതിർനിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

അതിരപ്പള്ളിയും വിഴിഞ്ഞവും: വാർഷിക മേളം കഴിഞ്ഞപ്പോൾ ധാർഷ്ട്യം കടുപ്പിച്ച് മന്ത്രിമാർ

അതിരപ്പള്ളിയിലും വിഴിഞ്ഞത്തും അയഞ്ഞ നിലപാട് വീണ്ടും മുറുക്കി സർ‌ക്കാർ. ഒന്നാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഇരു പദ്ധതികളിലും അരക്കെട്ടുറപ്പിച്ചത്. നേരത്തെ, അതിരപ്പള്ളിയുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്ന നിലപാടെടുത്തിരുന്ന സർക്കാർ പിന്നീട് ഇതിൽ നിന്നും പിന്നോട്ടുപോവുകയായിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഇരു വകുപ്പ് മന്ത്രിമാരും അതാതു പദ്ധതികൾ നടപ്പാക്കുമെന്നുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

വിഴിഞ്ഞം കരാർ സംബന്ധിച്ച സിഎജി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ പദ്ധതിയുടെ മുന്നോട്ടുപോക്ക് അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സാധിക്കില്ലെന്ന് വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. പദ്ധതിയുടെ തുടർനടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ചു ചെയ്യും. ജൂണ്‍ ഒന്നിന് ബർത്ത് പൈലിങ് ഉദ്ഘാടനം മുഖ്യമന്ത്രി നടത്തുമെന്നു പറഞ്ഞ മന്ത്രി, സിഎജി ചൂണ്ടിക്കാണിച്ച കാര്യങ്ങൾ നിയമപരമായി പരിശോധിക്കുമെന്നും വ്യക്തമാക്കി.

വിവിധ വിമർശനങ്ങളുടേയും ഭരണപക്ഷത്തുനിന്നുള്ള എതിർപ്പുകളുടേയും പശ്ചാത്തലത്തിൽ അതിരപ്പള്ളി പദ്ധതി നടപ്പാക്കാനാവില്ലെന്നു പറഞ്ഞിരുന്ന വൈദ്യുതി മന്ത്രി എം എം മണി ഇന്നു പറഞ്ഞത് പരിസ്ഥിതി അനുമതിയുടെ കാലാവധി ജൂലൈയിൽ തീരുന്ന സാഹചര്യത്തിൽ അതിനു മുമ്പായി സമവായം ഉണ്ടാക്കാൻ ശ്രമിക്കുമെന്നാണ്. ഇതു സംബന്ധിച്ചു വിപുലമായ സെമിനാറും സംവാദവും സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതിരപ്പള്ളി വെള്ളച്ചാട്ടം ഇന്നത്തെ രീതിയിൽ നിലനിൽക്കുന്നത് അതിനു മുകളിൽ ഡാം വന്നതു കൊണ്ടാണെന്ന കാര്യം മറന്നുകൊണ്ടാണു പലരും പദ്ധതിയെ എതിർക്കുന്നതെന്നാണ് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. പദ്ധതി നടപ്പാക്കണമെന്നാണു വൈദ്യുതി മന്ത്രിയെന്ന നിലയിൽ തന്റെ അഭിപ്രായമെന്നും എം എം മണി പറഞ്ഞു. പക്ഷേ എൽഡിഎഫിനുള്ളിലും പ്രതിപക്ഷത്തുമെല്ലാം പദ്ധതിയെ എതിർക്കുന്നവരുണ്ട്. അവരുടെ കൂടി പിന്തുണയില്ലാതെ പദ്ധതി നടപ്പാക്കാൻ സാധിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നു സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. നിർമാണ കാലാവധി 10 വർഷം കൂട്ടിനൽകിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29,217 ​കോടിയുടെ അധികവരുമാനം അദാനിക്കു കിട്ടുമെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. 20 വർഷം കൂടി വേണമെങ്കിൽ അധികം നൽകാവുന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട്, ഇങ്ങനെ ചെയ്താൽ അദാനി ​ഗ്രൂപ്പിനു 61,095 കോടിയുടെ അധികവരുമാനം കിട്ടുമെന്നും മുന്നറിയിപ്പു നൽകുന്നു.

മാത്രമല്ല, കരാർ കാലാവധി 40 വർഷമാക്കിയത് സംസ്ഥാന താൽപര്യം ഹനിക്കുന്നതാണ്. 283 കോടി രൂപ അദാനിക്ക് അധികമായി നൽകേണ്ടി വന്നു. ഇത് അദാനിക്ക് അധിക സാമ്പത്തിക നേട്ടമായെന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. വിഴിഞ്ഞം കരാറിനെതിരെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യൂതാനന്ദൻ രം​ഗത്തിയതിനു പിന്നാലെയായിരുന്നു സിഎജിയുടെ അതിപ്രധാനമായ റിപ്പോർട്ട് പുറത്തുവന്നത്.

പദ്ധതിയെക്കുറിച്ച് സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്നായിരുന്നു വിഎസിന്റെ ആവശ്യം. വിഴിഞ്ഞം പ​ദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ ഒപ്പിട്ട കരാർ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നും അതുമായി സർക്കാർ മുന്നോട്ടുപോവരുതെന്നും വിഎസ് നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

അതീവ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന കാരണത്താലാണ് അതിരപ്പള്ളി പദ്ധതിക്കെതിരെ ഭരണപക്ഷത്തെ സിപിഐ അടക്കമുള്ള ക​ക്ഷികൾ ആദ്യംമുതൽ തന്നെ രം​ഗത്തുവന്നത്. പ്രകടനപത്രികയില്‍ ഇല്ലാത്ത അതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് സിപിഐ. പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കം വൈദ്യുതബോര്‍ഡ് സജീവമാക്കിയതാേടെയാണ് പാര്‍ട്ടി നിലപാട് കടുപ്പിച്ചത്.

ജൂലൈ 16നു മുമ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടില്ലെങ്കില്‍ അനുമതി എന്നന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ആശങ്ക വൈദ്യുത ബോര്‍ഡിനുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പദ്ധതിയിൽ വീണ്ടും പിടുത്തമിടാൻ സർക്കാർ തീരുമാനിച്ചതെന്നാണ് വിലയിരുത്തൽ. സർക്കാർ ഒന്നാം വാർഷികം ആഘോഷിച്ച സാഹചര്യത്തിൽ ഇരു പദ്ധതികളും അഭിമാനപ്രശ്നമെന്ന നിലയിൽ അതുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നാണ് മന്ത്രിമാരുടെ പ്രസ്താവനകൾ വ്യക്തമാക്കുന്നത്.