പത്രപ്പരസ്യത്തെ ന്യായീകരിച്ച് മന്ത്രി കെ കെ ശൈലജ; പരസ്യം നൽകിയത് അന്വേഷണം ശരിയായ ​ദിശയിലെന്നു ജനത്തെ ബോധ്യപ്പെടുത്താൻ

ഡിജിപി ഓഫീസിനു മുന്നില്‍ മഹിജ സമരത്തിന് പോകേണ്ടിയിരുന്നില്ലെന്നും കേസില്‍ സര്‍ക്കാര്‍ നല്‍കിയ പിന്തുണയും സഹായവും അവര്‍ ഓര്‍ക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു.

പത്രപ്പരസ്യത്തെ ന്യായീകരിച്ച് മന്ത്രി കെ കെ ശൈലജ; പരസ്യം നൽകിയത് അന്വേഷണം ശരിയായ ​ദിശയിലെന്നു ജനത്തെ ബോധ്യപ്പെടുത്താൻ

തിരുവനന്തപുരം: ജിഷ്ണു കേസിലെ അന്വേഷണം സംബന്ധിച്ചും ഡിജിപി ഓഫീസിനു മുന്നിലെ പൊലീസ് നടപടിയെ അനുകൂലിച്ചും സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയതിനെ ന്യായീകരിച്ച് ആരോ​ഗ്യ മന്ത്രി കെ കെ ശൈലജ. ഡിജിപി ഓഫീസിനു മുന്നില്‍ മഹിജ സമരത്തിന് പോകേണ്ടിയിരുന്നില്ലെന്നും കേസില്‍ സര്‍ക്കാര്‍ നല്‍കിയ പിന്തുണയും സഹായവും അവര്‍ ഓര്‍ക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഭാഗം ന്യായീകരിക്കാനല്ല പത്രപരസ്യം നല്‍കിയത്. അന്വേഷണം ശരിയായ ദിശയിലൂടെയാണ് പോകുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ്. മഹിജയെ പൊലീസ് വലിച്ചിഴച്ചെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

ജിഷ്ണു കേസ്,പ്രചാരണമെന്ത്, സത്യമെന്ത്? എന്ന തലക്കെട്ടിലാണ് പിആര്‍ഡി പത്രപരസ്യം പ്രസിദ്ധീകരിച്ചത്. ജിഷ്ണു കേസില്‍ സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചാരണങ്ങളാണു നടന്നു കൊണ്ടിരിക്കുന്നതെന്നും ഒരു വിട്ടുവീഴിചയുമില്ലാതെ കൃത്യമായ നടപടികൾ എടുത്തു നീങ്ങുകയാണ് സര്‍ക്കാര്‍ എന്നുതാണ് സത്യമെന്നുമാണ് പരസ്യത്തിലൂടെ സർക്കാരിന്റെ വാദം. ഡിജിപി ഓഫീസിനു മുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് നുഴഞ്ഞുകയറിയ സംഘമാണെന്നും ജിഷ്ണുവിന്റെ അമ്മയെ നിലത്തിട്ടു വലിച്ചിഴച്ചു എന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും പത്രപരസ്യത്തില്‍ പറയുന്നു.

ഇങ്ങനെയൊന്നും നടന്നിട്ടില്ല. നടന്നതായുള്ള ദൃശ്യങ്ങള്‍ ഒരു മാധ്യമവും പ്രസിദ്ധീകരിച്ചിട്ടില്ല. നിലത്തിരിക്കുന്ന ജിഷ്ണുവിന്റെ അമ്മയെ പൊലീസുകാര്‍ കൈനീട്ടി എഴുന്നേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് മിക്ക ചാനലുകളും കാണിച്ചത്. റേഞ്ച് ഐജി നടത്തിയ അന്വേഷണത്തിലും പൊലീസ് അതിക്രമത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പരസ്യത്തിലുണ്ട്.