വിവാദപട്ടയങ്ങളുടെ നായകന്‍ രവീന്ദ്രന്‍ ബിജെപി വിട്ടു; രാജി നേതാക്കളുടെ അവഗണനയില്‍ പ്രതിഷേധിച്ച്

രവീന്ദ്രന്‍ പട്ടയത്തിന് സര്‍ക്കാര്‍ നിയമസാധുത നല്‍കുകയോ അസാധുവായി പ്രഖ്യാപിക്കുകയോ വേണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രവീന്ദ്രന്‍.

വിവാദപട്ടയങ്ങളുടെ നായകന്‍ രവീന്ദ്രന്‍ ബിജെപി വിട്ടു; രാജി നേതാക്കളുടെ അവഗണനയില്‍ പ്രതിഷേധിച്ച്

മൂന്നാറില്‍ വിവാദ പട്ടയങ്ങള്‍ വിതരണം ചെയ്ത എം ഐ രവീന്ദ്രന്‍ ബിജെപി വിട്ടു. ദേവികുളം മുന്‍ അഡീഷണല്‍ തഹസില്‍ദാരായിരുന്ന ഇദ്ദേഹം നല്‍കിയ പട്ടയങ്ങളാണ് വാര്‍ത്തകൡും വിവാദങ്ങളിലും ഇടംപിടിച്ച രവീന്ദ്രന്‍ പട്ടയങ്ങള്‍. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ബിജെപിയില്‍ അംഗമായ രവീന്ദ്രന്‍ സംസ്ഥാന കൗണ്‍സിലറായിരുന്നു.

മൂന്നാര്‍ കയ്യേറ്റത്തിനൊപ്പം രവീന്ദ്രന്‍ പട്ടയവും വീണ്ടും ചൂടേറിയ ചര്‍ച്ചയാകുന്നതിനിടെയാണ് രവീന്ദ്രന്‍ ബിജെപിയില്‍ നിന്ന് രാജിവച്ചത്. ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ നടന്ന കയ്യേറ്റമൊഴിപ്പിക്കല്‍ സംഘര്‍ഷഭരിതമായതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കേന്ദ്രഭക്ഷ്യസഹമന്ത്രി ചൗധരിയും മൂന്നാറിലെത്തിയിരുന്നു.ആ സമയത്തൊന്നും തന്നെ ക്ഷണിച്ചില്ല എന്നതാണ് രാജിക്ക് കാരണമായി രവീന്ദ്രന്‍ പറയുന്നത്. 'മൂന്നാറിലെ പട്ടയങ്ങളെക്കുറിച്ച് എല്ലാമറിയുന്ന തന്നെ, ഒഴിവാക്കി ബിജെപി നേതാക്കള്‍ നടത്തിയ സന്ദര്‍ശനം പ്രഹസനമായിരുന്നുവെന്നും രവീന്ദ്രന്‍ കുറ്റപ്പെടുത്തുന്നു. യഥാര്‍ത്ഥ കയ്യേറ്റങ്ങള്‍ താന്‍ കാണിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍ അതുണ്ടാകാത്തത് ഇടുക്കി നേതൃത്വത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് അദ്ദേഹം പറഞ്ഞു.

രവീന്ദ്രന്‍ പട്ടയത്തിന് സര്‍ക്കാര്‍ നിയമസാധുത നല്‍കുകയോ അസാധുവായി പ്രഖ്യാപിക്കുകയോ വേണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രവീന്ദ്രന്‍. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ദേവികുളം അഡീഷണല്‍ തഹസില്‍ദാരായിരുന്ന എംഐ രവീന്ദ്രന്‍, 9 വില്ലേജുകളിലായി 530 പട്ടയങ്ങളാണ് വിതരണം ചെയ്തിരുന്നത്. ദേവികുളം താലൂക്ക് കെഡിഎച്ച് വില്ലേജില്‍ 127 പട്ടയങ്ങള്‍ ഇതിലുള്‍പ്പെടും. അന്നത്തെ ജില്ലാ കലക്ടര്‍ വി ആര്‍ പദ്മനാഭന്‍ അധികാരം നല്‍കിയതനുസരിച്ചാണ് രവീന്ദ്രന്‍ പട്ടയം വിതരണം ചെയ്തത്. എന്നാല്‍ രവീന്ദ്രന് ചുമതല നല്‍കിയ ജില്ലാ കലക്ടറുടെ ഉത്തരവ് റവന്യൂ വകുപ്പ് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് നിയമവിധേയമാക്കാതിരുന്നത് പട്ടയങ്ങളുടെ സാധുതയെത്തന്നെ ബാധിക്കുകയായിരുന്നു. എന്നാല്‍ പട്ടയങ്ങള്‍ അസാധുവായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ല. അതെന്തുകൊണ്ടാണെന്ന തന്റെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയണമെന്ന ഉറച്ച നിലപാടിലാണ് രവീന്ദ്രന്‍.