എംജി സർവ്വകലാശാലയ്ക്കു കീഴിലെ സ്വാശ്രയസ്ഥാപനങ്ങൾ ഇനി ഒരു സൊസൈറ്റിക്കു കീഴിൽ; നടപടി നഷ്ടത്തിലുള്ളവയെ ലാഭത്തിലാക്കാനെന്നു വാദം

എംജി സർവ്വകലാശാലയ്ക്കു കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങൾ നിലവിലെ അവസ്ഥയിൽ മുന്നോട്ടുപോയാൽ അത് വൻ സാമ്പത്തിക ബാധ്യതക്കു വഴിവെയ്ക്കുമെന്നാണ് ഉപസമിതിയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഇവയെ പുതിയൊരു സൊസൈറ്റിക്കു കീഴിലാക്കണമെന്നാവശ്യപ്പെട്ട് ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൊസൈറ്റി രൂപീകരിക്കാൻ സർവ്വകലാശാല തീരുമാനിച്ചത്. ഇതോടെ എസ്എംഇ ഉള്‍പ്പെടെയുള്ള 22 സ്വാശ്രയ സ്ഥാപനങ്ങള്‍ പുതിയ സൊസൈറ്റിക്കു കീഴിലാകും.

എംജി സർവ്വകലാശാലയ്ക്കു കീഴിലെ സ്വാശ്രയസ്ഥാപനങ്ങൾ ഇനി ഒരു സൊസൈറ്റിക്കു കീഴിൽ; നടപടി നഷ്ടത്തിലുള്ളവയെ ലാഭത്തിലാക്കാനെന്നു വാദം

എംജി സർവ്വകലാശാലയ്ക്കു കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളെ പുതിയൊരു സൊസൈറ്റിക്കു കീഴിലാക്കാൻ തീരുമാനം. കഴിഞ്ഞ സിൻഡിക്കേറ്റ് യോ​ഗത്തിന്റേതാണ് തീരുമാനം. സെന്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നാണ് പുതിയ സൊസൈറ്റിയുടെ പേര്. നഷ്ടത്തിലുള്ള സ്ഥാപനങ്ങളെ ലാഭത്തിലാക്കുകയാണ് സൊസൈറ്റി രൂപീകരണത്തിന്റെ ലക്ഷ്യമെന്നാണ് സിൻഡിക്കേറ്റിന്റെ വാദം.

എംജി സർവ്വകലാശാലയ്ക്കു കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങൾ നിലവിലെ അവസ്ഥയിൽ മുന്നോട്ടുപോയാൽ അത് വൻ സാമ്പത്തിക ബാധ്യതക്കു വഴിവെയ്ക്കുമെന്നാണ് ഉപസമിതിയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഇവയെ പുതിയൊരു സൊസൈറ്റിക്കു കീഴിലാക്കണമെന്നാവശ്യപ്പെട്ട് ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൊസൈറ്റി രൂപീകരിക്കാൻ സർവ്വകലാശാല തീരുമാനിച്ചത്. ഇതോടെ എസ്എംഇ ഉള്‍പ്പെടെയുള്ള 22 സ്വാശ്രയ സ്ഥാപനങ്ങള്‍ പുതിയ സൊസൈറ്റിക്കു കീഴിലാകും.

12 ബി.എഡ് സെന്ററുകള്‍, 9 പാരാ മെഡിക്കല്‍ സെന്ററുകള്‍, മുട്ടം എഞ്ചിനിയറിങ് കോളേജ്, സര്‍വകലാശാല ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി സയന്‍സ്, മാസ്സ് കമ്മ്യുണിക്കേഷന്‍ പഠന വിഭാഗം എന്നിവയും സൊസൈറ്റിക്ക് കീഴില്‍ വരും. വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വൈസ് ചെയര്‍മാനുമായി രൂപീകരിക്കുന്ന സൊസൈറ്റിയിൽ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മൂന്ന് വിദഗ്ദ അംഗങ്ങളും ഉണ്ടാകും. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി.

സ്ഥാപനങ്ങള്‍ പാട്ട വ്യവസ്ഥയിലാകും സർവ്വകലാശാല സൊസൈറ്റിക്കു വിട്ടുനല്‍കുക. ഇതോടെ 500 കോടി രൂപയുടെ ആസ്ഥിയും സൊസൈറ്റിക്കു കൈവരുമെന്നാണ് കരുതുന്നത്. മറ്റുവഴികളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് സ്വാശ്രയ സ്ഥാപനങ്ങളെ നിലനിര്‍ത്താൻ ഇത്തരമൊരു നടപടിയെന്നാണ് സര്‍വകലശാലയുടെ വിശദീകരണം.

അതേസമയം, സ്ഥാപനങ്ങള്‍ വന്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കാനാണ് സിന്‍ഡിക്കേറ്റ് ശ്രമിക്കുന്നതെന്നുമാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആരോപണം. ഇടത് അനുകൂല അധ്യാപക സംഘടനകളും എസ്എഫ്‌ഐയും തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിലാണ്.