400 ഏക്കര്‍ മെത്രാന്‍ കായല്‍ ഭൂമി തിരിച്ചു പിടിക്കാതെ സിപിഐയുടെ ഒളിച്ചുകളി; മന്ത്രി സുനില്‍കുമാറിന്റെ ഉറപ്പിനു പുല്ലുവില

37 കടലാസുകമ്പനികളുടെ പേരിലാണ് 400 ഏക്കര്‍ മെത്രാന്‍ കായല്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറിയത്. നാരദാന്യൂസാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. സ്വകാര്യവ്യക്തികള്‍ കൈക്കലാക്കിയ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കുമെന്നായിരുന്നു കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിന്റെ പ്രതികരണം. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ നടപടിയായിട്ടില്ല.

400 ഏക്കര്‍ മെത്രാന്‍ കായല്‍ ഭൂമി തിരിച്ചു പിടിക്കാതെ സിപിഐയുടെ ഒളിച്ചുകളി; മന്ത്രി സുനില്‍കുമാറിന്റെ ഉറപ്പിനു പുല്ലുവില

കെ പി രാജേന്ദ്രന്‍ റവന്യൂമന്ത്രിയായിരിക്കെ കടലാസു കമ്പനികളുടെ പേരില്‍ പോക്കുവരവ് ചെയ്യപ്പെട്ട 400 ഏക്കര്‍ മെത്രാന്‍ കായല്‍ ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തിൽ സിപിഐയുടെ ഒളിച്ചുകളി തുടരുന്നു. ചട്ടം ലംഘിച്ച് കൈമാറ്റം ചെയ്ത ഭൂമിയാണെന്നു വ്യക്തമായിട്ടും പോക്കുവരവ് റദ്ദാക്കാൻ റവന്യൂവകുപ്പ് നടപടിയെടുത്തിട്ടില്ല. മിച്ചഭൂമിയായി ഏറ്റെടുക്കേണ്ട സ്ഥലമാണിതെന്നും ശക്തമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നുമായിരുന്നു നാരദാന്യൂസ് വാര്‍ത്തയോടുള്ള കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ പ്രതികരണം. എന്നാല്‍ നാളിതുവരെയായിട്ടും ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കയ്യേറ്റങ്ങള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടെടുക്കുന്ന സിപിഐ റവന്യുവകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് കടലാസുകമ്പനികളുടെ പേരില്‍ പോക്കുവരവ് ചെയ്യപ്പെട്ട ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ അലംഭാവം തുടരുന്നത്. 37 കടലാസു കമ്പനികളുടെ പേരിലാണ് മെത്രാന്‍ കായല്‍ ഭൂമി പോക്കുവരവ് ചെയ്യപ്പെട്ടതെന്ന നാരദാന്യൂസ് വാര്‍ത്ത മന്ത്രി വി എസ് സുനില്‍കുമാര്‍ ശരിവച്ചതുമാണ്.

കേരള ഭൂപരിഷ്‌ക്കരണ നിയമത്തിലെ ഭൂപരിധി സംബന്ധിച്ച വ്യവസ്ഥ അട്ടിമറിക്കാന്‍ കടലാസു കമ്പനികള്‍ രൂപീകരിച്ചാണ് റാക്കിന്‍ഡോ ഗ്രൂപ് കുമരകത്തെ 400 ഏക്കര്‍ മെത്രാന്‍ കായല്‍ കൈക്കലാക്കിയതെന്നാണ് രേഖകള്‍. തണ്ണീര്‍മുക്കം തെക്കുവില്ലേജില്‍ കെ ബി അജേഷ് എന്നയാളിന്റെ പേരില്‍മാത്രം 145 ഏക്കര്‍ സ്ഥലം പോക്കുവരവു ചെയ്യപ്പെട്ടിരുന്നു. ഇരുപതോളം കടലാസു കമ്പനികളുടെ പേരിലായിരുന്നു പോക്കുവരവ്.

ഒറ്റ ദിവസത്തിലാണ് ഈ കമ്പനികളെല്ലാം രൂപീകരിച്ചത്. ഇരുപതു കമ്പനികൾക്കും കൂടി രണ്ടുവിലാസം മാത്രമാണുള്ളതെന്ന് നാരദാ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കമ്പനികളെക്കുറിച്ചോ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെക്കുറിച്ചോ അന്വേഷണം നടത്താതെയായിരുന്നു പോക്കുവരവ്.

2009 നവംബര്‍ ആറിനാണ് കുമരകം വില്ലേജിലെ മെത്രാന്‍ കായല്‍ പ്രദേശം പോക്കുവരവ് ചെയ്യാനുള്ള അനുമതി നല്‍കിയത് അന്നത്തെ കോട്ടയം കളക്ടർ മിനി ആന്റണിയായിരുന്നു. കളക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോക്കുവരവ് നടപടികള്‍ക്ക് കോട്ടയം അഡീഷണല്‍ തഹസില്‍ദാര്‍ കുമരകം വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.