ചൂടേറുന്നതോടെ വിഷമായി രാസമാറ്റം; സംസ്ഥാനത്ത് മരുന്നുസൂക്ഷിപ്പ് പ്രതിസന്ധിയിലേക്ക്

ചൂടു കൂടുന്നത് മരുന്നുകളുടെ ഗുണമേന്മയെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഫാര്‍മസികളിലും മരുന്ന് സൂക്ഷിക്കുന്ന ഇടങ്ങളിലും എയര്‍കണ്ടീഷണർ അടക്കമുള്ള സംവിധാനങ്ങള്‍ അടിയന്തരമായി നടപ്പാക്കിയാലേ മരുന്നുകളുടെ സുരക്ഷ ഉറപ്പു വരുത്താനാകൂ. നിശ്ചിത അളവിലുള്ള മരത്തിന്റെ ബോക്‌സിനുള്ളിലോ, സണ്‍ഫിലിം ഒട്ടിച്ചോ മരുന്നുകള്‍ സൂക്ഷിക്കണമെന്നാണ് നിലവിലുള്ള നിര്‍ദ്ദേശം

ചൂടേറുന്നതോടെ വിഷമായി രാസമാറ്റം; സംസ്ഥാനത്ത് മരുന്നുസൂക്ഷിപ്പ് പ്രതിസന്ധിയിലേക്ക്

കേരളത്തില്‍ ചൂട് ഉയരുന്നത് മരുന്നുകളുടെ ഗുണമേന്മയെ ബാധിക്കുമെന്ന് ആശങ്ക. മാര്‍ക്കറ്റിലുള്ള 50-60ശതമാനം ആന്റി ബയോട്ടിക് അടക്കമുള്ള മരുന്നുകള്‍ 10 മുതല്‍ 25 ഡിഗ്രി ഊഷ്മാവിലാണ് സൂക്ഷിക്കേണ്ടത്. അന്തരീക്ഷ ഊഷ്മാവ് നാല്‍പത് ശതമാനത്തിനോട് അടുക്കുമ്പോള്‍ മരുന്നുകളുടെ ഗുണമേന്മ കുറയുമെന്നും ചില മരുന്നുകള്‍ വിഷാംശ സ്വഭാവമുള്ളതായി മാറുമെന്നുമാണ് ഫാര്‍മസി രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ കേരളത്തിലെ ഫാര്‍മസികളില്‍ ചുരുങ്ങിയത് 150ക്യുബിക് അടിയുള്ള മരം കൊണ്ടുള്ള ബോക്‌സിനുള്ളിലാണ് ഭൂരിഭാഗം മരുന്നുകളും സൂക്ഷിക്കുന്നത്. മരം കൊണ്ടുള്ള ബോക്‌സിനു പകരം ചിലയിടങ്ങളില്‍ സണ്‍ഫിലിം കൊണ്ട് മറച്ചിട്ടുള്ള റാക്കുകളും ഉപയോഗിക്കുന്നുണ്ട്. ചൂട് ക്രമാതീതമായി ഉയരുന്നതിനാല്‍ ഈ സംവിധാനം അടിയന്തരമായി മാറ്റേണ്ടി വരുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്കല്‍ ഫാര്‍മസി മുന്‍ മേധാവി ഡോ. കെ. ജി രവികുമാര്‍ നാരദാന്യൂസിനോട് പറഞ്ഞു.

മരുന്ന് എന്നാല്‍ ഉപയോഗപ്രദമായ വിഷമാണെന്നാണ് പറയുന്നത്. എല്ലാ മരുന്നുകളും കെമിക്കല്‍ ആണ്. ഊഷ്മാവ് മാറുമ്പോള്‍ രാസപ്രക്രിയകളും മറ്റും നടന്ന് മരുന്നുകള്‍ വിഷവസ്തുക്കളായി മാറാനുള്ള സാധ്യത ഏറെയാണ്. ചില സന്ദര്‍ഭങ്ങളില്‍ അത് മാരകമാകുകയും ചെയ്യും. താപവ്യതിയാനം ആന്റി ബയോട്ടിക് അടക്കമുള്ള മരുന്നുകളെയാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്.-ഡോ. കെ.ജി രവികുമാര്‍

പ്രമേഹ രോഗബാധിതര്‍ പതിവായി ഉപയോഗിക്കുന്ന ഇന്‍സുലിന്‍ സൂക്ഷിക്കേണ്ടത് 2 മുതല്‍ 8 ഡി ഗ്രിവരെ താപനിലയിലാണ്. എന്നാല്‍ നിശ്ചിത താപനിലയ്ക്കുള്ളില്‍ സൂക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഗുണമേന്മ നഷ്ടപ്പെടും.ഓറല്‍ പോളിയോ വാക്‌സിനൊക്കെ വേണ്ട രീതിയില്‍ സൂക്ഷിക്കാത്തതിന്റെ ഫലമായാകാം കുട്ടികളൊക്കെ തല കറങ്ങി വീഴുന്നതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് രവികുമാര്‍ പറയുന്നു.

അന്തരീക്ഷ ഊഷ്മാവിലെ വ്യതിയാനം കാരണം ഗുണമേന്മ നഷ്ടപ്പെട്ട പാരസെറ്റാമോള്‍ അടക്കമുള്ള ഗുളികകള്‍ കഴിക്കുന്നത് കൊണ്ട് പ്രയോജനം ലഭിക്കില്ല. അതിനാല്‍ ഇത്തരം മരുന്നുകള്‍ അടുപ്പിച്ച് കഴിക്കുന്നുത് ശരീരത്തിന് ദോഷമുണ്ടാക്കുമെന്നും ഫാര്‍മസി രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക മരുന്നുകളുടേയും കാലാവധി 6 മാസം മുതല്‍ 2 വര്‍ഷം വരെയാണ്. അഞ്ച് വര്‍ഷം വരെ ഉപയോഗിക്കാവുന്ന മരുന്നുകളുമുണ്ട്. ചൂടില്‍ മരുന്നുകളുടെ വീര്യം കുറയുന്നതോടെ ഇതിന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്ന കാലാവധിക്ക് മുമ്പ് തന്നെ അതിന്റെ ഗുണം നഷ്ടമാകുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ സൂക്ഷിക്കാന്‍ ശീതീകരിച്ച മുറികള്‍ ഉണ്ടായിരിക്കണമെന്നും അതിനായി പുതിയ കെട്ടിടം പണിയണമെന്നും ഉത്തരവിറങ്ങിയിട്ട് വര്‍ഷം അഞ്ചായെങ്കിലും പല ആശുപത്രികളിലും ഇത് നടപ്പാക്കിയില്ല. 2015 ല്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വീണ്ടും നിര്‍ദ്ദേശം നല്‍കിയിട്ടും ഫലമുണ്ടായില്ല. എന്നാല്‍ ചുരുക്കം ചില ആശുപത്രികള്‍ ഇതിന്റെ നിര്‍മ്മാണത്തിലാണ്. സ്വകാര്യ ആശുപത്രികളില്‍ 40 ശതമാനം മാത്രമാണ് ശീതീകരിച്ച മുറിയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത്.

ഇരുപതിനായിരത്തോളം ഫാര്‍മസികളാണ് കേരളത്തിലുള്ളത്. ആശുപത്രികളുടേയും ക്ലിനിക്കുകളുടേയും ഭാഗമായി പ്രവര്‍ത്തിക്കുന്ന ആറായിരത്തോളം ഫാര്‍മസികളും ഇതില്‍പെടും. സ്വകാര്യ ആശുപത്രികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളിലാണ് മരുന്നുകള്‍ സൂക്ഷിക്കുന്നതിന് മികച്ച സംവിധാനങ്ങളൊരുക്കിയിട്ടുള്ളത്. സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളില്‍ നല്ല സ്റ്റോറേജ് സംവിധാനമുള്ളവ ആയിരത്തിനടുത്ത് മാത്രമാണുള്ളത്.എന്നാല്‍ മരുന്നുകള്‍ സൂക്ഷിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങളാണ് നിലവില്‍ കേരളത്തിലുള്ളതെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരണം.

പതിവായി സാംപിള്‍ എടുക്കുന്നുണ്ട്. കണ്ടന്റ് കുറയുന്നുണ്ടോ എന്ന് നോക്കുന്നുമുണ്ട്. കേരളത്തിലെ പ്രശ്‌നം ചൂടിനെക്കാല്‍ ഹ്യുമിഡിറ്റിയാണ്. ഇതു കാരണമാണ് കണ്ടന്റില്‍ പ്രശ്‌നമുണ്ടാകുന്നതെന്നാണ് കണ്ടിട്ടുള്ളത്. ഇപ്പോഴത്തെ സംവിധാനങ്ങല്‍ പരാജയമാണെന്ന് ബോധ്യപ്പെട്ടാല്‍ അടുത്ത നടപടികളിലേക്ക് നീങ്ങും.-രവി എസ് മേനോന്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍

Read More >>