അനുഭവം ധീരമായി തുറന്നുപറഞ്ഞ്, ദിലീപ് സപ്പോര്‍ട്ടുകാര്‍ക്ക് എതിരെ അപര്‍ണ്ണ

വീട്ടിനുള്ളിലെ ആ പീഡകനെ ചായയും പലഹാരവും കൊടുത്ത് അമ്മയടക്കമുള്ള സ്ത്രീകള്‍ സല്‍ക്കരിച്ചു. ആ അനുഭവം തുറന്നെഴുതുകയാണ് അപര്‍ണ്ണ

അനുഭവം ധീരമായി തുറന്നുപറഞ്ഞ്, ദിലീപ് സപ്പോര്‍ട്ടുകാര്‍ക്ക് എതിരെ അപര്‍ണ്ണ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അനുഭവം പങ്കുവെച്ച് മാധ്യമ പ്രവര്‍ത്തകയായ അപര്‍ണ്ണ കുറുപ്പ് സപ്പോര്‍ട്ട് ദിലീപ് ക്യാംപയിന്‍കാര്‍ക്കെതിരെ രംഗത്ത്. ആ കൊച്ച് പെണ്‍കുട്ടി കടന്നു പോകേണ്ടി വന്ന ഭയവും വിഷമവും വെറുപ്പുമാണ് നേരിട്ട് കേട്ട ആദ്യാനുഭവമെന്ന് അപര്‍ണ്ണ തുറന്നെഴുതുന്നു. ആ പുരുഷ ബന്ധുവിനെ അന്നു കണ്ടിരുന്നുവെങ്കില്‍ മുഖമടച്ച് കൊടുക്കണമെന്നു കരുതിവെച്ച ഒരടി ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട് അപര്‍ണ്ണ. പക്ഷെ അപര്‍ണ്ണയെ ലജ്ജിപ്പിക്കുന്നത് ആ 'മഹാനെ' കുടുംബ സദസില്‍ സത്കരിച്ച സ്വന്തം അമ്മയടക്കമുള്ള സ്ത്രീകളാണ്- ഫേസ്ബുക്കിലെ ചില പെണ്‍സുഹൃത്തുക്കളെ സംബോധന ചെയ്ത് എഴുതിയ കുറിപ്പില്‍ അപര്‍ണ്ണ തുറന്നടിക്കുന്നു. അതിപ്പോ അങ്ങേര്‍ക്ക് ഭാര്യയില്ലേ, സ്വന്തം കുട്ടികളെ നന്നായി നോക്കുന്നില്ലേ തുടങ്ങിയ ന്യായീകരണങ്ങള്‍ നിരത്തി വീട്ടിലെ സ്ത്രീകള്‍ തന്നെ ആ തെറ്റ് കഴുകി കളഞ്ഞു.

പക്ഷെ ഭീതിദമായ വസ്തുത, ആ പിന്തുണ അയാളെങ്ങനെ ഉപയോഗിച്ചു എന്നിടത്താണ്. വീണ്ടും അത്തരം ലൈംഗിക ചേഷ്ടകള്‍ വീടിനകത്തെ കൊച്ചുകുട്ടികളോട് പ്രകടിപ്പിക്കാനുള്ള അയാളുടെ ധൈര്യമാണ് അതോടെ പ്രോത്സാഹിപ്പിക്കപ്പെട്ടത്. മറ്റൊരു പെണ്‍കുട്ടി കൂടി അയാളില്‍ നിന്നുള്ള ലൈംഗിക ഉപദ്രവത്തിലൂടെ ഭയന്നും വിറച്ചും കടന്നു പോയപ്പോള്‍ പ്രതിക്കൂട്ടിലാക്കാന്‍ അപര്‍ണ്ണയ്ക്ക് തോന്നിയത് അമ്മയടക്കമുള്ള സ്ത്രീകളെയാണ്. ആ സ്ത്രീകളോട് തോന്നിയ അതേ വെറുപ്പാണ് കൂട്ടബലാത്സംഗകേസിലെ പ്രതിയുടെ ചാരിറ്റി അപദാനങ്ങളും സിനിമാ ഡയലോഗിനെ വെല്ലുന്ന വീഡിയോ പ്രഭാഷണങ്ങളും നിങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ തോന്നുന്നത്- അപര്‍ണ്ണ എഴുതുന്നു

ഓണക്കാലത്തും വിഷുക്കാലത്തും സിനിമയില്‍ സന്തോഷിപ്പിച്ചതുകൊണ്ട്, സ്വന്തം വീട്ടിലെ കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ കോടതി വിധിക്കട്ടെ കുറ്റവാളിയെന്ന്, അതുവരെ പ്രതിയെ സപ്പോര്‍ട്ട് ചെയ്യാമെന്ന് തീരുമാനിക്കുമോ നിങ്ങള്‍- അപര്‍ണ്ണ ചോദിക്കുന്നു.

ആ പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കു മാത്രമല്ല എല്ലാ സ്ത്രീകള്‍ക്കുമുണ്ട്. ഇപ്പോഴാണ് അതേറ്റവും ആവശ്യവും- അപര്‍ണ്ണ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് വായിക്കാം