മറ്റൊരു കിടിലൻ മാതൃക കൂടി; ഇളയമകളെ സർക്കാർ സ്കൂളിൽ ചേർത്ത് എം ബി രാജേഷ് എംപി

പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സർക്കാർ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാൻ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയുമാണ് മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കാൻ എം ബി രാജേഷിനു പ്രേരണയായ ഘടകങ്ങൾ.

മറ്റൊരു കിടിലൻ മാതൃക കൂടി; ഇളയമകളെ സർക്കാർ സ്കൂളിൽ ചേർത്ത് എം ബി രാജേഷ് എംപി

സ്വകാര്യ സ്കൂളുകൾക്കു വേണ്ടിയുള്ള വാശിയൊഴിവാക്കി മക്കളെ സർക്കാർ സ്കൂളുകളിൽ ചേർക്കണമെന്ന സന്ദേശവുമായി എം ബി രാജേഷ് എംപിയും. തൃത്താല എംഎൽഎ വി ടി ബൽറാം തന്റെ മൂത്തമകൻ അദ്വൈതിനെ വീടിനടുത്തുള്ള സർക്കാർ സ്കൂളിൽ ചേർത്തു മാതൃകയായതിനൊപ്പമാണ് മറ്റൊരു ജനപ്രതിനിധിയും ഈ ഉദ്യമത്തിൽ പങ്കാളിയാകുന്നത്.

തന്റെ രണ്ടാമത്തെ മകളെയാണ് രാജേഷ് സർക്കാർ പൊതുവിദ്യാലയത്തിൽ ചേർത്തിരിക്കുന്നത്. ‌‌പാലക്കാട് ഈസ്റ്റ് യാക്കര (മണപ്പുള്ളിക്കാവ്) ഗവ.എൽ പി സ്‌കൂളിലാണ് രണ്ടാമത്തെ മകൾ പ്രിയദത്തയെ ഒന്നാം ക്ലാസ്സിൽ ചേർത്തത്. ഇതോടൊപ്പം, മൂത്ത മകൾ നിരഞ്ജനയെ ഗവ.മോയൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ്സിലും ചേർത്തു.


കേന്ദ്രീയ വിദ്യാലയയിൽ എംപിമാരുടെ മക്കൾക്ക് പ്രത്യേക ക്വാട്ട വേണ്ടെന്നു വച്ചിട്ടാണ് സർക്കാർ സ്‌കൂളിൽതന്നെ കുട്ടികളെ ചേർക്കാൻ എം ബി രാജേഷ് തീരുമാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. കേന്ദ്രീയ വിദ്യാലയവും സർക്കാർ സ്‌കൂളാണെന്നതു വിസ്മരിക്കുന്നില്ലെന്നു പറയുന്ന രാജേഷ് പക്ഷേ, അവിടെ മലയാളം പഠിപ്പിക്കാൻ നിർവ്വാഹമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടുന്നു.

എംപിയെന്ന നിലയിൽ അനേകം പേർക്ക് അവർ മികച്ചതെന്നു കരുതുന്ന സ്വകാര്യ വിദ്യാലയങ്ങളിലെ പ്രവേശനത്തിനു ശുപാർശ കത്ത് കൊടുത്തിട്ടുണ്ട്. അതിനും പുറമേ കേന്ദ്രീയ വിദ്യാലയത്തിൽ എംപി ക്വാട്ടയിലുള്ള പത്ത് സീറ്റിലേക്ക് മറ്റ് കുട്ടികൾക്ക് പ്രവേശനവും നൽകാറുണ്ട്. പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സർക്കാർ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാൻ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയുമാണ് മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കാൻ എം ബി രാജേഷിനു പ്രേരണയായ ഘടകങ്ങൾ.


ഒപ്പം വിദ്യാർത്ഥി പ്രവർത്തകനായിരുന്ന കാലം മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു നടത്തിയ പ്രക്ഷോഭങ്ങളും അതിനേറ്റു വാങ്ങേണ്ടി വന്ന പൊലീസ് മർദ്ദനത്തിന്റെയും ജയിൽവാസത്തിന്റെയും ഓർമകളും അനുഭവങ്ങളും മക്കളെ പൊതുവിദ്യാലയത്തിൽ തന്നെ പഠിപ്പിക്കണമെന്ന ഈ അച്ഛന്റെ നിർബന്ധത്തിനു പിന്നിലുണ്ട്.

ബൽറാമിന്റെ മകന്റേതു പോലെ, ജാതിയും മതവും ചോദിക്കുന്ന കോളത്തിനു നേരെ 'ഇല്ല' എന്നാണ് തന്റെ മകളുടെ കാര്യത്തിൽ ഈ പാലക്കാട് എംപിയും സ്വീകരിച്ചത്. പന്തിഭോജനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരമൊരു കാര്യം ചെയ്യാനായതിൽ അഭിമാനമുണ്ടെന്നു രാജേഷ് പറയുന്നു. എണ്ണൂറോളം പേരാണ് കേന്ദ്രീയ വിദ്യാലയത്തിലെ 10 സീറ്റിനായി രാജേഷിനെ സമീപിച്ചത്. സീറ്റ് കിട്ടാത്ത പലർക്കും തന്നോട് നീരസം തോന്നിയിട്ടുണ്ടാവുമെന്നു പറയുന്ന രാജേഷ് താൻ മകളെ പൊതുവിദ്യാലയത്തിൽ ചേർത്ത സംഭവം അറിയുമ്പോൾ അതൽപ്പം കുറയുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നു.

പാലക്കാട് നിന്നുള്ള രണ്ടു ജനപ്രതിനിധികളാണ് തങ്ങളുടെ മക്കളെ പൊതുവിദ്യാലയത്തിൽ ചേർത്തു പഠിപ്പിക്കാനുള്ള മഹനീയ തീരുമാനമെടുത്തത് എന്നത് തികച്ചും യാദൃശ്ചികം മാത്രം. സാധാരക്കാർ പോലും മക്കളുടെ ഇം​ഗ്ലീഷ് വിദ്യാഭ്യാസത്തിനായി സ്വകാര്യ ഇം​ഗ്ലീഷ് മീഡിയം സ്കൂളുകളിലെ അഡ്മിഷനുവേണ്ടി ലക്ഷങ്ങൾ പൊടിക്കുമ്പോഴാണ് രാഷ്ട്രീയ- ആശയ വ്യത്യാസമില്ലാതെ ആർക്കും ഇക്കാര്യം സ്വന്തം മക്കളുടെ കാര്യത്തിൽ പ്രാവർത്തികമാക്കാമെന്ന് ഈ രണ്ടു ജനപ്രതിനിധികളും തെളിയിച്ചിരിക്കുന്നത്.