''ഹനാന്റെ മീന്‍കടയ്ക്ക് മത്സ്യഫെഡ് മീന്‍ നല്‍കും'' വില്‍പ്പന കേന്ദ്രവും ആധുനിക സൗകര്യവും ഒരുക്കും: പി.പി ചിത്തരഞ്ജന്‍

ഹനാന് പിന്തുണയുമായി ആദ്യമായി ഒരു തൊഴിലാളി സംഘടന രംഗത്ത്- സിഐടിയു. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യഫെഡ് ഹനാന് വില്‍പ്പന കേന്ദ്രവും സൗകര്യങ്ങളും മീനും എത്തിച്ചു നല്‍കും

ഹനാന്റെ മീന്‍കടയ്ക്ക് മത്സ്യഫെഡ് മീന്‍ നല്‍കും വില്‍പ്പന കേന്ദ്രവും ആധുനിക സൗകര്യവും ഒരുക്കും: പി.പി ചിത്തരഞ്ജന്‍

ഹനാന്റെ മീന്‍കട- ആ സ്വപ്‌നത്തിന് മത്സ്യഫെഡ് സഹായമെത്തുന്നു. ഒപ്പം മത്സ്യതൊഴിലിലേയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയെ സഹായിക്കാന്‍ സിഐടിയുവും രംഗത്ത്. സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യഫെഡ് ചെയര്‍മാനും മത്സ്യ തൊഴിലാളി യൂണിയന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പിപി ചിത്തരഞ്ജനാണ് ഹനാനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഹനാനെ പിന്തുണച്ച് ആദ്യമായാണ് ഒരു തൊഴിലാളി സംഘടന രംഗത്ത് എത്തുന്നത്.

''ഹനാന് മീന്‍കട മത്സ്യഫെഡ് നിര്‍മ്മിച്ചു നല്‍കും. വില്‍പ്പനയ്ക്ക് ആവശ്യമായ പച്ച മത്സ്യം മത്സ്യതൊഴിലാളികളില്‍ നിന്ന് മത്സ്യ സംഘങ്ങള്‍ വഴി വാങ്ങി ഹനാന്‍ പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കും. അതോടൊപ്പം വില്‍പ്പനയ്ക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. ഉടന്‍ തന്നെ ഹനാനെ നേരിട്ടു കണ്ട് നടപടികള്‍ സ്വീകരിക്കും''- ചിത്തരഞ്ജന്‍ നാരദ ന്യൂസിനോട് വ്യക്തമാക്കി.

''വളരെ ധൈര്യപൂര്‍വ്വം ജീവിതത്തെ നേരിടുവാനും ഏതു വെല്ലുവിളികളേയും ഏറ്റെടുക്കുന്ന മനക്കരുത്തോടു കൂടിയ ഹനാന്റെ പോരാട്ടം കേരളത്തിന് മാതൃകയാണ്. നമ്മുടെ പുതിയ തലമുറയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇത്തരം നിലപാടുകള്‍. ഹനാനെ പ്രോത്സാഹിപ്പിക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനുണ്ട്. മത്സ്യബന്ധനവും വില്‍പ്പനയും ആക്ഷേപകരമായ തൊഴിലല്ല. അതു ജീവിക്കാനുള്ള ഏറ്റവും നല്ല വരുമാന മാര്‍ഗ്ഗമാണ്. അത് ജീവിതത്തെ സന്തോഷകരമാക്കും എന്നതിന് പ്രകടമായ മറ്റൊരു ഉദാഹരണമില്ല. ഹനാന്‍ മത്സ്യതൊഴിലാളികളുടെ ചരിത്രത്തിലെ അഭിമാനകരമായ വ്യക്തിത്വമാണ്. മീന്‍ വില്‍ക്കുമെന്നും വില്‍പ്പന കേന്ദ്രം ആരംഭിക്കുമെന്നും അവിടെ ജോലിക്ക് വിദ്യാര്‍ത്ഥികളെ എടുക്കുമെന്നും ഹനാന്‍ വ്യക്തമാക്കിയത് ഏറെ സന്തോഷിപ്പിച്ചു. മത്സ്യമേഖല ലാഭകരമായ തൊഴിലിടമാണ് എന്ന് ഹനാന്‍ സാക്ഷ്യപ്പെടുത്തിയത് ശ്രദ്ധിച്ചു. കച്ചവടം ചെയ്യുകയും പഠനവും ഒരുമിച്ചു കൊണ്ടുപോവുക എന്ന വെല്ലുവിളിയാണ് ഹനാന്‍ ഏറ്റെടുത്തിരിക്കുന്നത്- ചിത്തരഞ്ജന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഹനാന് ഒപ്പമുണ്ടാകുമെന്ന് രാവിലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഹനാനെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ അറസ്റ്റു ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു കഴിഞ്ഞു. വനിതാ കമ്മീഷനും യുവജന കമ്മീഷനും ഹനാനൊപ്പമുണ്ട്.

ഇന്നലെ തമ്മനത്ത് വീണ്ടും മീന്‍ വില്‍പ്പനയ്ക്ക് ഹനാന്‍ എത്തിയെങ്കിലും തിരക്ക് കൂടി റോഡ് ബ്ലോക്കായതിനാല്‍ പൊലീസ് തടഞ്ഞു. ഒരു കടമുറി എടുത്ത് ആരുടേയും സഹായമില്ലാതെ മീന്‍ വില്‍പ്പന ആരംഭിക്കാനാണ് ഹനാന്‍ തീരുമാനിച്ചത്. ഹനാന്റെ വിവരം അറിഞ്ഞ് ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ ഒന്നര ലക്ഷം രൂപ സഹായമായെത്തി. ആക്ഷേപങ്ങളെ തുടര്‍ന്ന് ആ പണം വന്ന സ്ഥലങ്ങളിലേയ്ക്ക് മടക്കി അയക്കണം എന്ന നിലപാടിലാണ് ഹനാന്‍.


Read More >>