വടക്ക് ലാക്കാക്കി കാള പശുവായി: മാതൃഭൂമി ഇംഗ്ലീഷ് എഡിഷനും കേരളത്തിനെതിരായ പ്രചാരണത്തിന് സംഘപരിവാർ ആയുധം

കണ്ണൂരില്‍ കമ്യൂണിസ്റ്റുകളും മലപ്പുറത്ത് മുസ്ലീങ്ങളും തങ്ങളെ കൊന്നൊടുക്കുന്നുവെന്ന നിലയ്ക്കുള്ള സംഘപരിവാറിന്റെ നുണ പ്രചരണത്തിനൊപ്പം പുതിയ ഒന്നു കൂടി - കേരളത്തില്‍ പശുക്കളെയും വെട്ടിക്കൊല്ലുകയാണ് ! മാതൃഭൂമി ഇംഗ്ലീഷ് എഡിഷനും ഈ നുണപ്രചാരണത്തിന് ആയുധമാകുന്നു

വടക്ക് ലാക്കാക്കി കാള പശുവായി: മാതൃഭൂമി ഇംഗ്ലീഷ് എഡിഷനും കേരളത്തിനെതിരായ പ്രചാരണത്തിന് സംഘപരിവാർ ആയുധം

മലയാളത്തിലെ മാട്, ഇംഗ്ലീഷിലേക്കെത്തിയപ്പോൾ മാതൃഭൂമിക്ക് പശുവായി. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പരസ്യ കശാപ്പ് വാർത്തയാണ് കേരളത്തെ അവഹേളിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ മാതൃഭൂമി ഇംഗ്ലീഷ് ഓൺലൈൻ എഡിഷനിൽ നൽകിയിരിക്കുന്നത്. സംഘപരിവാർ അനുകൂല മാധ്യമങ്ങൾ ഒഴികെ മറ്റു ദേശീയ മാധ്യമങ്ങൾ മാട് എന്ന് ഉപയോഗിക്കുമ്പോഴാണ് മാതൃഭൂമിക്ക് കണ്ണൂരിൽ കശാപ്പ് ചെയ്യപ്പെട്ടത് പശുവായത്.

മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്‌ എന്ന തലക്കെട്ടിൽ മലയാളത്തിൽ മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്തയാണ് ഇംഗ്ലീഷ് ഓൺലൈൻ എഡിഷനിൽ 'പശുവിനെ പരസ്യമായി അറുത്ത സംഭവം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു' (Slaughtering of cow in public: Case filed against Youth Congress activists)എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു വാർത്തകളുടെ ഉള്ളടക്കത്തിലും തലക്കെട്ടിനു അനുസൃതമായ മാറ്റമുണ്ട്.


ഇംഗീഷിൽ അച്ചടിയില്ലെങ്കിലും കേരളത്തിലെ ദേശീയ മാധ്യമം എന്ന നിലയിൽ മാതൃഭൂമിയുടെ ഇംഗ്ലീഷ് ഓൺലൈൻ എഡിഷൻ കേരളത്തിലെ വാർത്തകൾ അറിയാനായി മറ്റു പ്രാദേശിക ഭാഷാ പത്രങ്ങൾ അടക്കം ശ്രദ്ധിക്കുന്നതാണ്. കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റുകൾ വൈറലാകുന്നു, ബീഫ് വിഷയത്തിൽ കുമ്മനം രാജശേഖരന്റെ പ്രസ്താവനകൾ എന്നിവയെ ഏറെ പ്രാധാന്യത്തോടെയാണ് ഇംഗ്ലീഷിൽ മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.