എംജിയിലെ മരങ്ങള്‍ അധികൃതരെ പിടിച്ചു കടിച്ചോ? കോടാലി വീഴുന്നതു കണ്ടാലാരും ചോദിച്ചു പോകും

പരിസ്ഥിതിയ്ക്കു ദോഷമാകുന്ന മാഞ്ചിയം, അക്വേഷ്യ മരങ്ങള്‍ മുറിച്ചുമാറ്റാനായിരുന്നു സ്വകാര്യ കരാറുകാരനു ടെണ്ടര്‍ നല്‍കിയത്. ഇതിനു മറവിലാണ് മരങ്ങള്‍ക്കു കൂടി കോടാലി പതിച്ചത്. ഇതിനു പിന്നില്‍ യൂണിവേഴ്‌സിറ്റി അധികൃതരുടെ പങ്ക് അന്വേഷിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

എംജിയിലെ മരങ്ങള്‍ അധികൃതരെ പിടിച്ചു കടിച്ചോ? കോടാലി വീഴുന്നതു കണ്ടാലാരും ചോദിച്ചു പോകും

കോട്ടയം അതിരമ്പുഴയിലെ എം ജി യൂണിവേഴ്‌സിറ്റി കോളജിലെ അനധികൃത മരംമുറി വിവാദമായതോടെ പ്രദേശം ജൈവ വൈവിധ്യമേഖലയാക്കി പ്രഖ്യാപിച്ചു തലയൂരാന്‍ അധികൃതരുടെ നീക്കം. നിലവില്‍ ഇതു സംരക്ഷിത ജൈവ വൈവിധ്യമേഖലയാണ്. ഇതിനിടെയാണ് അനധികൃത മരംമുറി നടന്നത്. നാലേക്കറോളം സ്ഥലത്തെ മരങ്ങള്‍ മുറിച്ചുനീക്കിയ ശേഷം പിന്നീടിവിടെ കൃത്രിമായി വനം വച്ചു പിടിപ്പിക്കാമെന്നാണ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കിയത്.

ട്ടേക്കറിലെ സ്വാഭാവിക വനം അതേപടി നിലനിര്‍ത്തുകയാണ് വേണ്ടതെന്ന് പ്രദേശം സംരക്ഷിക്കുന്ന യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗം ജീവക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. കൃത്രിമമായി നിര്‍മ്മിക്കുന്ന ജൈവപാര്‍ക്കല്ല ഇവിടെ വേണ്ടതെന്നും സ്വാഭാവിക വനത്തിനു ക്ഷതമേല്‍ക്കാതെ തന്നെ മാഞ്ചിയം, അക്കേഷ്യ മരങ്ങള്‍ മുറിച്ചു നീക്കം ചെയ്യുകയാണു വേണ്ടതെന്നും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ഹേമന്ദ് ശ്രീനിവാസ് നാരദാന്യൂസിനോടു പറഞ്ഞു

ഒരേക്കറോളം സ്ഥലത്തെ മരങ്ങളാണു കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി മുറിച്ചു തള്ളിയത്. നിലവില്‍ 462 അക്കേഷ്യ, മാഞ്ചിയം മരങ്ങള്‍ മുറിക്കാനാണു ടെണ്ടര്‍ നല്‍കിയത്. എന്നാല്‍ ഇവിടെയുണ്ടായിരുന്ന ഇതര മരങ്ങള്‍ കൂടി അനുമതിയില്ലാതെ മുറിച്ചുതള്ളുകയായിരുന്നു. പ്ലാവ്, ആഞ്ഞിലി, മഹാഗണി എന്നിവ ഓരോന്നു വീതവും പൊങ്ങല്യം ആറും ഞാവല്‍ അഞ്ചെണ്ണവുമാണു മുറിച്ചത്. കൂടാതെ മരത്തൈകളും നിരവധി വെട്ടിയെടുത്തിട്ടുണ്ട്. ഇതു വലിയ വിവാദമായ സാഹചര്യത്തിലാണു പ്രശ്നത്തില്‍ നിന്നു ശ്രദ്ധമാറ്റാനും കുറ്റക്കാരെ സംരക്ഷിക്കാനും ജൈവവൈവിധ്യ പ്രഖ്യാപനത്തിന് യൂണിവേഴ്സിറ്റി അധികൃതരുടെ നീക്കം.

ജൂണ്‍ അഞ്ചിന് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. അതേസമയം പ്രദേശം ജൈവ വൈവിധ്യ പാര്‍ക്കായി മാറ്റുന്നതിനൊപ്പം അനധികൃത മരംമുറിയ്ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.

സാമൂഹ്യ വനവത്‌കരണത്തിന്റെ ഭാഗമായി വനംവകുപ്പു വച്ചു പിടിപ്പിച്ച മരങ്ങളാണിത്. അതുകൊണ്ടുതന്നെ മരംമുറിക്കുമ്പോള്‍ വനംവകുപ്പിന്റെ അനുമതി നിര്‍ബന്ധമാണ്. വനംവകുപ്പിന്റെയോ ജില്ലാ ട്രീ കമ്മിറ്റിയുടെയോ അനുമതിയില്ലാതെയായിരുന്നു മരംമുറി. പരിസ്ഥിതിയ്ക്കു ദോഷമാകുന്ന മാഞ്ചിയം, അക്കേഷ്യ മരങ്ങള്‍ മുറിച്ചുമാറ്റാനായിരുന്നു സ്വകാര്യ കരാറുകാരനു ടെണ്ടര്‍ നല്‍കിയത്. ഇതിനു മറവിലാണു പരിസ്ഥിതി സന്തുലിതാവസ്ഥയെ നിലനിര്‍ത്തുന്ന മരങ്ങള്‍ക്കു കൂടി കോടാലി പതിച്ചത്. ഇതിനു പിന്നില്‍ യൂണിവേഴ്സിറ്റി അധികൃതരുടെ പങ്ക് അന്വേഷിക്കണമെന്നു വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. മാഞ്ചിയം, അക്കേഷ്യ ഇതര മരങ്ങള്‍ മുറിച്ചതോടെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നു തല്‍ക്കാലത്തേക്കു മരംമുറി നിര്‍ത്തിവച്ചിരിക്കുകയാണ്.


2011ല്‍ രാജന്‍ ഗുരുക്കള്‍ വൈസ് ചാന്‍സലര്‍ ആയിരുന്ന വേളയില്‍ ജീവകയില്‍ വന്‍ മരംമുറി നടക്കുകയും ഇതു വിവാദമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവശേഷിക്കുന്ന മരങ്ങള്‍ സംരക്ഷിക്കാനായിരുന്നു തീരുമാനം. സംഭവത്തെക്കുറിച്ചു പ്രതികരിക്കാതെ യൂണിവേഴ്സിറ്റി എസ്റ്റേറ്റ് ഓഫീസര്‍ ഒഴിഞ്ഞുമാറി.