വടകരക്കാർക്ക് കല്യാണം 'കോപ്പാ'ണ്; ഒരു വാക്കിന്റെ അർത്ഥം മാറിയ കഥ

'കോപ്പ്' സാധാരണ മോശം അർഥത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ്. എന്നാൽ കുറ്റ്യാടി, തീക്കുനി, കക്കട്ടിൽ, നാദാപുരം തുടങ്ങിയ കടത്തനാടൻ വടകരയുടെ വടക്കുകിഴക്കൻ മേഖലയിൽ 'കോപ്പ് ' എന്ന് പറഞ്ഞാൽ മറ്റൊരർഥമാണ് - കല്യാണം

വടകരക്കാർക്ക് കല്യാണം കോപ്പാണ്; ഒരു വാക്കിന്റെ അർത്ഥം മാറിയ കഥ

പണ്ടു പണ്ടൊരിക്കൽ നാദാപുരത്ത് ഒരു പെൺകുട്ടിയെ പുറത്തുള്ള ഒരാൾ കല്യാണം കഴിച്ചു. കല്യാണം നടന്നത് ദൂരെ ഒരിടത്താണ്. നാദാപുരത്തുകാർ കല്യാണത്തിനു പോയി വഴിയറിയാതെ കുഴങ്ങി നിന്നപ്പോഴാണ് ചെക്കന്റെ കൂട്ടരിലൊരാൾ തിരക്കിട്ട് പോകുന്നത് കണ്ടത്. അവർ ചോദിച്ചു "ഞമ്മളെ മോൾടെ കോപ്പ് ഏടെയാണ്?" അയാളാകെ കുഴങ്ങിയെന്നും കല്യാണമാണ് കോപ്പെന്ന് അയാളെ മനസ്സിലാക്കാൻ നാട്ടുകാർ കഷ്ടപ്പെട്ടുവെന്നുമാണ് കഥ.

'കോപ്പ്' സാധാരണ മോശം അർഥത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ്. 'ഓ... കോപ്പാണ് ', 'ഒന്നു പോടാ കോപ്പേ', 'ഒരു കോപ്പിലെ ഏർപ്പാട് ' എന്നിങ്ങനെയൊക്കെയാണ് ഈ വാക്ക് ഉപയോഗിച്ച് കേൾക്കുക. എന്നാൽ കുറ്റ്യാടി, തീക്കുനി, കക്കട്ടിൽ, നാദാപുരം തുടങ്ങിയ കടത്തനാടൻ വടകരയുടെ വടക്കുകിഴക്കൻ മേഖലയിൽ 'കോപ്പ്' എന്ന് പറഞ്ഞാൽ മറ്റൊരർഥമാണ് - കല്യാണം !! 'ഓളെ കോപ്പാണ് ', 'ഓന്റെ കോപ്പാണ് ' എന്നൊക്കെ പണ്ടുള്ളവർ പറയാറുണ്ട്. എങ്ങോട്ടാ പോകുന്നേ എന്ന് ചോദിച്ചാൽ, 'കോപ്പിന് പോന്നാ' എന്ന് അവർ പറയും. 'ഇവളങ്ങ് വലുതായി കോപ്പ് കഴിപ്പിക്കാൻ ആയല്ലോ' എന്ന് അഭിപ്രായപ്പെടും. 'കോപ്പ് കഴിക്കൽ' ഒരു പ്രയോഗമായി ഈ നാട്ടിൽ രൂപപ്പെട്ടിട്ടുണ്ട്.

പഴമക്കാരാണ് 'കോപ്പ് ' അധികവും ഉപയോഗിക്കുന്നത് , പുതിയ തലമുറക്കാർക്ക് ഈ വാക്കും പ്രയോഗവും പരിചയമില്ല. പുതിയ തലമുറ ഈ രണ്ട് കോപ്പിന്റെയും അർത്ഥവ്യത്യാസത്തിനിടയിൽപ്പെട്ട് പരിഭ്രമിച്ചിരിക്കുകയാണെന്നും പറയേണ്ടിയിരിക്കുന്നു.

കോപ്പ് പഴയൊരു ബ്രിട്ടീഷ് കമ്മീഷൻ ആയിരുന്നു. അയാളുടെ തീരുമാനങ്ങൾ ഇന്ത്യക്കാർക്ക് ദഹിക്കാതായപ്പോൾ മുതലാണ് ' കോപ്പിലെ ' ഇടപാട് വന്നതെന്നാണ് ഈ വാക്കിന് പിന്നിലെ മറ്റൊരു കഥ. എന്തായാലും വടകരയുടെ വടക്കുകിഴക്കുള്ളോർക്ക് കല്യാണം 'കോപ്പാണ്'.

Story by