മര്‍ക്കസ് സമരത്തിനു നേതൃത്വം നല്‍കിയത് എംഎസ്എഫ്: സുന്നി വിഭാഗങ്ങള്‍ പരസ്യ ഏറ്റുമുട്ടലിലേക്ക്; ആക്രമണത്തിന് പിന്നില്‍ മുസ്ലിംലീഗ് ഗുണ്ടകളെന്ന് എപി വിഭാഗം

കാന്തപുരം വിഭാഗത്തെ അടിക്കാനുള്ള വടി കിട്ടിയതോടെ സമസ്ത ഇകെ വിഭാ​ഗത്തിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് എംഎസ്എഫിനെ മുസ്ലിംലീഗ് സമരത്തിനു നിയോഗിച്ചത്.

മര്‍ക്കസ് സമരത്തിനു നേതൃത്വം നല്‍കിയത് എംഎസ്എഫ്: സുന്നി വിഭാഗങ്ങള്‍ പരസ്യ ഏറ്റുമുട്ടലിലേക്ക്; ആക്രമണത്തിന് പിന്നില്‍ മുസ്ലിംലീഗ് ഗുണ്ടകളെന്ന് എപി വിഭാഗം

അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി കബളിപ്പിച്ച കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസിനെതിരെ വിദ്യാര്‍ഥി സമരത്തിനു നേതൃത്വം നല്‍കിയത് എംഎസ്എഫ് ആയിരിക്കെ സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തെരുവിലേക്ക്. കാന്തപുരം വിഭാഗത്തെ അടിക്കാനുള്ള വടി കിട്ടിയതോടെ സമസ്ത ഇകെ വിഭാ​ഗത്തിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് എംഎസ്എഫിനെ മുസ്ലിംലീഗ് സമരത്തിനു നിയോഗിച്ചത്.

മര്‍ക്കസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എഞ്ചിനീയറിങ് ടെക്നോളജിയില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് ഡിപ്ലോമാ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ 450ഓളം വിദ്യാര്‍ഥികളില്‍ കുറച്ചുപേരാണ് തുടക്കത്തില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പിന്നീട് എംഎസ്എഫ് ഇത് നിയന്ത്രിക്കുന്നതിലേക്കെത്തി കാര്യങ്ങള്‍. തുടര്‍ന്ന് എസ്എഫ്ഐ, കെഎസ്‌യു, എബിവിപി തുടങ്ങിയ സംഘടനകളും സമരത്തില്‍ അണിചേര്‍ന്നു.


മര്‍ക്കസിനു മുമ്പില്‍ പന്തല്‍ കെട്ടി വിദ്യാര്‍ഥികള്‍ സമരം തുടരുന്നതിനിടെ ജില്ലാ കളക്ടറുടെ മധ്യസ്ഥതയില്‍ നടന്ന ചർച്ചയിൽ ആവശ്യം അംഗീകരിക്കാമെന്നു മാനേജ്‌മെന്റ് ഉറപ്പുനല്‍കിയെങ്കിലും പറഞ്ഞ തീയതി കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സഹചര്യത്തിലാണ് സംയുക്ത വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം മര്‍ക്കസിലേക്കു മാര്‍ച്ച് നടത്തിയത്.

ഇത് ആക്രമാസക്തമാവുകയും മര്‍ക്കസിനു നേരെ കല്ലേറുണ്ടാകുകയും ചെയ്തതോടെ 20ഓളം വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. തുടർന്ന്, മുസ്ലിംലീഗ് ഗുണ്ടകള്‍ നടത്തിയ ആക്രമണമാണിതെന്ന പരസ്യപ്രസ്ഥാവനയുമായി എപി വിഭാ​ഗം നേതാക്കള്‍ രംഗത്തുവന്നു. മാത്രമല്ല മര്‍ക്കസ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാരന്തൂരില്‍ പ്രതിഷേധവും നടത്തിയിരുന്നു.


ആക്രമണമുണ്ടായ ദിവസം എംഎസ്എഫ് ജില്ലാ നേതാവിന്റെ വാട്‌സ്ആപ്പില്‍ നിന്ന് പ്രകോപനപരമായ സന്ദേശങ്ങള്‍ പോയിരുന്നതായും സംഭവത്തിനു പിന്നില്‍ ലീഗാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എപി സുന്നിയുടെ മുഖപത്രമായ 'സിറാജ്' പറയുന്നു. മാര്‍ച്ചിനു നേതൃത്വം നല്‍കിയ എംഎസ്എഫ്- കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിസിസി പ്രസിഡന്റ് ടി സിദ്ധീഖ്, എം കെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ ഇടപെട്ട് ഇവരെ മോചിപ്പിച്ചതും എപി വിഭാഗത്തിനു തിരിച്ചടിയായി.


മര്‍ക്കസില്‍ അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിലാണ് സമരമെന്നാണ് എംഎസ്എഫിന്റെ നിലപാട്. സമരത്തിന് എംഎസ്എഫാണ് തുടക്കമിട്ടതെങ്കിലും എസ്എസ്എഫിലെ ഒരു വിഭാഗം ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളായിട്ടുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നവാസ് വയനാട് നാരദാ ന്യൂസിനോട് പറഞ്ഞു. വിദ്യാര്‍ഥി സമരത്തിനപ്പുറം സുന്നി ഇ കെ, എപി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. സംഭവത്തിനു പിന്നില്‍ മുസ്ലിംലീഗ് ഗുണ്ടകളാണെന്ന് പരസ്യമായാണ് എപി നേതാക്കളും അവരുടെ പത്രവും പ്രതികരിച്ചിരിക്കുന്നത്.