മരട് കേസ്: സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത് എന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി
മരട് കേസില്‍ ചീഫ് സെക്രട്ടറി ടോം ജോസിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത് എന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എത്ര നാള് വേണ്ടി വരുമെന്ന റിപ്പോര്‍ട്ട് വെള്ളിയാഴ്ച നല്‍കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദേശവും നല്കി.
ഫ്ളാറ്റ് എന്ന് പൊളിക്കുമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര ആദ്യം ഉന്നയിച്ച ചോദ്യം. കേരളത്തില്‍ പ്രളയത്തില്‍ എത്രപേരാണ് മരിച്ചതെന്നും പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് കൊടുത്തോ എന്ന കാര്യവും കോടതി ചീഫ് സെക്രട്ടറിയോട് അന്വേഷിച്ചു.
കൂടുതല്‍ കടുത്ത നിലപാടിലേക്ക് കോടതി നീങ്ങുന്നു എന്ന രീതിയിലായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പരാമര്‍ശങ്ങള്‍. ഒരു ഘട്ടത്തില്‍ ഈ അഞ്ച് ഫ്ളാറ്റുകളില്‍ താമസിക്കുന്ന 350 കുടുംബങ്ങളും ഒരു പക്ഷെ പ്രളയത്തില്‍ ഒലിച്ചു പോകുന്ന സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി.
കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് സമയം ആവശ്യമാണെന്ന് കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്കാന് ജസ്റ്റിസ് അരുണ്‍ മിശ്ര നിര്‍ദേശിക്കുകയായിരുന്നു.
ഈ മാസം 20 ന് ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്കാന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. അത് പാലിക്കപ്പെടാതിരുന്നതു കൊണ്ടാണ് കേസ് വീണ്ടും സുപ്രീം കോടതിയിലെത്തിയത്.