ധ്യാനത്തിനും വിശ്രമത്തിനും ഇറോം നാളെ മുതല്‍ അട്ടപ്പാടിയില്‍: കേരളത്തില്‍ എത്തുന്നത് മാധ്യമപ്രവര്‍ത്തകന്റെ അതിഥിയായി

മണിപ്പൂര്‍ സമര നായിക ഇറോം ചാനു ശര്‍മ്മിള ധ്യാനത്തിനും വിശ്രമത്തിനുമായി നാളെ രാവിലെ അട്ടപ്പാടിയിലെത്തും- മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ മാടാലയുടെ അതിഥിയായിട്ടാണ് ഇറോം കേരളത്തില്‍ എത്തുന്നത്.

ധ്യാനത്തിനും വിശ്രമത്തിനും ഇറോം നാളെ മുതല്‍ അട്ടപ്പാടിയില്‍: കേരളത്തില്‍ എത്തുന്നത് മാധ്യമപ്രവര്‍ത്തകന്റെ അതിഥിയായി

മണിപ്പൂരിന്റെ സമരവീര്യം ഇറോം ശര്‍മ്മിള നാളെ രാവിലെ അട്ടപാടിയില്‍ എത്തും. മണിപ്പൂരില്‍ ഇറോം നേരിട്ട പരാജയം രാജ്യത്തെ നടുക്കുന്ന ഒന്നായിരുന്നു. മണിപ്പൂരില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നതായി തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം ഇറോം മാധ്യങ്ങളോട് പറഞ്ഞിരുന്നു. ബഷീര്‍ മാടാല എന്ന മാധ്യമപ്രവര്‍ത്തകന്റെ അതിഥിയായിട്ടായിരിക്കും ഇറോം കേരളത്തിലെത്തുക. നാളെ രാവിലെ ഇറോം അഗളിയിലെ തന്റെ വീട്ടില്‍ എത്തുമെന്ന് ബഷീര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. രണ്ടു ദിവസം ഇവിടെ വിശ്രമിച്ചതിനു ശേഷമാകും പിന്നീടുള്ള പരിപാടികള്‍ ആസുത്രണം ചെയ്യുക.

ഇപ്പോള്‍ ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളീന്‍ നടത്തുന്ന കാര്‍മല്‍ ജ്യോതി ആശ്രമത്തിലാണ് ഇറോം ശര്‍മിള. കേരളത്തില്‍ ധ്യാനിക്കാനും ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിക്കാനും ഇറോം സമയം കണ്ടെത്തും. വര്‍ഷങ്ങളായി പത്രപ്രവര്‍ത്തന രംഗത്ത് സജീവമാണ് ബഷീര്‍. ഇപ്പോള്‍ സുപ്രഭാതം പത്രത്തിന്റെ സീനിയര്‍ കറസ്‌പോണ്ടന്റായി ജോലി ചെയ്യുകയാണെന്നും തനിക്ക് പത്തു വര്‍ഷത്തിലേറേയായി ഇറോമുമായി അടുത്ത സൗഹൃദമുണ്ടെന്നും ബഷീര്‍ വ്യക്തമാക്കുന്നു.

ശാന്തി എന്ന ആതുര സേവന കേന്ദ്രം നടത്തുന്ന ഉമ പ്രേമന്റെ അതിഥിയായി ഇറോം കേരളത്തില്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ബഷീര്‍ മാടലയുടെ അതിഥിയായാണ് ഇറോം കേരളത്തില്‍ എത്തുന്നതെന്നും ഇറോമിന്റെ സന്ദര്‍ശനത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും ഉമ പ്രേമന്‍ നാരദാ ന്യൂസിനോട് പ്രതികരിച്ചു.

വഞ്ചിക്കപ്പെട്ടതു പോലെ തോന്നുന്നു. മണിപ്പൂര്‍ ഞാന്‍ വിടുകയാണ് ഇനി കുറച്ചു നാള്‍ കേരളത്തില്‍ താമസിക്കണം- രാജ്യമാകെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പ് ഫലത്തിനൊടുവില്‍ മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള മാധ്യമങ്ങളോട് പറഞ്ഞു. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ജനവിധി തേടിയത്.

ജനങ്ങള്‍ തന്നെ സ്വീകരിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നതെന്നും അത് തന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞതായും തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ഇറോം മാധ്യമങ്ങളോട് പ്രതികരിച്ചു.രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നുവെന്നും ഇറോം പറയുന്നു. പക്ഷേ ജനങ്ങള്‍ നിഷ്‌കളങ്കരാണ്. അവരുടെ ജനാധിപത്യ അവകാശം ചിലര്‍ വിലയ്ക്ക് വാങ്ങിക്കുകയായിരുന്നു. ഇറോം ശര്‍മ്മിള പറഞ്ഞു. മണിപ്പൂരില്‍ നിന്നു മാറി നില്‍ക്കണമെന്നതു കൊണ്ടാണ് കേരളത്തില്‍ വരുന്നതെന്നും ഇറോം വ്യക്തമാക്കി.

Read More >>