'മംഗളം ചൊല്ലി' പിരിയാനുള്ള പോക്ക്? ചാനലിൽനിന്ന് പിന്നെയും രാജി; ഒറ്റുശീലമില്ലെന്ന് വയനാട് ലേഖകൻ

ചാനൽ സംപ്രേഷണം നിർത്തുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ജീവനക്കാര്‍ രൂക്ഷമായ പ്രതികരണം പരസ്യപ്പെടുത്തി പുറത്തേക്ക് പോകുന്നത്

മംഗളം ചൊല്ലി പിരിയാനുള്ള പോക്ക്? ചാനലിൽനിന്ന് പിന്നെയും രാജി; ഒറ്റുശീലമില്ലെന്ന് വയനാട് ലേഖകൻ

മംഗളം ചാനല്‍ വയനാട് റിപ്പോര്‍ട്ടര്‍ ദീപക് മലയമ്മയും ചാനല്‍ വിട്ടു പുറത്തേക്ക്. ജീവനക്കാരിയെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയതാണെന്ന മംഗളം ന്യൂസ് സി ഇ ഒ ആര്‍. അജിത്കുമാറിന്റെ കുറ്റസ്സമ്മതം പുറത്തുവന്നതോടെ പച്ചയ്ക്ക് തെറിവിളിച്ചുകൊണ്ട് ഡപ്യൂട്ടി ന്യൂസ് എഡിറ്ററും കോഴിക്കോട് ബ്യൂറോ ചീഫുമായ എം എം രാഗേഷ് രാജി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മംഗളം ജീവനക്കാരില്‍ നിന്നും കൂട്ടരാജിയുണ്ടാകുന്നത്.

ഒറ്റിക്കൊടുത്തും കൂട്ടിക്കൊടുത്തും ശീലം ലെവലേശം ഇല്ല എന്ന് ദീപക് മലയമ്മ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. പണി അറിയാവുന്നതിനാല്‍ അന്നം മുട്ടില്ല എന്ന ആത്മവിശ്വാസവുമുണ്ട്.ബോംബ് വര്‍ഷിക്കുന്നത് കണ്ടു നില്‍ക്കാന്‍ ത്രാണിയില്ലെന്നും അതുകൊണ്ട് നിര്‍ത്തുകയാണെന്നുമറിയിച്ച് ദീപക് മലയമ്മയും മംഗളത്തിന്റെ പടിയിറങ്ങി.

ഞാൻ ഇത്ര ദിവസം കാത്തിരുന്നത് സത്യം അവരിൽ നിന്ന് തന്നെ അറിയാനായിരുന്നെന്ന് ദീപക് മലയമ്മ നാരദാ ന്യൂസിനോട് പറഞ്ഞു.കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് മലയമ്മ സ്വദേശിയാണ് ദീപക്

മംഗളം ചാനൽ സംപ്രേഷണം നിർത്തുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ചാനലില്‍ നിന്നും ജീവനക്കാര്‍ രൂക്ഷമായ പ്രതികരണം പരസ്യപ്പെടുത്തി പുറത്തേക്ക് പോകുന്നത്

ദീപക് മലയമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

വളരെ അധികം നന്ദി. ഒറ്റിക്കൊടുത്തും കൂട്ടിക്കൊടുത്തും ശീലം ലെവലേശം ഇല്ല. പണി അറിയാം അന്നം മുട്ടില്ലെന്ന് നല്ല ബോധ്യവുമുണ്ട്.. ബോംബ് വര്‍ഷിക്കുന്നത് കണ്ടു നില്‍ക്കാന്‍ ത്രാണിയില്ല അതോണ്ട് നിര്‍ത്തി. നന്ദി