നിക്ഷേപകര്‍ ഭയന്നു; ജീവനക്കാര്‍ കൂട്ടരാജിക്കൊരുങ്ങി; മംഗളം മാപ്പിന് പിറകിലെ കാരണങ്ങള്‍

ഇതിനു മുന്‍പ് മീഡിയ സ്റ്റിങ് ഓപ്പറേഷനുകള്‍ക്ക് നേരെ നിയമ നടപടിയുണ്ടായപ്പോഴൊക്കെ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നിക്ഷേപകര്‍ക്കു നേരെയും കേസെടുത്തിരുന്നു. നിക്ഷേപകര്‍ക്കും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്കും നേരെ അന്വേഷണം നീളാനിടയുണ്ടെന്നു നിയമോപദേശം ലഭിച്ചതോടെ പലരും പിന്മാറാനൊരുങ്ങുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പരസ്യമായ മാപ്പ് പറച്ചിലിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കാം എന്ന നിലയിലേക്ക് ചാനല്‍ മാനേജ്മെന്റ് പോകുകയായിരുന്നു എന്നാണു ലഭിക്കുന്ന മറ്റൊരു വിവരം...

നിക്ഷേപകര്‍ ഭയന്നു; ജീവനക്കാര്‍ കൂട്ടരാജിക്കൊരുങ്ങി; മംഗളം മാപ്പിന് പിറകിലെ കാരണങ്ങള്‍

എ കെ ശശീന്ദ്രനെതിരായി നല്‍കിയ വാര്‍ത്ത സ്റ്റിങ് ഓപ്പറേഷനിലൂടെ സൃഷ്ടിച്ചതാണെന്നുള്ള മംഗളം ടെലിവിഷന്‍ സിഇഒ അജിത്ത് കുമാറിന്റെ തുറന്നു പറച്ചിലിനും മാപ്പ് അഭ്യര്‍ത്ഥനക്കും പ്രധാന കാരണം നിക്ഷേപകര്‍ പിന്മാറാനൊരുങ്ങിയതാണെന്നു സൂചനകള്‍. ജുഡീഷ്യല്‍ അന്വേഷണത്തിന് പിന്നാലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടതോടെ നിക്ഷേപകര്‍ ഭയപ്പെടുകയായിരുന്നു.

ഇതിനു മുന്‍പ് മീഡിയ സ്റ്റിങ് ഓപ്പറേഷനുകള്‍ക്ക് നേരെ നിയമ നടപടിയുണ്ടായപ്പോഴൊക്കെ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നിക്ഷേപകര്‍ക്കു നേരെയും കേസെടുത്തിരുന്നു. നിക്ഷേപകര്‍ക്കും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്കും നേരെ അന്വേഷണം നീളാനിടയുണ്ടെന്നു നിയമോപദേശം ലഭിച്ചതോടെ പലരും പിന്മാറാനൊരുങ്ങുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പരസ്യമായ മാപ്പ് പറച്ചിലിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കാം എന്ന നിലയിലേക്ക് ചാനല്‍ മാനേജ്മെന്റ് പോകുകയായിരുന്നു എന്നാണു ലഭിക്കുന്ന മറ്റൊരു വിവരം.

പരസ്യ ദാതാക്കളും പരസ്യ ഏജന്‍സികളും ചാനലിനോട് വിമുഖത കാട്ടിയതും ചാനലിന് തിരിച്ചടിയായി. ചാനലിനെ തുടക്കം എന്ന നിലയില്‍ പല പരസ്യദാതാക്കളും കുറഞ്ഞ കാലയളവിലേക്കാണ് പരസ്യം നല്‍കിയിരിക്കുന്നത്. കാലയളവ് അവസാനിച്ചാല്‍ പരസ്യം നീട്ടാനിടയില്ലെന്നത് സംബന്ധിച്ച വിവരവും മാനേജ്മെന്റിനെ നടക്കുകയായിരുന്നു.

ഇതിനിടെ മംഗളം ചാനല്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുക്കാനും ബഹുഭൂരിപക്ഷം പേരും പിരിഞ്ഞു പോകാനും തയ്യാറെടുക്കുന്നതായി മാനേജ്മെന്റിന് ബോധ്യപ്പെട്ടു. എഡിറ്റോറിയല്‍ അംഗങ്ങളോട് പല ജീവനക്കാര്യം ഇക്കാര്യം തുറന്നു സംസാരിക്കുകയും ചെയ്തു. ഇതും ചാനല്‍ നേതൃത്വത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. തുടര്‍ന്നാണ് പരസ്യമായി മാപ്പപേക്ഷിക്കുക എന്ന നിലപാടിലേക്കു ചാനല്‍ എത്തിയതും.

മംഗളം മാപ്പപേക്ഷിച്ചതിനുപിന്നാലെ സിഇഒ ആര്‍ അജിത്കുമാറിനും മറ്റ് ഒമ്പതു പേര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കുറ്റകരമായ ഗൂഡാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അജിത്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐ.ടി ആക്ട്, ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കല്‍, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോ?ഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.