മറൈന്‍ഡ്രൈവിലെ ശിവസേന: ന്യൂഡല്‍ഹി സിനിമ മോഡല്‍ വാര്‍ത്ത; മംഗളം ലേഖകനെ പൊലീസ് ചോദ്യം ചെയ്യും

ശിവസേന ചൂരലെടുക്കും എന്ന നിലയില്‍ മംഗളത്തില്‍ വന്ന വാര്‍ത്തയില്‍ മിഷേല്‍ ചാടിമരിച്ചത് മറൈന്‍ഡ്രൈവ് കായലിലെന്നും പരാമര്‍ശമുണ്ട്. മിഷേല്‍ കായലില്‍ വീണത് എവിടെ നിന്നാണെന്നു പൊലീസിനു പോലും ഇനിയും വ്യക്തയായിട്ടില്ല. ആറിനാണ് ലേഖകന്‍ മിഥുന്‍ പുല്ലുവഴിയെ പൊലീസ് ചോദ്യം ചെയ്യുന്നത്

മറൈന്‍ഡ്രൈവിലെ ശിവസേന: ന്യൂഡല്‍ഹി സിനിമ മോഡല്‍ വാര്‍ത്ത;  മംഗളം ലേഖകനെ പൊലീസ് ചോദ്യം ചെയ്യും

ആര്‍ക്കും കിട്ടാത്ത വാര്‍ത്ത മംഗളത്തില്‍ മാത്രം- രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശിവസേന വീണ്ടും ചൂരലെടുക്കുന്നു എന്നു തുടങ്ങിയ വാര്‍ത്ത മംഗളത്തെ പ്രതിക്കൂട്ടിലാക്കുകയാണ്. ശിവസേന മറൈന്‍ഡ്രൈവില്‍ യുവതി യുവാക്കളെ അടിച്ചോടിക്കും എന്നു പ്രവചിച്ച വാര്‍ത്തയാണ് പൊലീസിന്റെ കര്‍ശന പരിശോധനയ്ക്ക് വിധേയമായത്. സംഭവം നടക്കുന്ന ദിവസത്തെ പത്രത്തിലാണ് ന്യൂഡല്‍ഹി സിനിമാ മോഡലില്‍ പ്രവചന സ്വഭാവമുള്ള വാര്‍ത്ത വന്നത്.

മറൈന്‍ഡ്രൈവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണത്തിനു വിധേയമാക്കുന്ന സംഘത്തിനെതിരെയാണ് ഇത്തവണ ചൂരല്‍ കഷായം. മറൈന്‍ ഡ്രൈവിലെ കായലില്‍ ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കൊച്ചിയില്‍ നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. സ്‌കൂള്‍ കുട്ടികളെ വലയിലാക്കി പെണ്‍വാണിഭം നടത്തുന്ന സംഘങ്ങള്‍ ഇവിടെ സജീവമാണ്. ഇവരെ തുരത്താനാണ് പദ്ധതിയെന്ന് ശിവസേന നേതാക്കള്‍ പറയുന്നു- എന്നിങ്ങനെ ശിവസേനയ്ക്ക് അനുകൂലമായി വാര്‍ത്ത നീളുന്നു.

നേരത്തെ മറൈന്‍ഡ്രൈവില്‍ നടന്ന ചുംബന സമരത്തെ ചൂരല്‍ ഉപയോഗിച്ചു നേരിട്ടിരുന്നു. അന്ന് ചൂരല്‍ പ്രയോഗത്തിന് നേതൃത്വം നല്‍കിയ കൊച്ചി യൂണിറ്റ് തന്നെയാണ് ഇക്കുറിയും രംഗത്തിറങ്ങുന്നത്- വാര്‍ത്തയില്‍ പറയുന്നു. ലോകോളേജിലെ വിദ്യാര്‍ത്ഥികളെ അനാശാസ്യത്തിന് ഇവിടെ നിന്നു പൊലീസ് പിടിച്ചത് പ്രശ്‌നമായതിനു ശേഷമാണ് പൊലീസ് ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാത്തതെന്നും വാര്‍ത്ത കുറ്റപ്പെടുത്തുന്നു. ഇവിടെ വരുന്ന കമിതാക്കളെ പിടിച്ചാല്‍ കൂടുതല്‍ കയര്‍ത്തു സംസാരിക്കുന്നത് പെണ്‍കുട്ടികളാണ്- എന്നിങ്ങനെ വാര്‍ത്ത സ്വയം സദാചാര ഗുണ്ടായിസം നടത്തുന്നുമുണ്ട്.

മിഥുന്‍ പുല്ലുവഴിയെന്ന ബൈലൈനിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മറ്റു മാധ്യമങ്ങളിലൊന്നും അതേ ദിവസം ചൂരലെടുക്കും എന്ന വാര്‍ത്ത വന്നിട്ടില്ല. വാര്‍ത്ത വന്ന ദിവസം വൈകിട്ടാണ് ശിവസേന അടിച്ചോടിച്ചതും സംഭവം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന നിലയില്‍ പൊലീസിന് നാണക്കേടായതും.

സംഭവത്തിനു പിന്നില്‍ ഗുഢാലോചനയുണ്ടോ എന്ന പരിശോധന നടക്കുന്നതിന്റെ മറ്റൊരു കാരണം മിഷേലിന്റെ മരണത്തെ തുടര്‍ന്നാണ് ശിവസേന ചൂരലെടുക്കാന്‍ തീരുമാനിച്ചതെന്ന വാര്‍ത്തയിലെ പ്രയോഗമാണ്.

മിഷേലിന്റെ മരണം ജനശ്രദ്ധയിലേയ്ക്ക് എത്തുന്നതിനു മുന്‍പ് ശിവസേനയ്ക്ക് പ്രത്യേക താല്‍പ്പര്യം വിഷയത്തിലുണ്ടായതെങ്ങനെയെന്നതും മറൈന്‍ഡ്രൈവിലെ കായലിലാണ് മിഷേല്‍ ചാടി മരിച്ചത് എന്ന് വാര്‍ത്തയില്‍ പറയുന്നതും പ്രത്യേകം ചോദ്യം ചെയ്യപ്പെടും. മിഷേല്‍ എവിടെ നിന്നാണ് കായലിലേയ്ക്ക് വീണതെന്നു വ്യക്തമാകാതിരിക്കെ ഈ വാര്‍ത്തയില്‍ മാത്രം മറൈന്‍ഡ്രൈവ് കായലെന്നു പറയാനുള്ള കാരണമെന്തെന്നതും സംശയമുയര്‍ത്തുന്നു.

പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ് വാര്‍ത്ത ഏതെങ്കിലും തരത്തിലുള്ള ഗൂഢാലചനയാണോയെന്ന നിലയിലുള്ള വിവരങ്ങള്‍ പ്രതികളില്‍ നിന്നു ലഭിച്ചോ എന്നു വ്യക്തമാക്കാനാവില്ലെന്ന് എറണാകുളം എസിപി ലാല്‍ജി പറഞ്ഞു. വാര്‍ത്ത സംശയാസ്പദമായതിനാലാണ് ചോദ്യം ചെയ്യുന്നത്. അതിനുള്ള നോട്ടീസാണ് ലേഖകനു നല്‍കിയത്. ആറാം തിയതിയാണ് ചോദ്യം ചെയ്യല്‍- ലാല്‍ജി പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണിതെന്നും ഇത്തരത്തിലാണ് പൊലീസിന്റെ നിലപാടെങ്കില്‍ വാര്‍ത്തകള്‍ ചെയ്യാനാവില്ലെന്നും നോട്ടീസ് ലഭിച്ച വിവരം സ്ഥിതീകരിച്ച് മിഥുന്‍ പുല്ലുവഴി പറഞ്ഞു. തനിക്ക് ഓഫീസില്‍ കിട്ടിയ ഒരു ഫോണ്‍കോളില്‍ നിന്നാണ് വിവരം ലഭിച്ചത്. വിളിച്ചത് ആരാണെന്ന് അറിയില്ല- മിഥുന്‍ പറയുന്നു.

ശിവസേനയുടെ ആക്രമണത്തെ പൊലീസ് ഗൗരവത്തോടെ എടുത്ത് അന്വേഷിക്കുകയാണ്. സംഭവത്തെ ഇഴകീറി പരിശോധിക്കുന്നത് മറ്റെന്തെങ്കിലും കാരണത്താലാണോ എന്ന് പൊലീസ് വ്യക്തമാക്കുന്നില്ല.

Story by