അതിനല്ല, ഇതിനാണ് ക്ഷമയെന്ന വിചിത്ര ന്യായീകരണവുമായി മംഗളം ടി വി ന്യൂസ് എഡിറ്റര്‍; ലഭിച്ച പരാതി സത്യമാണോ എന്ന് സ്റ്റിംഗ് ഓപ്പറേഷന്‍ വഴി അന്വേഷിക്കുകയായിരുന്നെന്ന് പുതിയ വാദം

മന്ത്രിയെ ഫോണ്‍ സംഭാഷണത്തില്‍ കുടുക്കി വാര്‍ത്തയാക്കിയ സംഭവത്തില്‍ ചാനല്‍ തെറ്റു പറ്റിയെന്നറിയിച്ചിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ വിഷയം വാര്‍ത്തയാക്കിയതിലായിരുന്നില്ല ക്ഷമയെന്ന് പറഞ്ഞ് മംഗളം ടി വി ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് രംഗത്തെത്തി. വാര്‍ത്ത ചെയ്ത രീതി ആദ്യം വെളിപ്പെടുത്താതിരുന്നതിനായിരുന്നു ക്ഷമയെന്നാണ് എസ് വി പ്രദീപിന്റെ വാദം.

അതിനല്ല, ഇതിനാണ് ക്ഷമയെന്ന വിചിത്ര  ന്യായീകരണവുമായി മംഗളം ടി വി ന്യൂസ് എഡിറ്റര്‍; ലഭിച്ച പരാതി സത്യമാണോ എന്ന് സ്റ്റിംഗ് ഓപ്പറേഷന്‍ വഴി അന്വേഷിക്കുകയായിരുന്നെന്ന് പുതിയ വാദം

മന്ത്രി രാജിവെയ്ക്കാനിടയായ ഫോണ്‍സംഭാഷണം പുറത്തുവിട്ടതില്‍ മംഗളം സിഇഒ ആര്‍ അജിത്കുമാര്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ന്യായീകരണവുമായി മംഗളം ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് രംഗത്ത്. ശശീന്ദ്രന്‍ വിഷയം വാര്‍ത്തയാക്കിയതിലായിരുന്നില്ല ചാനലിന്റെ ക്ഷമ പറച്ചിലെന്ന് പ്രദീപ് പറയുന്നു. വാര്‍ത്ത കൈകാര്യം ചെയ്ത രീതി ആദ്യം വെളിപ്പെടുത്താതിരുന്നതിനാണ് ക്ഷമാപണം. ചാനലിന് ലഭിച്ച പരാതി സത്യമാണോ എന്ന് സ്റ്റിംഗ് ഓപ്പറേഷന്‍ വഴി അന്വേഷിക്കുകയായിരുന്നെന്നുമാണ് ചാനല്‍ ന്യൂസ് എഡിറ്ററുടെ പുതിയ വാദം.

ചാനലിന്റെ മാദ്ധ്യമപ്രവര്‍ത്തകയാണ ശശീന്ദ്രനോട് സംസാരിച്ചതെന്ന് ഇന്നലെ മംഗളം സിഇഒ വ്യക്തമാക്കിയതാണ്. എന്നാല്‍ പരാതിക്കാരിയുടെ സുരക്ഷ സംരക്ഷിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് ചാനല്‍ ബാധ്യത ഏറ്റെടുത്തതെന്നാണ് പ്രദീപിന്റെ വിചിത്ര ന്യായീകരണം. ജയിലെങ്കില്‍ ജയില്‍ എന്ന കാര്യത്തില്‍ ഉറച്ചു തന്നെയെന്നും പ്രദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

മന്ത്രിയുടെ തെറ്റ് ക്ഷമ പറഞ്ഞതിലൂടെ ഇല്ലാതാകില്ലെന്നും എന്നും ഓപ്പറേഷന്‍ മോഡ് വെളിപ്പെടുത്താത്തതിനാല്‍ വാര്‍ത്തയുടെ വ്യാപ്തി ഇല്ലാതാകുന്നില്ലെന്നുമാണ് ന്യായീകരണം. ശശീന്ദ്രനെ ആരൊക്കെ ഈ തരത്തില്‍ ഉപയോഗിച്ചുവെന്നും ഇത്തരക്കാര്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ചോര്‍ത്തിയോ എന്നൊക്കെയാണ് പ്രദീപിന്റെ സംശയങ്ങള്‍. ഇടതുപക്ഷ മന്ത്രിസഭയിലെ വലിയ വിള്ളല്‍ മംഗളം തുറന്നു കാട്ടിയെന്ന ന്യായീകരണ ശ്രമമാണ് പ്രദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തുന്നത്.

മംഗളം ചാനലിന്റെ വാര്‍ത്താ നിലപാടുകളില്‍ പ്രതിഷേധിച്ച് രാജിവെച്ച മാദ്ധ്യമപ്രവര്‍ത്തകയെ അധിക്ഷേപിക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കഴിഞ്ഞ ദിവസം പ്രദീപിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ശശീന്ദ്രനൊപ്പം നില്‍ക്കുന്ന ഫോട്ടോ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിച്ചതിന് പ്രദീപിനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാദങ്ങള്‍ നിരത്തി ചാനല്‍ വാര്‍ത്തയെ ന്യായീകരിക്കാനുള്ള വാദങ്ങളുമായി പ്രദീപ് രംഗത്തെത്തിയത്. പുതിയ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ ആളുകള്‍ പൊങ്കാല നിരത്തുകയാണ്.