മംഗളം വിവാദത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ അജിത്‌കുമാർ മാത്രമല്ല; സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ് നാരായണനെതിരെ ഗുരുതര ആരോപണങ്ങളുമായി രാജിവച്ച ജീവനക്കാരി അല്‍നീമ

മംഗളം ചാനലിൻ്റെ അടിത്തറയിളക്കിയ ആദ്യ രാജിയായിരുന്നു അൽ നീമ അഷ്റഫിൻ്റേത്. സംസ്ഥാനത്തെ ഒരു മുഖ്യധാരാ മാധ്യമത്തിലും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലും അൽ നീമയാണെന്നു മന്ത്രിയെ ഫോൺ ചെയ്തത് എന്ന നിലയില്‍ വാര്‍ത്ത വന്നിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ പിറകിലെ വസ്തുതകളും അതിനു പിന്നിലെ യഥാർത്ഥ സുത്രധാരനേയും പറ്റി അൽ നീമ നാരദയോടു സംസാരിക്കുന്നു...

മംഗളം വിവാദത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ അജിത്‌കുമാർ മാത്രമല്ല; സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ് നാരായണനെതിരെ ഗുരുതര ആരോപണങ്ങളുമായി രാജിവച്ച ജീവനക്കാരി അല്‍നീമ

മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച മംഗളം അശ്ലീല സംഭാഷണ വിവാദത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ ഇപ്പോഴും വാര്‍ത്തകളുടെ പിന്നാമ്പുറത്തില്‍. പൊതുസമൂഹത്തില്‍ മംഗളം ടെലിവിഷന്റെ സിഇഒ അജിത് കുമാറും ന്യുസ് എഡിറ്റര്‍മാരും ആരോപണ വിധേയരായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴാണ്, സ്റ്റിങ് ഓപ്പറേഷന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ മാധ്യമങ്ങള്‍ക്കു പിടികൊടുക്കാതെ നടക്കുന്നത്- മംഗളം ദിനപത്രത്തിന്റെ സീനിയര്‍ റിപ്പോര്‍ട്ടറായ എസ് നാരായണന്‍ എന്ന ജയചന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങളാണ്, ഫോണ്‍ വിവാദത്തെ തുടര്‍ന്നു മംഗളം ചാനലില്‍ നിന്നും രാജിവച്ച അല്‍നീമ അഷ്‌റഫ് ഉയര്‍ത്തുന്നത്.

മന്ത്രിയുടെ രാജി വിവാദമായതിനെ തുടര്‍ന്നു ഫോണ്‍വിളിച്ചത് കൊല്ലം സ്വദേശിയായ ഇരുപത്തിനാലുകാരിയാണെന്നു മറ്റുമാധ്യമങ്ങളെക്കൊണ്ട് എഴുതിച്ചതും എസ് നാരായണന്റെ ബുദ്ധിയായിരുന്നുവെന്നു അല്‍നീമ പറയുന്നു. സംസ്ഥാനത്തെ ഒരു മുഖ്യധാരാ മാധ്യമത്തിലും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലും താനാണ് അതിനുകാരണക്കാരി എന്ന നിലയില്‍ വാര്‍ത്ത വന്നിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ പിറകില്‍ താനാണെന്നു വരുത്തിതീര്‍ത്തു വിവാദങ്ങളെ വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളാണ് അവിടെ നടന്നത്. അതിന്റെ പിറകില്‍ പ്രവര്‍ത്തിച്ചയാള്‍ ജയചന്ദ്രനാണ്- അല്‍നീമ നാരദാ ന്യൂസിനോടു പറഞ്ഞു.

മംഗളത്തിന്റെ ഓഫീസില്‍ വച്ച് ഒരു ജീവനക്കാരന്‍ 'നീയാണോ മന്ത്രിയെ വിളിച്ചത്' എന്നു എന്നോടു ചോദിച്ച സംഭവം വരെയുണ്ടായി. മാത്രമല്ല കഴിഞ്ഞ ദിവസം സിഇഒ മാപ്പു പറഞ്ഞപ്പോള്‍ മംഗളത്തിലെ ഒരു മാധ്യമപ്രവര്‍ത്തക സ്വയം ഏറ്റെടുത്തു ചെയ്ത ഓപ്പറേഷനാണ് ഇത് എന്നാണ് വ്യക്തമാക്കിയത്. ഒരു പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്കു മുന്നില്‍ ഇരയായി ഇട്ടുകൊടുക്കുകയാണ് ചാനല്‍ ചെയ്തിരിക്കുന്നത്. ഒരുപെണ്‍കുട്ടി സ്വന്തമായി തീരുമാനമെടുത്ത് ഇക്കാര്യങ്ങള്‍ ചെയ്തു എന്നുപറയുമ്പോള്‍ മറ്റുള്ളവര്‍ കുറ്റവിമുക്തരാകുകയാണ് ചെയ്യുന്നത്. ഇതില്‍ പറയുന്ന പെണ്‍കുട്ടി ഇതിന്റെ വരുവരായ്കകളെപ്പറ്റി ചിന്തിച്ചിട്ടുണ്ടാകില്ല. താന്‍ ചെയ്തത് ഒരു ക്രിമിനല്‍ കുറ്റമാണെന്നു കൂടി ആ പെണ്‍കുട്ടിക്കു അറിയില്ലായിരിക്കാം- അല്‍നീമ പറഞ്ഞു.

സ്റ്റിങ് ഓപ്പറേഷനുവേണ്ടി അഞ്ചുപേരുള്ള ഒരു സംഘത്തെയാണ് ചാനല്‍ തെരഞ്ഞെടുത്തത്. എന്തുവഴിയിലും വാര്‍ത്തയുണ്ടാക്കുക എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം. ഇക്കാര്യം ജയചന്ദ്രന്‍ തന്നോടു സംസാരിച്ചുവെന്നും അല്‍നീമ പറയുന്നു. എന്നാല്‍ എനിക്കു ഇക്കാര്യം തെറ്റാണെന്നു മനസ്സിലായതിനാല്‍ താന്‍ വിസമ്മതിക്കുകയായിരുന്നു. നല്ല രീതിയില്‍ മാത്രം വാര്‍ത്തയെടുക്കുന്ന നീക്കങ്ങള്‍ക്കു മാത്രമേ താന്‍ ഉണ്ടാകു എന്നു അപ്പോള്‍ത്തന്നെ ജയചന്ദ്രനോടു പറഞ്ഞതായും അല്‍നീമ വെളിപ്പെടുത്തി. അതിന്റെ പേരില്‍ അദ്ദേഹത്തിനു തന്നോടു അനിഷ്ടമുണ്ടായിട്ടുണ്ടെന്നും അല്‍നീമ പറയുന്നു.

ജയചന്ദ്രനോട് എന്തിന് അങ്ങനെ പറഞ്ഞുവെന്നു ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പെണ്‍കുട്ടി തന്നോടു ചോദിച്ചിരുന്നു. സ്ഥാപനമല്ലേ വലുത് എന്നാണ് ആ കുട്ടി തന്നോടു പറഞ്ഞതെന്നും അല്‍നീമ പറയുന്നു. എന്നാല്‍ സ്ഥാപനത്തേക്കാളും മാധ്യമ ധാര്‍മ്മികതയാണു വലുതെന്ന് അപ്പോള്‍ ആ കുട്ടിക്ക് അറിയില്ലായിരുന്നുവെന്നാണ് അല്‍നീമയുടെ ഭാഗം. ധാര്‍മ്മികത അടിസ്ഥാനമാക്കിയല്ല പല മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ശരിയും തെറ്റും വേര്‍തിരിച്ചറിയാനുള്ള സാമാന്യബുദ്ധി അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടാകേണ്ടതാണെന്നും അവര്‍ പറഞ്ഞു.

മംഗളത്തിലെ പല സഹപ്രവര്‍ത്തകരും എന്റെ രാജിക്കു ശേഷം എന്നെ വളിച്ചിരുന്നു. കഴിഞ്ഞ ദിവസം വിളിച്ച ഒരു കുട്ടിഎന്നോടു പറഞ്ഞത് നീ ഈ കാണിച്ചത് പ്രശസ്തയാകാന്‍ വേണ്ടിയുള്ള നാടകമായിരുന്നുവെന്നാണ്. അവരോട് എനിക്കുസഹതാപം മാത്രമാണ്. നമ്മള്‍ ഒരു തെറ്റിനു കൂട്ടു നിന്നാല്‍ വീണ്ടും അതുപോലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ മുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാകും. അതിനു എനിക്കു താല്‍പര്യമില്ല. ഞാന്‍ സംസാരിച്ചത് എനിക്കുവേണ്ടി മാത്രമല്ല. മറ്റുള്ള പെണ്‍കുട്ടികള്‍ക്കു കൂടി വേണ്ടിയാണ്. ഇക്കാര്യം അവര്‍ മനസ്സിലാക്കുന്നില്ല-അല്‍നീമ ചൂണ്ടിക്കാട്ടുന്നു. ഒരുപക്ഷേ താന്‍ ആ ടീമിലുണ്ടായിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസം സിഇഒ മാപ്പ് പറഞ്ഞപ്പോള്‍ കുറ്റക്കാരിയായി തന്നെയാണ് ചുണ്ടിക്കാട്ടിയിട്ടുണ്ടാവുകയെന്നും അവര്‍ പറഞ്ഞു.

തന്റെ രാജിക്കു പിറകേ ഗുരുതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട മംഗളം ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപിനെതിരെയും അല്‍നീമ ആഞ്ഞടിച്ചു. മംഗളത്തില്‍ വ്യാജരേഖ നല്‍കിയാണ് താന്‍ ജോലിക്കുകയറിയെന്നാണ് പ്രദീപ് പറയുന്നത്. എന്റെ ക്വാളിഫിക്കേഷന്‍ എന്താണെന്നു ഞാന്‍ പഠിച്ച എംജി യൂണിവേഴ്‌സിറ്റിയില്‍ ആര്‍ക്കും അനേ്വഷിക്കാവുന്നതാണ്. എനിക്കു കിട്ടിയ മാര്‍ക്ക് എത്രയാണെന്നും അനേ്വഷിക്കാം. അതൊന്നും രഹസ്യമല്ല. ഞാന്‍ വ്യാജരേഖ നല്‍കിയാണ് ജോലിക്കു കയറിയതെങ്കില്‍ അതറിഞ്ഞ നിമിഷം എന്നെ പുറത്താക്കുകയല്ലേ വേണ്ടിയിരുന്നതെന്നും അല്‍നീമ ചോദിക്കുന്നു. എസ് വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന പോലെ തന്നെ ഒരുവര്‍ഷം നോക്കാമെന്നുള്ള തീരുമാനങ്ങളൊന്നും അജിത്കുമാര്‍ എടുത്തിട്ടില്ലെന്നും അല്‍നീമ പറഞ്ഞു.

ഒരുപക്ഷേ എനിക്ക് മറ്റൊരിടത്തും ജോലി കിട്ടില്ലായിരിക്കും. എങ്കിലും എടുത്ത തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയാണ്. എസ് വി പ്രദീപ് തനിക്കെതിരെ എന്തുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്നു മനസ്സിലാകുന്നില്ല. പ്രദീപ് അല്‍നീമ എന്ന കുട്ടിയെ എത്രത്തോളം തരംതാഴ്ത്താമോ അത്രത്തോളം തരംതാഴ്ത്തിയാണ് മംഗളത്തോട് തന്റെ കൂറ് വ്യക്തമാക്കുന്നത്. പക്ഷേ ഇക്കാര്യം ഞാന്‍ ഒരു പ്രശ്‌നമായി എടുത്തിട്ടില്ല. -അല്‍നീമ നാരദാ ന്യൂസിനോട് പറയുന്നു.