വ്യാജപ്രചരണത്തിന് മംഗളം എഡിറ്റര്‍മാരും കുടുങ്ങും; വാട്‌സ്ആപ്പിലൂടെ പെണ്‍കുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ചത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

എ കെ ശശീന്ദ്രനൊപ്പം നില്‍ക്കുന്ന ഫോട്ടോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തതിനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുത്തിരുന്നു. ഐടി നിയമം 66E വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് മലപ്പുറം എസ്പിയ്ക്ക് കൈമാറിയിരുന്നു. മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ശിക്ഷയാണ് കുറ്റം തെളിഞ്ഞാല്‍ പ്രതികള്‍ക്ക് ലഭിക്കുക.

വ്യാജപ്രചരണത്തിന് മംഗളം എഡിറ്റര്‍മാരും കുടുങ്ങും; വാട്‌സ്ആപ്പിലൂടെ പെണ്‍കുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ചത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

എ കെ ശശീന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തതിന് പെണ്‍കുട്ടിയുടെ പരാതി പ്രകാരം ഐടി നിയമത്തിലെ 66E വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. സ്വകാര്യതയെ ഹനിക്കുന്ന രീതിയില്‍ പ്രചരണം നടത്തിയതിന് മൂന്ന് വര്‍ഷം വരെ തടവു ശിക്ഷയോ രണ്ട് ലക്ഷം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. മംഗളം ചാനല്‍ സിഇഒ ആര്‍ അജിത്കുമാര്‍ ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് എന്നിവര്‍ക്കെതിരെ മലപ്പുറം എസ്പിയ്ക്കും വനിതാ കമ്മീഷനും പെണ്‍കുട്ടി പരാതി നല്‍കി.

മാദ്ധ്യമപ്രവര്‍ത്തകരുള്‍പ്പെട്ട ഇന്നത്തെ പരിപാടി, ഷാര്‍പ്പ് ഐ 24X7 എന്നീ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് അജിത്കുമാറും പ്രദീപും ശശീന്ദ്രനൊപ്പം പെണ്‍കുട്ടി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ശശീന്ദ്രനൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖം മറയ്ക്കാതെയുള്ള ചിത്രങ്ങളായിരുന്നു ഇത്. വിവാദഫോണ്‍ സംഭാഷണത്തിലെ പെണ്‍കുട്ടി ഇതാണെന്ന തെറ്റിദ്ധാരണയും ഇതിലൂടെയുണ്ടായി. ഇതെ തുടര്‍ന്നാണ് പെണ്‍കുട്ടി നിയമനടപടിയ്‌ക്കൊരുങ്ങിയത്.

മലപ്പുറം അരിയെല്ലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മംഗളം ചാനല്‍ മേധാവികള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്‌സ് ചെയ്യുകയാണ് പെണ്‍കുട്ടി. കഴിഞ്ഞ മാസം മൂന്നിന് സ്ഥാപനത്തില്‍ നടന്ന എക്‌സിബിഷന്‍ ഉദ്ഘാടനത്തിനാണ് മന്ത്രിയെത്തിയത്. ഉദ്ഘാടനത്തിനിടെ പെണ്‍കുട്ടിയെ നോക്കി മന്ത്രി ചിരിക്കുന്ന ചിത്രമാണ് മംഗളം മേധാവികളുള്‍പ്പെടെ പ്രചരിപ്പിച്ചത്.

പൊലീസ് അന്വേഷണത്തില്‍ വ്യാജപ്രചരണം നടത്തിയന്നെും സ്വകാര്യത ഹനിച്ചതായും കണ്ടെത്തിയാല്‍ ഐടി നിയമത്തിലെ 66E വകുപ്പിനു പുറമെ 72, 74 വകുപ്പുകള്‍ പ്രകാരവും കേസ് ചുമത്താനാകുമെന്നാണ് സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ട് വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.

നവമാദ്ധ്യമങ്ങളിലൂടെ മംഗളം ടെലിവിഷനെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഒരാളെ പോലും വെറുതെ വിടില്ലെന്നുമായിരുന്നു മംഗളം സിഇഒ ആര്‍ അജിത്കുമാര്‍ ചാനലിലൂടെ പ്രഖ്യാപിച്ചത്. എന്നാല്‍ മംഗളം ചാനലിന്റെ തലപ്പത്തുള്ള അജിത്കുമാറിനും മറ്റുള്ളവര്‍ക്കും നേരെ ഈ വാക്കുകള്‍ തിരിഞ്ഞു കൊത്തുകയാണ്.