തെറ്റ് ഏറ്റുപറഞ്ഞ് മംഗളം; മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് ശശീന്ദ്രനെ കുടുക്കുകയായിരുന്നുവെന്ന് ആര്‍ അജിത്ത് കുമാര്‍

അതൊരു സ്റ്റിംഗ് ഓപ്പറേഷനായിരുന്നു. മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണിത്. സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് അതിന് ഉപയോഗിച്ചത്. അത് തെറ്റായിപ്പോയെന്നും അതില്‍ മംഗളം ടെലിവിഷന് നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ആർ അജിത്ത് കുമാർ പറഞ്ഞു.

തെറ്റ് ഏറ്റുപറഞ്ഞ് മംഗളം; മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് ശശീന്ദ്രനെ കുടുക്കുകയായിരുന്നുവെന്ന് ആര്‍ അജിത്ത് കുമാര്‍

എ കെ ശശീന്ദ്രനെതിരായ ഫോണ്‍ കോള്‍ വാര്‍ത്തയില്‍ തെറ്റുപറ്റിയെന്ന് മംഗളം സിഇഒ ആര്‍ അജിത്ത് കുമാര്‍. മംഗളം ടെലിവിഷന്‍ വഴിയാണ് അജിത്ത്കുമാര്‍ വിശദീകരണം നല്‍കിയത്. അതൊരു സ്റ്റിംഗ് ഓപ്പറേഷനായിരുന്നു. മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണത്. സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് അതിന് ഉപയോഗിച്ചതെന്നും അജിത്ത് കുമാര്‍ പറഞ്ഞു. ആ നടപടി തെറ്റായിപ്പോയെന്നും അതില്‍ മംഗളം ടെലിവിഷന് നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അജിത്ത് പറഞ്ഞു.

വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണ്. വാര്‍ത്ത പൂര്‍ണരൂപത്തില്‍ മുന്‍കരുതലെടുക്കാതെയാണ് സംപ്രേഷണം ചെയ്തത്. ഇത് തിരിച്ചറിയുന്നു. വ്യാപകമായ സത്യവിരുദ്ധ പ്രചാരണം നടക്കുന്നതുകൊണ്ടാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്.

സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അജിത്ത് കുമാര്‍ പറഞ്ഞു. മംഗളം തിന്മക്കെതിരായ പോരാട്ടം തുടരും. ഒരു വീഴ്ചയുടെ പേരില്‍ ഈ മാധ്യമസംരംഭത്തെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് അജിത്ത് കുമാര്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ ഇക്കാര്യം പറയാനിരിക്കുകയായിരുന്നുവെന്നും അജിത്ത് പറഞ്ഞു.

Read More >>