ഫോണ്‍വിളി വിവാദം; ചാനല്‍ സിഇഒ ഉള്‍പ്പെടെയുള്ളവര്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി

മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാര്‍ അടക്കം ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ചിന്റെ ഓഫിസിലാണ് ഇവര്‍ ഹാജരായത്. നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.

ഫോണ്‍വിളി വിവാദം; ചാനല്‍ സിഇഒ ഉള്‍പ്പെടെയുള്ളവര്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി

മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിക്ക് കാരണമായ ഫോണ്‍കെണി വിവാദത്തില്‍ പ്രതിസ്ഥാനത്തുള്ളവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാര്‍ അടക്കം ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ചിന്റെ ഓഫിസിലാണ് ഇവര്‍ ഹാജരായത്. നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇവര്‍ നിരാകരിച്ചു. അറസ്റ്റ് ഒഴിവാക്കണമെന്ന് കാണിച്ച് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ല. അറസ്റ്റ് തടയാനാകില്ലെന്ന് വിശദമാക്കിയ കോടതി, പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത് നിയമം അനുസരിക്കാത്തതിനെ തെളിവാണെന്നും പറഞ്ഞു. ഞായറാഴ്ച ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട സമയം തീര്‍ന്നിരുന്നു.

അതേസമയം അന്വേഷണ സംഘം ചാനലിലെ കൂടുതല്‍ പേരില്‍ നിന്ന് മൊഴി എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് ശേഷം ചാനലിനെതിരേ പരസ്യ നിലപാടെടുത്ത് രാജിവച്ച മാധ്യമപ്രവര്‍ത്തകരില്‍ നിന്നും മൊഴിയെടുക്കും. ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും മൊഴിയെടുക്കുക. ക്രൈം ബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസിന്റെ അടിസ്ഥാനത്തില്‍ ചാനല്‍ സിഐ അടക്കം 9 പേര്‍ക്കെതിരെ ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ചാനല്‍ ഓഫീസിലെത്തി പരിശോധന നടത്തുകയും ചെയ്തു.

കഴിഞ്ഞമാസം 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍, സഹായമഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയെ ലൈംഗികതയ്ക്ക് പ്രേരിപ്പിച്ചു എന്നതിന് തെളിവെന്നു പറഞ്ഞ് മന്ത്രിയുടെ അശ്ലീലച്ചുവയുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ചാനല്‍ പുറത്തുവിടുകയായിരുന്നു. ചാനല്‍ ലോഞ്ചിന്റെ ഭാഗമായി പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രി രാജിവച്ചത്. എന്നാല്‍ സംഭവം വന്‍ വിവാദമായതോടെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മന്ത്രിയെ കുടുക്കിയതാണെന്ന് ചാനല്‍ മേധാവി പിന്നീട് സമ്മതിച്ചു.