മംഗളം അറസ്റ്റ്; അഞ്ച് പേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു

വാര്‍ത്ത അവതരിപ്പിച്ച ലക്ഷ്മി കെ മനോജ്, ന്യൂസ് എഡിറ്റര്‍ മഞ്ജിത് വര്‍മ്മ, ഋഷി കെ മനോജ്, ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ് എന്നിവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

മംഗളം അറസ്റ്റ്; അഞ്ച് പേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു

ഫോണ്‍ വിവാദത്തില്‍ അറസ്റ്റിലായ മംഗളം സിഇഓ അജിത്കുമാര്‍ അടക്കം അഞ്ച് പേരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സിഇഓ അജിത് കുമാര്‍, എംബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ്,കെ ജയചന്ദ്രന്‍ എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.ഇന്നലെ രാത്രിയാണ് അജിത്ത് കുമാര്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യുന്നതിന് വിളിച്ചു വരുത്തിയ ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മന്ത്രിയെ ഫോണില്‍ വിളിച്ച യുവതി ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ഹാജരായിരുന്നില്ല.

ചാനല്‍ കുറ്റകരമായ ഗൂഡോലോചന നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. ലൈംഗികച്ചുവയുള്ള സംഭാഷണം ചാനലില്‍ കൂടി പരസ്യമായി സംപ്രേഷണം ചെയ്യുകയും, ഒരാളെ കരുതിക്കൂട്ടി വ്യക്തിഹത്യ ചെയ്യാനായുള്ള ഗൂഡാലോചന നടത്തുകയും, ലൈംഗികച്ചുവയുള്ള ഫോണ്‍ റെക്കോഡിങ്ങ് ഫെയ്‌സ്ബുക്ക് വഴി പരസ്യപ്പെടുത്തുകയും ചെയ്തു എന്ന കുറ്റങ്ങള്‍ ചുമത്തിയാണ് മംഗളം ചാനലിനെതിരെ കേസെടുത്തിരിക്കുന്നത്.

വാര്‍ത്ത അവതരിപ്പിച്ച ലക്ഷ്മി കെ മനോജ്, ന്യൂസ് എഡിറ്റര്‍ മഞ്ജിത് വര്‍മ്മ, ഋഷി കെ മനോജ്, ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ് എന്നിവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സാജന്‍ വര്‍ഗീസ്, ലക്ഷ്മി എന്നിവരോട് ആവശ്യപ്പെടുമ്പോള്‍ പൊലീസിന് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ആറംഗ പ്രത്യേക അന്വേഷണസംഘത്തിനാണ് അന്വേഷണചുമതല.ഐ.ജി. ദിനേന്ദ്ര കശ്യപ് മേല്‍നോട്ടം വഹിക്കുന്ന സംഘത്തില്‍ ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പാലക്കാട് എസ്.പി പ്രതിഷ്, കോട്ടയം എസ്.പി എന്‍. രാമചന്ദ്രന്‍, ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി. ഷാനവാസ്, സബ് ഇന്‍സ്‌പെക്ടര്‍ സുധാകുമാരി എന്നിവരാണ് സംഘത്തിലുള്ള മറ്റു അംഗങ്ങള്‍

Story by