വികാരിയുടെയും കെസിവൈഎം നേതാവിന്റെയും പീഡനം; പോലീസ് അന്വേഷണം തണുക്കുന്നു; കൂട്ടുപ്രതികളെ രക്ഷിക്കാൻ ആസൂത്രിത നീക്കം

തുടക്കത്തിൽ കൃത്യമായി മുന്നേറിയ പോലീസ് അന്വേഷണം പിന്നീട് സഭയിലെ ഉന്നതർക്ക് നേരെ തിയഞ്ഞപ്പോൾ മന്ദീഭവിക്കുകയായിരുന്നു. കൊട്ടിയൂർ പീഡനക്കേസിലെ ജാഗ്രതപോലും പനമരം പീഡനക്കേസിൽ പോലീസ് പുലർത്തുന്നില്ല.

വികാരിയുടെയും കെസിവൈഎം നേതാവിന്റെയും പീഡനം; പോലീസ് അന്വേഷണം തണുക്കുന്നു; കൂട്ടുപ്രതികളെ രക്ഷിക്കാൻ ആസൂത്രിത നീക്കം

സഭാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുന്നേറിയ പീഡനക്കേസുകളുടെ അന്വേഷണം തണുക്കുന്നു. ഫാദർ റോബിൻ വടക്കുംചേരിയുടെ പീഡനവുമായി ബന്ധപ്പെട്ട വിവരം ചൈൽഡ് ലൈൻ പൊലീസിന് കൈമാറിയ ഉടൻ ദ്രുതഗതിയിൽ നീക്കങ്ങൾ നടത്തിയ പോലീസ് കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലുൾപ്പെടെ ഇപ്പോൾ ഉദാസീനതയോടെയാണ് നീങ്ങുന്നത്.
കെസിവൈഎം നേതാവ് സിജോ ജോർജ് സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതോടെ കാര്യങ്ങൾ അവസാനിപ്പിച്ച മട്ടിലാണ് അന്വേഷണസംഘം. കൊട്ടിയൂർ പീഡനക്കേസിൽ ഇര പ്രസവിച്ച ആശുപത്രിക്കെതിരെയും നവജാതശിശുവിന്റെ കാര്യത്തിൽ നിയമവിരുദ്ധമായ തീരുമാനം കൈക്കൊണ്ട ശിശുക്ഷേമസമിതിക്കെതിരെയും ശിശുവിനെ ഏറ്റെടുത്ത അനാഥാലയത്തിനെതിരെയും പോലീസ് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ സമാനമായ രീതിയിൽ കെസിവൈഎം നേതാവിന്റെ പീഡനം മറച്ചുവെച്ച കോഴിക്കോട്ടെ ആശുപത്രി, ശിശുക്ഷേമ സമിതി, അനാഥാലയം എന്നിവക്ക് നേരെ ഇതുവരെ അന്വേഷണസംഘം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കൊട്ടിയൂർ സംഭവത്തിൽ പോലീസ് കേസെടുത്ത ക്രിസ്തുരാജ് ആശുപത്രി അധികൃതർ, വയനാട് ശിശുക്ഷേമസമിതി അംഗങ്ങൾ, അനാഥാലയത്തിന്റെ നടത്തിപ്പുകാർ, കല്ലുമുട്ടി ക്രിസ്തുദാസി കോൺവെന്റിലെ കന്യാസ്ത്രീകൾ എന്നിവരുടെ അറസ്റ്റ് വൈകുകയാണ്. പോസ്കോ നിയമം ചുമത്തിയതിനാൽ മുൻ‌കൂർ ജാമ്യം നേടാൻ കഴിയില്ലെന്നും കോടതിയിൽ കീഴടങ്ങാനാണ് സാധ്യതയെന്നുമാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.
കേസിലെ പ്രതികൾ വയനാട്ടിൽ തന്നെയുണ്ടെന്ന തരത്തിൽ തുടക്കത്തിലേ റിപ്പോർട്ടുകൾ വന്നിരുന്നു. സഭയാണ് പ്രതികളെ സംരക്ഷിക്കുന്നത് എന്ന് വിശ്വാസികൾ തന്നെ സോഷ്യൽ മീഡിയയിലും മറ്റും അഭിപ്രായപ്പെടുകയുണ്ടായി. സഭയിലെ പ്രമുഖർക്ക് നേരെ അന്വേഷണം നീങ്ങുമെന്നായപ്പോൾ പോലീസ് സംഘം പിന്മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

Read More >>