മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് ആരാണ് തുരങ്കം വെയ്ക്കുന്നത്?

കോഴിക്കോട്-ബാംഗ്ലൂര്‍ ദേശീയപാതയില്‍ മാനാഞ്ചിറ മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള റോഡിന്റെ വികസനം ഭൂമി ഏറ്റെടുക്കലില്‍ തട്ടി നില്‍ക്കുന്നു. ഫണ്ടില്ലാത്തതാണ് റോഡ് വികസനത്തെ ഏറെ വലയ്ക്കുന്നത്. കിഫ്ബി ( കേരള ഇന്‍ഫ്രാസ്ട്രക്ച്ചർ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) വഴി നടപ്പാക്കുന്ന 4000 കോടി രൂപയുടെ പദ്ധതിയില്‍ ഈ റോഡ് വികസനവും ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രഖ്യാപനം പാഴ്വാക്കായി.

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് ആരാണ് തുരങ്കം വെയ്ക്കുന്നത്?

കോഴിക്കോട്-ബാംഗ്ലൂര്‍ ദേശീയപാതയില്‍ മാനാഞ്ചിറ മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള റോഡിന്റെ വികസനം ഭൂമി ഏറ്റെടുക്കലില്‍ തട്ടി നില്‍ക്കുന്നു. രണ്ടു ഘട്ടങ്ങളിലായി പലയിടത്തായി സ്ഥലമേറ്റെടുത്തെങ്കിലും തുടര്‍ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇതിനിടയില്‍ മലാപ്പറമ്പ് ജംഗ്ഷനില്‍ മാത്രമാണ് കുറച്ചെങ്കിലും റോഡ് വീതി കൂട്ടല്‍ നടന്നത്. ഫണ്ടില്ലാത്തതാണ് റോഡ് വികസനത്തെ ഏറെ വലയ്ക്കുന്നത്. മൂന്നുമാസത്തിനിടെ ഈ റോഡില്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരുടെ ജീവൻ പൊലിഞ്ഞു. നാല് വര്‍ഷത്തിനിടെ 40 പേരുടെ ജീവന്‍ അപകടം തട്ടിയെടുത്തു. കിഫ്ബി ( കേരള ഇന്‍ഫ്രാസ്ട്രക്ച്ചർ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) വഴി നടപ്പാക്കുന്ന 4000 കോടി രൂപയുടെ പദ്ധതിയില്‍ ഈ റോഡ് വികസനവും ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രഖ്യാപനം പാഴ്വാക്കായി.

ഫണ്ടില്ലാത്ത റോഡ് വികസനം...

നഗരപാത വികസന പദ്ധതിയിലെ ഏഴു റോഡുകളില്‍ പ്രധാനമാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് പാത. അതുകൊണ്ടുതന്നെ നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. റോഡ് വികസനത്തിനായി ആക്ഷന്‍ കമ്മിറ്റി നാല് വര്‍ഷത്തിനിടെ നല്‍കിയത് ഒന്നര ഡസനോളം നിവേദനങ്ങൾ. ഡോ. എം ജി എസ് നാരായണന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി നടത്തിയ നിരാഹാര സമരത്തെതുടര്‍ന്നാണ് ആദ്യഘട്ടത്തില്‍ റോഡിനായി 60 കോടി രൂപ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇത് ഉപയോഗിച്ചാണ് മലാപറമ്പ് ജംഗ്ഷനിലെ സ്ഥലം ഏറ്റെടുത്തത്. ഭൂമി നഷ്ടമായവര്‍ക്ക് ഇവിടത്തെ കച്ചവടക്കാര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജായ 1.86 കോടി രൂപ ഇതുവരെ നല്‍കിയതുമില്ല. പദ്ധതി അനന്തമായി നീളുന്ന സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹരജിയെ തുടര്‍ന്ന് 2015 മാര്‍ച്ച് 31ന് മുമ്പ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നു. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരയിനത്തില്‍ മാത്രം 350 കോടി രൂപയാണ് വേണ്ടത്. റോഡ് നവീകരണത്തിന് 120 കോടിയും. എന്നാല്‍ ഇക്കാലയളവില്‍ ലഭിച്ചതാകട്ടെ 60 കോടി രൂപയുടെ ഫണ്ടും.


ജില്ലാഭരണകൂടത്തിന്റെ അനാസ്ഥ......

വൻ തുക നല്‍കി മാനാഞ്ചിറ-വെള്ളിമാടുകുന്നിലെ 8.5 കിലോമീറ്റര്‍ റോഡ് നവീകരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുന്‍ ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന്റെ നിലപാട്. തുടക്കത്തില്‍ സഹകരിച്ച പ്രശാന്ത് പിന്നീട് പദ്ധതിയോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം പി വാസുദേവന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് എം ജി എസ് നാരായണന്‍ ഭൂമാഫിയയുടെ ആളാണെന്ന മുന്‍ കളക്ടറുടെ ആരോപണം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡില്‍ ഫ്രീ ലെഫ്റ്റ് ഇല്ലാതെ വീര്‍പ്പുമുട്ടുന്ന മലാപറമ്പ് ജംഗ്ഷന്‍ വികസനത്തിനായി 45.5 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഏറ്റെടുക്കാനാവശ്യമായ നിര്‍ദ്ദേശം ജില്ലാ ഭരണകൂടത്തില്‍ നിന്നുണ്ടായാല്‍ പ്രവര്‍ത്തനം ത്വരിതഗതിയില്‍ നടക്കും. എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ടെങ്കിലും വേഗത്തില്‍ സര്‍ക്കാര്‍ പണം അനുവദിച്ചാല്‍ മാത്രമേ റോഡ് വികസനം തുടരാനാവുകയുള്ളു. മുന്‍ ജില്ലാ കളക്ടര്‍ നാലുകോടി രൂപ സാങ്കേതികാനുമതി നല്‍കാതെ തിരിച്ചയച്ചിരുന്നു. തര്‍ക്കം പരിഹരിച്ച് സര്‍ക്കാര്‍ ഭൂമിയിലെ മരം വെട്ടാനുള്ള വനംവകുപ്പിന്റെ അനുമതി ലഭിച്ചിട്ടും ജില്ലാഭരണകൂടം അതും മുഖവിലയ്‌ക്കെടുത്തില്ല. മലാപ്പറമ്പ് ജംങ്ഷന്റെ രണ്ടു ഭാഗങ്ങളിലായി കുറെയെറെ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞെങ്കിലും ഇവിടങ്ങളിലെ വൈദ്യുതി തൂണുകളും സ്വകാര്യ ടെലികോം കമ്പനിയുടെ ഇന്റര്‍നെറ്റ് കേബിളുകള്‍ പോകുന്ന തൂണുകളും മാറ്റാനായിട്ടില്ല. നിലവില്‍ മണ്ണെടുത്ത സ്ഥലത്ത് മുറിച്ചിട്ട മരങ്ങളും മറ്റും നീക്കം ചെയ്തു കഴിഞ്ഞാലും റിലയന്‍സ് കമ്പനിയുടെ ടെലികോം തൂണുകള്‍ ഉള്ളതിനാല്‍ വാഹനങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും വീതികൂട്ടിയ വഴിയിലൂടെ പോകാനാകില്ല. ഇതും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

ഭൂമി വിട്ടുനല്‍കാന്‍ ഉടമകള്‍ തയ്യാറായിട്ടും....

എട്ട് ഏക്കറോളം ഭൂമിയാണ് റോഡ് വികസനത്തിന് ആവശ്യമായിട്ടുള്ളത്. ഇതില്‍ ലഭ്യമായ തുക ഉപയോഗിച്ച് രണ്ട് ഏക്കറോളം ഏറ്റെടുത്തിട്ടുണ്ട്. 2.86 ഏക്കറാണ് റോഡ് വികസനത്തിനു വേണ്ട സര്‍ക്കാര്‍ ഭൂമി. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനാവശ്യമായ ഫണ്ട് ലഭിച്ചെങ്കിലും ജില്ലാഭരണകൂടം അനാസ്ഥ തുടര്‍ന്നു. മാര്‍ക്കറ്റ് വില തന്നെ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാമെന്ന് ജില്ലാ പര്‍ച്ചേസിംഗ് കമ്മിറ്റിയില്‍ തീരുമാനമായിരുന്നു. അതായത് മാനാഞ്ചിറ ഭാഗത്ത് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സെന്റിന് 22 ലക്ഷം രൂപയും മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഭാഗത്ത് 21 ലക്ഷവും നടക്കാവില്‍ 19 ലക്ഷവും, എരഞ്ഞിപ്പാലത്ത് 18 ലക്ഷവും ഇഖ്‌റ ആശുപത്രി പരിസരത്ത് 16 ലക്ഷവും മലാപ്പറമ്പ് മുതല്‍ വെള്ളിമാടുകുന്ന് വരെ 14 ലക്ഷവുമാണ് വില കണക്കാക്കിയിരുന്നത്. നിലവിലെ മാര്‍ക്കറ്റ് വിലയാണിത്. 490 ഭൂവുടമകളില്‍ 400 പേരും ഇത് സമ്മതിച്ചുകൊണ്ട് രേഖകള്‍ നല്‍കിയിട്ടുണ്ട്. 85 പേര്‍ക്ക് മാര്‍ക്കറ്റ് വിലയനുസരിച്ച് നഷ്ടപരിഹാരം ലഭിച്ചു. ഈ നടപടിക്രമങ്ങളെല്ലാം തന്നെ നടന്നത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ്. 24 മീറ്റര്‍ വീതിയിലാണ് റോഡ് നവീകരണത്തിന് എസ്റ്റിമേറ്റുള്ളത്. നാമമാത്രമായ ഉടമകളെ റോഡ് വികസനത്തെ എതിര്‍ത്തിരുന്നുള്ളൂ. അത് കാര്യമായ പ്രശ്‌നവുമല്ല. ഫണ്ട് ലഭ്യമാകുന്ന പക്ഷം വേഗത്തില്‍ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് എഡിഎം ദിലീപ് കുമാര്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


റോഡില്‍ രാഷ്ട്രീയം കളിക്കുന്നവര്‍...

നാല് വര്‍ഷം മുമ്പാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് ആക്ഷന്‍ സമിതി രൂപീകരിക്കുന്നത്. എം കെ രാഘവന്‍ എം പി മുഖേന മുഖ്യമന്ത്രി ഉമ്മചാണ്ടിയെ കണ്ടാണ് എം ജി എസ് നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ നിവേദനം നല്‍കിയത്. അങ്ങനെ ഉമ്മന്‍ചാണ്ടി സ്ഥലത്തെത്തി വിഷയം നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയെ ആക്ഷന്‍ സമിതിക്കാര്‍ നേരിട്ട് സന്ദര്‍ശിച്ചത് നഗരവികസനത്തിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ മന്ത്രി എം കെ മുനീറിന്

ഇഷ്ടപ്പെട്ടില്ല. ആക്ഷന്‍ സമിതിക്ക് പിന്നീട് എം കെ മുനീറില്‍ നിന്ന് പിന്തുണയുണ്ടായില്ലെന്ന് മാത്രമല്ല, നഗരത്തിലെ വികസനം തേടുന്ന ഏഴ് പാതകളില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിനെ ആറാം സ്ഥാനത്തേക്ക് തരംതാഴ്ത്തുകയും ചെയ്തു. സ്ഥലം എം എല്‍ എയായ എ പ്രദീപ്കുമാര്‍ പ്രസ്തുത റോഡ് നവീകരണത്തിന് വേണ്ടി രംഗത്തിറങ്ങിയെങ്കിലും അദേഹത്തിന്റെ എം എല്‍ എ ഫണ്ടില്‍ നിന്ന് ഒരു രൂപപോലും ഇന്നേ വരെ ലഭിച്ചതുമില്ല. എം കെ രാഘവന്‍ എം പിയെ ആക്ഷന്‍ സമിതി സഹായത്തിന് സമീപിച്ചതാണ് പ്രദീപ്കുമാറിന്റെ നിലപാടില്‍ മാറ്റം വരാൻ കാരണമായി പറയുന്നത്. അതേസമയം എം ജി എസ് നാരായണന്‍ ധനമന്ത്രി തോമസ് ഐസക്കിനെ സമീപിച്ചെങ്കിലും കിഫ്ബിയില്‍ ഫണ്ടനുവദിച്ചില്ല. പക്ഷേ ആവശ്യമായ തുക നല്‍കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്.

നടക്കാവിലെ ഇടുങ്ങിയ വഴികള്‍...

കണ്ണൂരില്‍ നിന്നും കോഴിക്കോടു നിന്നും വരുന്ന വാഹനങ്ങള്‍ ഒരേ സമയം കിഴക്കെ നടക്കാവിലേക്ക് പ്രവേശിക്കുന്ന ഈ ഭാഗം മാത്രമാണ് മുമ്പ് വികസിപ്പിച്ചിരുന്നത്. ഈ റോഡിന്റെ ഒരു വശമിപ്പോള്‍ വാഹനങ്ങളുടെ വിശ്രമകേന്ദ്രമായി മാറിയിട്ടുണ്ട്. കോഴിക്കോട് നിന്ന് വയനാട് ഭാഗത്തേക്കും കണ്ണൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്കും പോകുന്ന വാഹനങ്ങള്‍ നടക്കാവില്‍ ഈ റോഡിലൂടെയത്തെുന്നത് ഇടുങ്ങിയ കിഴക്കെ നടക്കാവ് ഭാഗത്തേക്കാണ്. നേരത്തെ കണ്ണൂരില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഇംഗ്ലീഷ് പള്ളി ലിങ്ക് റോഡിലൂടെയാണ് കടത്തി വിട്ടിരുന്നത്. നടക്കാവ് മുതല്‍ കിഴക്കെ നടക്കാവ് ജംഗ്ഷന്‍ വരെ ലിങ്ക് റോഡരികിലെ സ്ഥലം ഏറ്റെടുത്തെങ്കിലെ ഇവിടത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകുകയുള്ളുവെന്ന് ചുരുക്കം.

മലാപ്പറമ്പ് മുതല്‍ പാറോപ്പടി വരെ ഏറെക്കുറെ സ്ഥലമേറ്റെടുപ്പ് രണ്ടാം ഘട്ടത്തോടെ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും കിഴക്കെ നടക്കാവ്, മാനാഞ്ചിറ, ക്രിസ്ത്യന്‍ കോളജ് ഭാഗങ്ങളില്‍ ഇനിയും സ്ഥലമേറ്റെടുക്കാനുണ്ട്. മാനാഞ്ചിറയില്‍ എസ്ബിടിയുടെ സ്ഥലവും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സിഎസ്ഐ പള്ളി, അശോക ആശുപത്രി ഭാഗങ്ങളില്‍ ഏറ്റെടുക്കല്‍ നടപടിയായിട്ടില്ല. നിലവില്‍ ഫ്രീലെഫ്റ്റിനായി മൂന്നു ഭാഗത്തേയും സ്ഥലം ഏറ്റെടുത്തിരുന്നു. വെള്ളിമാടുകുന്നില്‍ നിന്നും തൊണ്ടയാട് ഭാഗത്തേക്ക് പോകുന്ന ഭാഗത്തെ കുറച്ചു സ്ഥലമാണ് ഇനിയും ഏറ്റെടുക്കാനുള്ളത്.