ടോം ജോസിന് ഭൂമി വിറ്റ മഹാരാഷ്ട്രയിലെ ബിനാമി കൊച്ചിയില്‍; പരേതരുടെ ഭൂമി തട്ടിയ കേസുകളിൽ പ്രതി; നാരദാ എക്സ്‌ക്ലൂസീവ്

മഹാരാഷ്ട്രയിൽ പരേതരുടെ ഭൂമി തട്ടിയെടുത്ത കേസുകളിൽ മഹാരാഷ്ട്ര, കർണാടക പൊലീസ് തിരയുന്ന ആളാണ് മലയാളിയായ ഭൂമിയിടപാടുകാരന്‍ അനില്‍കുമാര്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരം നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, കർണാടക പൊലീസിനെ വെട്ടിച്ച് മുങ്ങിയ അനിൽകുമാർ ഇപ്പോൾ കൊച്ചിയിലുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ചീഫ് സെക്രട്ടറി ടോം ജോസിന് തന്റെ ബിനാമിയായ ആളാണ് ഭൂമി വിറ്റതെന്ന് അനില്‍കുമാര്‍ നേരത്തെ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു

ടോം ജോസിന് ഭൂമി വിറ്റ മഹാരാഷ്ട്രയിലെ ബിനാമി കൊച്ചിയില്‍; പരേതരുടെ ഭൂമി തട്ടിയ കേസുകളിൽ  പ്രതി; നാരദാ എക്സ്‌ക്ലൂസീവ്

പരേതരുടെ ഭൂമി തട്ടിയെടുത്ത കേസുകളിൽ മഹാരാഷ്ട്ര, കര്‍ണ്ണാടക പൊലീസ് തിരയുന്ന വന്‍കിട ഭൂമിയിടപാടുകാരന്‍ അനില്‍കുമാര്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്. പരേതരുടെ ഭൂമി കൈക്കലാക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചി വടുതലയിലെ അപ്പാർട്ട്മെന്റിലാണ് ഇയാളുടെ താമസമെന്നാണ് നാരദാന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.

മഹാരാഷ്ട്രയിലെ സാവന്തവാടി ജില്ലയിലെ ബണ്ടി എന്നയാളുടെ മരണത്തിന് ശേഷം ഇയാളുടെ നൂറ് ഏക്കര്‍ സ്ഥലം കള്ളപ്പേരില്‍ തട്ടിയെടുത്ത കേസിൽ അനില്‍കുമാര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് മറാത്തി ദിനപത്രമായ തരുൺ ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു. ബണ്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ഷബീര്‍, നിലേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അനില്‍കുമാര്‍ മുങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദോഡാമാര്‍ഗ്ഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഗോവാ അതിര്‍ത്തിയോട് ചേര്‍ന്ന് മഹാരാഷ്ട്രയില്‍ അയ്യായിരത്തിലേറെ ഏക്കര്‍ ഭൂമി അനില്‍കുമാറിനുണ്ടെന്നാണ് കണക്ക്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പന്ത്രണ്ടോളം കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്. മൂവായിരത്തോളം ഏക്കര്‍ ഭൂമി കര്‍ണ്ണാടകയിലും ഇയാള്‍ക്കുണ്ട്. ഇവിടെയും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.


അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് ഭൂമി വിറ്റത് അനില്‍കുമാറിന്റെ ബിനാമിയായ സന്തോഷ് നകുല്‍ ദുമാസ്‌കര്‍ എന്ന കൂലിപ്പണിക്കാരൻ വഴിയായിരുന്നു. ഇക്കാര്യം അനിൽകുമാർ വിജിലൻസിനോട് പറഞ്ഞിരുന്നു. നേരത്തെ ടോം ജോസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനില്‍കുമാറുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ കൈവശം വെക്കാനാകുന്ന ഭൂമിയുടെ പരിധി 52 ഏക്കറാണ്. ഈ നിയമം മറികടക്കാനാണ് കൂലിപ്പണിക്കാരൻറെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് കച്ചവടം നടത്തിയതെന്നും അനില്‍കുമാര്‍ വിജിലന്‍സിനോട് പറഞ്ഞിരുന്നു.

കൊച്ചി വടുതലയിലെ സ്‌കൈലൈന്‍ ക്രിസ്റ്റല്‍ വാട്ടര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് ഇയാളുടെ താമസം. കുടുംബാംഗങ്ങളെ ബെംഗ്‌ളൂരുവിലേക്ക് മാറ്റിയെന്നും വിവരമുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് അനിൽകുമാർ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫും അനില്‍കുമാര്‍ വഴിയാണ് മഹാരാഷ്ട്രിയില്‍ ഭൂമി വാങ്ങിക്കൂട്ടിയത്. മഹാരാഷ്ട്ര, കര്‍ണ്ണാടക സര്‍ക്കാരുകള്‍ തെരയുന്നതിനിടെയാണ് അനില്‍കുമാര്‍ കേരളത്തില്‍ സുരക്ഷിതനാണെന്ന വിവരം പുറത്തു വരുന്നത്.