വയനാട്ടിലെ കാട്ടുതീ മനുഷ്യനിർമിതം; പഞ്ചായത്ത് അം​ഗത്തിനെതിരെ കേസ്

സാമൂഹിക വിരുദ്ധര്‍ വനത്തില്‍ ആസൂത്രിതമായി തീ വയ്ക്കുകയായിരുന്നുവെന്നാണ് വനപാലകരുടെ കണ്ടെത്തല്‍.

വയനാട്ടിലെ കാട്ടുതീ മനുഷ്യനിർമിതം; പഞ്ചായത്ത് അം​ഗത്തിനെതിരെ കേസ്

വയനാട്ടിലുണ്ടായ കാട്ടുതീ മനുഷ്യനിർമിതമെന്ന് വനംവകുപ്പ്. സംഭവത്തിൽ ​ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പേരില്‍ വനം വകുപ്പ് കേസെടുത്തു. നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം ബെന്നി കൈനിക്കലിനെതിരെയാണ് പ്രേരണാകുറ്റത്തിന് കേസെടുത്തത്. കഴിഞ്ഞ 20 ന് വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വടക്കനാട് കൊമ്പന്‍ എന്ന ആനയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ സമരത്തിന് നേതൃത്വം കൊടുത്ത് ബെന്നി നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. സമരം നടന്ന തൊട്ടടുത്ത ദിവസം മുതലാണ് വടക്കനാട് പ്രദേശത്ത് വിവിധ ഭാഗങ്ങളില്‍ കാടിനു തീപ്പിടിച്ചതെന്ന് വനംവകുപ്പ് ആരോപിച്ചു.

വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലെ വടക്കനാട് പ്രദേശത്ത് കല്ലൂര്‍കുന്ന്, ആനപ്പന്തി, പാറക്കൊല്ലി, അമ്പതേക്കര്‍, ഏഴുചാല്‍കുന്ന്, പച്ചാടി, പള്ളിവയല്‍, പണയമ്പം, ചെതലയം, പുല്ലുമല എന്നിവിടങ്ങിലാണ് കാട്ടുതീ ഉണ്ടായത്. കേരള- കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തി വനത്തിലും തീപ്പിടിത്തമുണ്ടായിരുന്നു. വടക്കനാട് വനത്തില്‍ ചിലയിടങ്ങളില്‍ കാടിന് തീവയ്ക്കാന്‍ ആനപ്പിണ്ടവും സാമൂഹിക വിരുദ്ധര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം, വനംവകുപ്പിന്റെ ജനദ്രോഹത്തിനെതിരെ നിലപാട് എടുത്തതിന്റെ പ്രതികാരനടപടിയാണ് കേസെന്ന് പഞ്ചായത്തംഗം ബെന്നി ആരോപിച്ചു.

വയനാട്ടിലെ തീപ്പിടുത്തങ്ങള്‍ക്ക് കാരണം മനുഷ്യര്‍ തന്നെയെന്നാണ് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹകരണത്തോടെ പഴുതടച്ച അന്വേഷണം നടത്തി കാടിനു തീയിട്ടവരെ നിയമത്തിന് മുന്നിലെത്തിക്കാനാണ് തീരുമാനം. വനത്തിനുള്ളില്‍ സുപ്രധാന സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും ആലോചനയുണ്ട്. വടക്കേ വയനാട് വനം ഡിവിഷനിലെ ബാണാസുരമല, വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലുള്‍പ്പെട്ട വടക്കനാട് വനത്തിലെ ഒമ്പത് സ്ഥലങ്ങളിലുമാണ് കഴിഞ്ഞ ദിവസം തീപ്പിടത്തമുണ്ടായത്. സാമൂഹിക വിരുദ്ധര്‍ വനത്തില്‍ ആസൂത്രിതമായി തീ വയ്ക്കുകയായിരുന്നുവെന്നാണ് വനപാലകരുടെ കണ്ടെത്തല്‍.

കുറിച്യാട് റേഞ്ചില്‍ ജനവാസ കേന്ദ്രങ്ങളുടെ അതിരില്‍നിന്ന് അകലെയുളള വന പ്രദേശങ്ങളിലാണ് തീപ്പിടുത്തമുണ്ടായത്. ബാണാസുരമലയില്‍ വാളാരംകുന്ന് ഭാഗത്ത് മൂന്ന് ഏക്കര്‍ പുല്‍മേട് കത്തിയതായി വടക്കേവയനാട് ഡിഎഫ്ഒ ആര്‍ കീര്‍ത്തി അറിയിച്ചു. സമീപത്തെ റവന്യൂ ഭൂമിയില്‍ നിന്നാണ് വനത്തിലേക്ക് തീ പടര്‍ന്നത്. റവന്യൂ- വന ഭൂമികളിലുണ്ടായ തീപ്പിടിത്തം മനുഷ്യ സൃഷ്ടിയാണെന്നതില്‍ തര്‍ക്കമില്ലെന്നും കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതായും ഡിഎഫ്ഒ പറഞ്ഞു. ഏകദേശം 75 ഏക്കറില്‍ അടിക്കാടും മുളങ്കാടും ചാമ്പലായെന്ന് റേഞ്ച് ഓഫീസര്‍ പി രതീശന്‍ പറഞ്ഞു.

20ന് വൈകുന്നേരമാണ് ആദ്യ തീപ്പിടിത്തം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെ ചെതലയം പുല്ലുമലയിലാണ് ഏറ്റവും ഒടുവില്‍ അ​ഗ്നിബാധ ശ്രദ്ധയില്‍പ്പെട്ടത്. പുല്ലുമലയില്‍ ഒരു ഏക്കര്‍ വനം കത്തി. വനപാലകരും അ​ഗ്നിരക്ഷാ സേനയുടെ ബത്തേരി യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീയണച്ചത്. വനത്തിന് തീയിട്ടാല്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമായിരിക്കും കേസെടുക്കുക. വന്യജീവി സംരക്ഷണ നിയമം, കേരള വന നിയമം, ജൈവവൈധ്യ സംരക്ഷണ നിയമം എന്നിവയിലെ വിവിധ വകുപ്പുകളിലായിരിക്കും കേസ്. മൂന്ന് വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വയനാടിനോട് ചേര്‍ന്ന് കര്‍ണാടകയിലെ നാഗര്‍ഹോള, ബന്ദിപ്പുര്‍ കടുവാസങ്കേതങ്ങളിലും തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തിലും വിവിധ ഭാഗങ്ങളില്‍ കാട്ടുതീ തുടരുകയാണ്. ഇവിടങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തീ അണക്കാനുള്ള ശ്രമം ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. ബന്ദിപ്പുരില്‍ മൂന്ന് ദിവസങ്ങള്‍ക്കിടെ ഏകദേശം 2,500 ഹെക്ടര്‍ വനം കത്തിയതായാണ് വനം-വന്യജീവി വകുപ്പിന്റെ പ്രാഥമിക കണക്ക്.

Read More >>