കൊല്ലത്ത് ചികിത്സാപിഴവ് മൂലം രോഗി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി വേണമെന്ന് ബന്ധുക്കൾ

കൊല്ലം അഞ്ചലിൽ ചികിത്സാ പിഴവ് മൂലം രോഗി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പരാതി. അ‍ഞ്ചൽ പാറേക്കാട്ട് ആശുപത്രിയിലെ ഡോക്ടർ അരവിന്ദ് രാധാകൃഷ്ണനെതിരെയാണ് ബന്ധുക്കൾ പരാതി നൽകിയത്.

കൊല്ലത്ത് ചികിത്സാപിഴവ് മൂലം രോഗി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി വേണമെന്ന് ബന്ധുക്കൾ

ഈ മാസം ഒന്നാം തിയ്യതി വൈകിട്ട് ആറുമണിയോടെയാണ് ആഴാത്തിപ്പാറ പറങ്കിമാംവിള വീട്ടില്‍ ബാബുരാജിനെ നെ‍ഞ്ച് വേദനയെ തുടര്‍ന്ന് പാറേക്കാട്ട് ആശുപത്രിയിലെത്തിച്ചത്. ബാബുരാജിവനെ പരിശോധിച്ച അരവിന്ദ് രാധാകൃഷ്ണനെന്ന ഡോക്ടര്‍ ഇ സി ജി എടുക്കാൻ നിര്‍ദേശിച്ചു. തുടര്‍ന്ന് ഡ്രിപ്പിട്ട് അഡ്മിറ്റ് ചെയ്തപ്പോള്‍ രാജു തുടര്‍ച്ചയായി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയെന്ന് മരുമകന്‍ വിനീത് നാരദ ന്യുസിനോട് പറഞ്ഞു. അമ്മാവന്റെ നില വഷളായപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് താനും സഹോദരനും ഡോക്ടറെ കണ്ട് ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടര്‍ അതിന് തയ്യാറായില്ല. മെഡിക്കല്‍ കോളജില്‍ നല്‍കുന്ന അതേ മരുന്നു തന്നെയാണ് ഇവിടെ നല്‍കുന്നതെന്നും ഇപ്പോള്‍ രോഗിയെ വിടാന്‍ കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. കാര്‍ഡിയാക് സര്‍ജനുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതാണ് അമ്മാവന്റെ ആരോഗ്യനിലയ്ക്ക് നല്ലതെന്ന് ഡോക്ടറോട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് വിനീത് പറഞ്ഞു.

ബാബുരാജ്


ഇ സി ജിയില്‍ ആദ്യം തന്നെ വേരിയേഷന്‍ കണ്ടിരുന്നു. ഹൃദ്രോഗിയെ ചികിത്സിക്കാനുള്ള സൗകര്യങ്ങളില്ലാതിരുന്നിട്ടും രോഗിയെ അഡ്മിറ്റ് ചെയ്ത ഡോക്ടര്‍ ബാബുരാജിന്‍റെ ആരോഗ്യനിലയെ അപകടത്തിലേക്ക് തള്ളിവിട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. പിറ്റേന്ന് രാവിലെ 10 മണിയോടെ രോഗിയെ തിരുവനന്തപുരത്തേക്ക് മാറ്റിക്കൊള്ളാന്‍ ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഐസിയു സംവിധാനമുള്ള ആംബുലന്‍സിനായി കാത്തിരിക്കേണ്ടി വന്നതിനാല്‍ രണ്ടു മണിക്കൂര്‍ വീണ്ടും വൈകി. മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ ബാബുരാജ് മരിച്ചു. ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ട രോഗിയെ ചികിത്സിക്കാന്‍ കാര്‍ഡിയോളജിസ്‌റ്റോ, ചികിത്സ സൗകര്യങ്ങളൊ ഇല്ലാത്ത ആശുപത്രിയില്‍ കിടത്തിയതാണ് മരണകാരണമെന്നും ഡോക്ടര്‍ക്കെതിരെ ചികിത്സാ പിഴവിന് നടപടി വേണമെന്നും വിനീത് നാരദ ന്യൂസിനോട് പറഞ്ഞു.

രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയതാണെന്ന് ഡോക്ടർ അരവിന്ദ് രാധാകൃഷ്ണൻ പ്രതികരിച്ചു. രോഗിയെ കൊണ്ടുവരുമ്പോൾ ഇ സി ജി കൗണ്ട് ചെയ്യാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. ഇ സി ജി സാധാരണനിലയിലാക്കിയ ശേഷം വിദഗ്ദ ചികിത്സയ്ക്കായി അയക്കാനാണ് താൻ ശ്രമിച്ചത്. അതുകൊണ്ടാണ് പിറ്റേന്ന് വരെ കാത്തതെന്നും ഡോക്ടർ പറഞ്ഞു. 52 വയസ്സുള്ള ബാബുരാജ് ടാപ്പിംഗ് തൊഴിലാളിയായിരുന്നു.

Read More >>