പഴയ കക്കൂസ് ടാങ്ക് പൊട്ടിത്തെറിച്ചു: കോട്ടയത്ത് യുവാവിനു കടുത്ത പൊള്ളല്‍

30 വര്‍ഷം പഴക്കമുള്ള കക്കൂസ് ടാങ്ക് ശുചിയാക്കുന്നതിനിടയിലാണ് ഉഗ്രസ്‌ഫോടനം. യുവാവിന്റെ മുഖം ആസിഡ് ആക്രമണത്തിലെ പോലെ പൊള്ളി.

പഴയ കക്കൂസ് ടാങ്ക് പൊട്ടിത്തെറിച്ചു: കോട്ടയത്ത് യുവാവിനു കടുത്ത പൊള്ളല്‍

സെപ്റ്റിക്ക് ടാങ്ക് ശുചിയാക്കുന്നതിനിടയില്‍ കോട്ടയം സ്വദേശിയായ യുവാവിന് പൊളളലേറ്റു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. മുഖത്തിനും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സംഭവം നടന്നത് ഇങ്ങനെ, വീടുപണിയ്ക്കു വേണ്ടി പഴയ കക്കൂസ് ടാങ്ക് ശുചികരിച്ച് അതു മാറ്റി സ്ഥാപിക്കുന്ന തയ്യാറെടുപ്പിലായിരുന്നു വീട്ടുകാര്‍. ടാങ്കിന്റെ സ്ലാബ് മാറ്റി ടാങ്കില്‍ തീ ഇട്ട് നശിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ആ സമയം അതുവഴി വരികയായിരുന്ന യുവാവ് തീ ഇട്ട് നശിപ്പിക്കുന്ന രീതി കാണുവാന്‍ അവിടെ കേറി. ടാങ്കിന്റെ ഉള്ളില്‍ തീ കൊളുത്തിയപ്പോള്‍ സമീപത്തു നിന്നിരുന്ന യുവാവ് അത് കാണുവാനായി അടുത്തേക്ക് വന്നു.

പെട്ടെന്ന് തന്നെ സ്‌ഫോടനം പോലെ തീ മുകളിലേക്ക് കുതിക്കുകയായിരുന്നു. ടാങ്കില്‍ ഉണ്ടായിരുന്ന വാതകമാണ് തീ പടരുവാന്‍ കാരണമായത്. സംഭവസമയത്ത് യുവാവിന്റെ പിന്നില്‍ നിന്നിരുന്ന 10 വയസ്സുള്ള കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

അതീവ സുരക്ഷയോടെ ചെയ്യേണ്ട കാര്യമാണ് കക്കൂസ് ടാങ്ക് ശുചികരണം. എന്നാല്‍ അത്തരത്തില്‍ സുരക്ഷയോ മുന്‍കരുതലോ ഇവിടെ ഉണ്ടായിരുന്നില്ല.

മുഖത്തിനും കൈയ്ക്കും ഗുരുതരമായ പൊള്ളലേറ്റ യുവാവിനെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതുകൊണ്ട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അണുബാധ കേറുവാന്‍ സാധ്യതയുള്ളതിനാലാണ് യുവാവിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്.