മാലിന്യവും കയ്യേറ്റവും ഭീകരമായി തുടരുന്നു; മരണത്തിലേക്ക് ഒഴുകി മാമ്പുഴ

പൂനൂര്‍ പുഴയ്ക്കു പിന്നാലെ മാമ്പുഴയും മരണത്തെ മുഖാമുഖം കാണുകയാണ്. കുന്ദമംഗലം പഞ്ചായത്തിലെ മുണ്ടക്കലില്‍ നിന്ന് ഉല്‍ഭവിച്ച് പെരുവയല്‍, പെരുവണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലൂടെ ഒഴുകി കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലൂടെ കല്ലായിയില്‍ ചേര്‍ന്നാണ് മാമ്പുഴ കടലിലേക്കു പതിക്കുന്നത്. 18 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന പുഴയുടെ വൃഷ്ടിപ്രദേശങ്ങളിലായി 20 ഏക്കറിലധികം കയ്യേറ്റമുള്ളതായാണ് റവന്യു വകുപ്പിന്റെ പ്രാഥമിക നിഗമനം.

മാലിന്യവും കയ്യേറ്റവും ഭീകരമായി തുടരുന്നു; മരണത്തിലേക്ക് ഒഴുകി മാമ്പുഴ

നഗര-ഗ്രാമവാസികള്‍ അലക്ഷ്യമായി തള്ളുന്ന പ്ലാസ്റ്റിക് ഉൾപ്പെടയുള്ള മാലിന്യങ്ങളും അനിയന്ത്രിതമായ കയ്യേറ്റവും കോഴിക്കോടിന്റെ ഗ്രാമീണമേഖലയിലൂടെ ഒഴുകുന്ന മാമ്പുഴയെ ഇഞ്ചിഞ്ചായി കൊല്ലുന്നു. ജില്ലയിലെ മറ്റൊരു പ്രധാന ജലസംഭരണ കേന്ദ്രമായ പൂനൂര്‍ പുഴയ്ക്കു പിന്നാലെ മാമ്പുഴയും മരണത്തെ മുഖാമുഖം കാണുകയാണ്. കുന്ദമംഗലം പഞ്ചായത്തിലെ മുണ്ടക്കലില്‍ നിന്ന് ഉല്‍ഭവിച്ച് പെരുവയല്‍, പെരുവണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലൂടെ ഒഴുകി കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലൂടെ കല്ലായിപുഴയിൽ ചേര്‍ന്നാണ് മാമ്പുഴ കടലിലേക്ക് പതിക്കുന്നത്. 18 കിലോ മീറ്റര്‍ നീളമുള്ള പുഴയുടെ വൃഷ്ടിപ്രദേശങ്ങളിലായി ആയിരക്കണക്കിനു കുടുംബങ്ങളാണ് കഴിയുന്നത്. ഇവിടെയാണ് വ്യാപകമായ കയ്യേറ്റവും മാലിന്യവും പുഴയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

മാലിന്യം അടിഞ്ഞുകൂടിയ ജലാശയം

കനോലി കനാലിലെയും ഇതര ഓടകളിലെയുമെല്ലാം മലിനജലം ഏറ്റുവാങ്ങേണ്ടി വരുന്ന ഗതികേടിലാണ് മാമ്പുഴ. ഉല്‍ഭവ സ്ഥലമായ മുണ്ടക്കല്‍ മുതല്‍ കല്ലായി എത്തുന്നത് വരെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒരു മനഃസാക്ഷിയുമില്ലാതെ ജനങ്ങള്‍ പുഴയിലേക്കു തള്ളുകയാണ്. പ്ലാസ്റ്റിക് വസ്തുക്കളും മദ്യക്കുപ്പികളും മുതല്‍ വളര്‍ത്തുമൃഗങ്ങളുടെ ജഡം വരെ പുഴയിലേക്കു നിക്ഷേപിക്കപ്പെടുന്നുണ്ട്. മാമ്പുഴയുടെ പലഭാഗങ്ങളിൽ റോഡുകള്‍ വന്നതോടെ യാത്രക്കാര്‍ മാലിന്യം കവറിലാക്കി പുഴയിലേക്കെറിയുന്നു. തല്‍ഫലമായി മാമ്പുഴയിലെ വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് വലിയ തോതില്‍ കുറയുകയും കോളിഫോം ബാക്ടീരിയയുടെ അളവ് കുത്തനെ വര്‍ധിക്കുകയും ചെയ്തതായി സിഡബ്ല്യുആര്‍ഡിഎം നടത്തിയ പഠനത്തില്‍ പറയുന്നു.


കുന്നത്തുപാലം ഭാഗത്ത് എം സാന്‍ഡ് യൂണിറ്റും ഇന്റര്‍ലോക്ക് യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. ഇവിടെ നിന്നുള്ള രാസമാലിന്യങ്ങളും പുഴയിലേക്ക് തന്നെ ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ടണ്‍ കണക്കിനു മാലിന്യമാണ് പുഴയുടെ അടിത്തട്ടിലുള്ളതെന്ന് മാമ്പുഴ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ‌പി കോയ നാരദാ ന്യൂസിനോട് പറഞ്ഞു. പുഴ വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്ന ലവണം കണ്ടെത്തിയിരുന്നു. പുഴയില്‍ മാലിന്യം കുമിഞ്ഞുകൂടിയതോടെ, ആറു വര്‍ഷം മുമ്പാണ് പ്രദേശവാസികള്‍ കര്‍മസമിതി രൂപീകരിച്ച് ശുദ്ധീകരണ പ്രവര്‍ത്തനം തുടങ്ങിയത്. അതിപ്പോഴും തുടരുന്നതിനാലാണ് മാമ്പുഴ ഇങ്ങനെയെങ്കിലും നിലനില്‍ക്കുന്നത്.

പുഴയോരങ്ങളിലെ കയ്യേറ്റം

മാമ്പുഴയുടെ മറുകരയെത്തണമെങ്കില്‍ തോണി വേണ്ടിയിരുന്ന കാലമൊക്കെ ഓര്‍മയായി. പലഭാഗങ്ങളും വറ്റി വരണ്ടിരിക്കുന്നു. പുഴയുടെ പകുതിയോളം കയ്യേറ്റമെത്തിക്കഴിഞ്ഞു. 18 കിലോമീറ്റര്‍ നീളത്തിലൊഴുകുന്ന പുഴയില്‍ 20 ഏക്കറിലധികം കയ്യേറ്റമുള്ളതായാണ് റവന്യു വകുപ്പിന്റെ പ്രാഥമിക നിഗമനം. പുഴ കയ്യേറ്റത്തിനെതിരെ മാമ്പുഴ സംരക്ഷണ സമിതി മൂന്നു വര്‍ഷം മുമ്പ് ശക്തമായ സമരത്തിലേക്ക് നീങ്ങിയതോടെ യുഡിഎഫ് സര്‍ക്കാര്‍ പ്രത്യേക സര്‍വേ സംഘത്തെ നിയോഗിച്ചിരുന്നു. സര്‍വേ 90 ശതമാനം പൂര്‍ത്തിയാക്കിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും കയ്യേറ്റത്തിന്റെ കണക്കോ വ്യാപ്തിയോ കണ്ടെത്താനായില്ലെന്നതാണ് വാസ്തവം.


പിബി സലിം കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന വേളയില്‍ കയ്യേറ്റം തടയാന്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചെങ്കിലും അതും പാതിവഴിയില്‍ നിലച്ചു. പെരുവയല്‍ പഞ്ചായത്ത് മാത്രമാണ് നിലവില്‍ സര്‍വേ നടത്തി കയ്യേറ്റം കണ്ടെത്തിയിരിക്കുന്നത്. പുഴയോരത്തെ കയ്യേറ്റ ഭൂമിയിലെ കാര്‍ഷികവിളകള്‍ ഉള്‍പ്പടെ ലേലത്തിലൂടെ പഞ്ചായത്തിന് വരുമാന മാര്‍​ഗമാക്കാനും ചിലർ നീക്കം തുടങ്ങിയിട്ടുണ്ട്. സര്‍വേ പൂര്‍ണമായും പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമാണ് കയ്യേറ്റം കണ്ടെത്താനാവുകയുള്ളുവെന്ന നിലപാടിലാണ് സര്‍വേ അധികാരികള്‍.


കടല്‍ കയറുമ്പോള്‍ സംഭവിക്കുന്നത്

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ മാമ്പുഴയിലെ ജലനിരപ്പ് കുറയുമ്പോള്‍ കല്ലായിയിലൂടെ കടല്‍ കയറുന്നത് പതിവാണ്. ഉപ്പുവെള്ളം കയറുന്നതോടെ പുഴയെ ആശ്രയിച്ച് കൃഷിയിറക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടിലാവുന്നത്. മുമ്പ് പുഴയുടെ വൃഷ്ടി പ്രദേശങ്ങളില്‍ നെല്‍കൃഷി വ്യാപകമായിരുന്നു. അന്ന് പുഴയുടെ ആഴത്തിലുള്ള അടിത്തട്ടു വരെ കാണാമായിരുന്നെന്ന് പാലാഴി സ്വദേശിയായ എംപി അപ്പുട്ടി പറയുന്നു. 10 വര്‍ഷത്തിനിപ്പുറമാണ് മാമ്പുഴയ്ക്ക് ഈ ഗതി വന്നത്. ഇനിയുമിതിങ്ങനെ തുടര്‍ന്നാല്‍ മാമ്പുഴയുടെ ഓര്‍മ മാത്രമേ കാണൂ എന്നാണ് കൃഷിക്കാർ പറയുന്നത്. തോണിയിറങ്ങിയിരുന്ന പുഴ ഓരോ വര്‍ഷം കൂടുംതോറും മെലിഞ്ഞുണങ്ങിക്കൊണ്ടിരിക്കുകയാണ്.


ജലത്തെ ശുദ്ധീകരിക്കുന്ന ഈറ്റക്കാടുകളും കാട്ടുകരിമ്പുകളും കൈതക്കൂട്ടങ്ങളും ഇവിടെ കുറഞ്ഞുകൊണ്ടിരിക്കുന്നു. അതിനാലാണ് പുഴയിൽ ഓക്‌സിജന്‍ കുറയുന്നത്. ഉപ്പുവെള്ളം കയറുന്നത് തടയാന്‍ കല്ലായി ഭാഗത്ത് നിര്‍മച്ച ചീര്‍പ്പിന്റെ പ്രവര്‍ത്തനവും അവതാളത്തിലാണ്. മാമ്പുഴ സംരക്ഷിക്കപ്പെടുന്നതിനൊപ്പം തന്നെ ഇതിലെ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയണം. ഇതിന് നടപടി സ്വീകരിക്കേണ്ടത് ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്ഥാപനങ്ങളുമാണ്. അതിനാവശ്യമായ കാര്യക്ഷമതയാണ് അധികാരികളില്‍ നിന്ന് ഉണ്ടാകേണ്ടത്. അല്ലെങ്കില്‍ മാമ്പുഴ ഒരു കൈത്തോടായി മാറാനുള്ള സാധ്യത വിദൂരമല്ല.