ജോലിയും ശമ്പളവും ആഹാരവുമില്ല; മലയാളി ക്യാമറാമാൻ എട്ടുമാസമായി സൗദി മരുഭൂവിൽ ദുരിതം തിന്നുന്നു

എട്ടുമാസമായി ജോലിയും ശമ്പളവുമില്ലാതായതോടെ ആഹാരം പോലും കഴിക്കാനില്ലാത്ത ദുരവസ്ഥയിലാണ് കടയ്ക്കൽ സ്വദേശി അരുൺ സുധാകരൻ. ശമ്പളം നൽകുന്നില്ലെന്നു മാത്രമല്ല, അരുണിന്റെ പാസ്പോർട്ട് തൊഴിലുടമയുടെ കൈയിലുമാണ്. തനിക്കു നാട്ടിലെത്താനായി അധികൃതരുടെ സഹായഹസ്തമെത്തുമെന്ന പ്രതീക്ഷയിൽ ദിനരാത്രങ്ങൾ തള്ളിനീക്കുകയാണ് ഈ യുവാവ്. അരുണിന്റെ മോചനത്തിനായി സംസ്ഥാനസർക്കാർ അടിയന്തരമായി ഇടപെടണമെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് ഇക്കാര്യം ആവശ്യപ്പെടാൻ സർക്കാർ തയ്യാറാവണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

ജോലിയും ശമ്പളവും ആഹാരവുമില്ല; മലയാളി ക്യാമറാമാൻ എട്ടുമാസമായി സൗദി മരുഭൂവിൽ ദുരിതം തിന്നുന്നു

ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ​പ്രവാസലോകത്തേക്കു പറന്ന മലയാളി ക്യാമറാമാൻ മരുഭൂവിൽ ദുരിതം തിന്നുന്നു. എട്ടുമാസമായി ജോലിയും ശമ്പളവുമില്ലാതായതോടെ ആഹാരം പോലും കഴിക്കാനില്ലാത്ത ദുരവസ്ഥയിലാണ് കടയ്ക്കൽ സ്വദേശി അരുൺ സുധാകരൻ. ശമ്പളം നൽകുന്നില്ലെന്നു മാത്രമല്ല, അരുണിന്റെ പാസ്പോർട്ട് തൊഴിലുടമയുടെ കൈയിലുമാണ്.

തിരുവനന്തപുരത്ത് ടൈംസ് നൗ ചാനലിൽ ക്യാമറാമാനായിരുന്ന അരുൺ റിയാദിൽ ഒരു പ്രൊഡക്ഷൻ കമ്പനിയിൽ ക്യാമറാമാൻ ജോലിയുണ്ടെന്ന വാ​ഗ്ദാനത്തിലാണ് വിമാനം കയറിയത്. 2500 റിയാൽ ശമ്പളമുണ്ടെന്നാണ് അരുണിനെ അറിയിച്ചിരുന്നത്. എന്നാൽ റിയാദിലെത്തിയ അരുൺ തന്റെ ജോലിയും ശമ്പളവും അറിഞ്ഞ് നടുങ്ങി. ഒരു വീട്ടിൽ ഡ്രൈവറായി 1500 രൂപ ശമ്പളത്തിൽ ജോലി നോക്കണം- ഇതായിരുന്നു സാഹചര്യം. രണ്ടു മൂന്നു മാസം കൂടുമ്പോഴാണ് ഒരു മാസത്തെ ശമ്പളം ലഭിച്ചിരുന്നതെന്നും എന്നാൽ ഏഴുമാസമായി തനിക്ക് ഒരു പൈസയും കിട്ടുന്നില്ലെന്നും അരുൺ ഫെബ്രുവരിയിൽ സൺഡേ എക്സ്പ്രസ് ദിനപത്രത്തോടു പറഞ്ഞിരുന്നു.

ഇതിനിടെ, തന്നെ കെണിയിൽ നിന്നു മോചിപ്പിക്കണമെന്നും സുരക്ഷിതനായി വീട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അരുൺ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനു ട്വിറ്റർ സന്ദേശം അയച്ചിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിൽ വിഷയത്തിൽ സൗദിയിലെ ഇന്ത്യൻ എംബസി ഇടപെടണമെന്നാവശ്യപ്പെട്ടും തന്റെ ദുരിതം പൊതുസമൂഹത്തെ അറിയിക്കാനുമായി അരുൺ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

''ഇന്ത്യൻ എംബസിയോട് ഒരുവാക്ക്, എട്ടുമാസമായി ശമ്പളമില്ല, നാട്ടിൽപോവാനും കഴിയുന്നില്ല. ഒരുപക്ഷേ ശവശരീരം എങ്കിലും നാട്ടിൽ എത്തിക്കാൻ കഴിയുമോ ?, അതോ അതും മാസങ്ങൾ കിടന്നു ജീർണിക്കുമോ ?, എന്തായാലും ഞാനും ഒരു ഇന്ത്യക്കാരനാണ്'' എന്നായിരുന്നു അരുണിന്റെ പോസ്റ്റ്. ഇത് വ്യാപകമായി സോഷ്യൽമീഡിയകളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. അരുണിന്റെ മോചനത്തിനായി അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആവശ്യം.

ഇതിനിടെ, തൊഴിലാളിയുടെ പാസ്പോർട്ട് കണ്ടുകെട്ടാൻ തൊഴിലുടമയ്ക്കോ സ്പോൺസർക്കോ അധികാരമില്ലെന്നുള്ള പുതിയ നിയമം സൗദിയിൽ നിലവിൽവന്നിട്ടുണ്ട്. എന്നാൽ അരുണിന്റെ പാസ്പോർട്ട് തൊഴിലുടമ കൈക്കലാക്കിയിരിക്കുകയാണ്. പാസ്പോർട്ട് തിരിച്ചുനൽകാൻ അരുൺ ആവശ്യപ്പെട്ടെങ്കിലും ഇത് നിരസിക്കപ്പെട്ടു. ഇതിനിടെ വിഷയത്തിൽ ഇടപെടണമെന്നും തന്നെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു നിരന്തരം സന്ദേശം അയച്ചതിനെ തുടർന്ന് റിയാദിലെ എംബസി ഉദ്യോ​ഗസ്ഥർ അരുണിനോട് വിവരങ്ങൾ തേടിയിരുന്നു. ഇതിൽ നടപടിയുണ്ടാവുമോ എന്നു കാത്തിരിക്കുകയാണ് അരുൺ.

അതേസമയം, അരുണിന്റെ ഇഖാമയ്ക്കു സാധുതയുണ്ടെങ്കിൽ ആംനെസ്റ്റി ഇന്റർനാഷണലിന്റെ സഹായം ലഭിക്കില്ലെന്നാണ് വിദ​​ഗ്ധർ പറയുന്നത്. ഹൗസ് ഡ്രൈവറുടെ ജോലിയാണെങ്കിൽ അരുണിന് അമീർ കോടതിയെ സമീപിക്കാം. നിലവിലെ സാഹചര്യത്തിൽ, സ്പോൺസർക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യാത്ത സാഹചര്യത്തിൽ തൊഴിൽപ്രശ്നത്തിൽ നേരിട്ട് ഇടപെടാൻ കഴിയില്ല എന്നൊരു പരിമിതി എംബസിക്കുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, പാസ്പോർട്ട് ഇല്ല എന്നതൊരു പ്രശ്നമല്ലെന്നും ഏതു സമയത്തും എമർജൻസി സർട്ടിഫിക്കറ്റ് വാങ്ങാനാവുമെന്നുമാണ് മറ്റൊരു സാധ്യത.

തനിക്കു നാട്ടിലെത്താനായി അധികൃതരുടെ സഹായഹസ്തമെത്തുമെന്ന പ്രതീക്ഷയിൽ ദിനരാത്രങ്ങൾ തള്ളിനീക്കുകയാണ് ഈ യുവാവ്. അരുണിന്റെ മോചനത്തിനായി സംസ്ഥാനസർക്കാർ അടിയന്തരമായി ഇടപെടണമെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് ഇക്കാര്യം ആവശ്യപ്പെടാൻ സർക്കാർ തയ്യാറാവണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

Read More >>