കേരളത്തെ പാക്കിസ്ഥാനാക്കിയ ടൈംസ് നൗവിനു പിന്തുണ; രാജീവ് ചന്ദ്രശേഖറിനു മലയാളികളുടെ പൊങ്കാല

കേരളത്തെ പാക്കിസ്ഥാനാക്കിയ ടൈംസ് നൗ ചാനലിന്റെ വിവാദ പരാമർശത്തെ പിന്തുണച്ച രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷമായ ഭാഷയിലാണ് മലയാളികൾ പ്രതിഷേധം ഉയർത്തുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പേജിലാണ് മലയാളികളുടെ പ്രതിഷേധാ​ഗ്നി.

കേരളത്തെ പാക്കിസ്ഥാനാക്കിയ ടൈംസ് നൗവിനു പിന്തുണ; രാജീവ് ചന്ദ്രശേഖറിനു മലയാളികളുടെ പൊങ്കാല

കേരളത്തെ പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ച ടൈംസ് നൗ ചാനൽ വാർത്തയെ പിന്തുണച്ച ഏഷ്യാനെറ്റ് ഉടമയും രാജ്യസഭാ എംപിയും എൻഡിഎ കേരള ഘടകം ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിനു മലയാളികളുടെ പൊങ്കാല. രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പേജിലാണ് ശക്തമായ പ്രതിഷേധവുമായി മലയാളികൾ രം​ഗത്തുവന്നിരിക്കുന്നത്.

ടൈംസ് നൗ വാർത്തയുടെ ട്വീറ്റിനു താഴെ ചിരി പാസ്സാക്കിയ രാജീവ് ചന്ദ്രശേഖറിന്റെ നടപടിയാണ് വിവാദമായത്. ഇതു ശ്രദ്ധയിൽപ്പെട്ടതു മുതൽ രാജീവ് ചന്ദ്രശേഖറിനെതിരെ സോഷ്യൽമീഡിയയിൽ അടക്കം രൂക്ഷ വിമർശനവും പ്രതിഷേധവുമായി മലയാളികൾ രം​ഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജീവിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികൾ പ്രതിഷേധത്തീ കൊളുത്തിയിരിക്കുന്നത്. രൂക്ഷമായ ഭാഷയിലാണ് പലരും പ്രതികരിക്കുന്നത്.അതേസമയം, രാജീവ് ചന്ദ്രശേഖറിന് പിന്തുണയർപ്പിച്ചു നിരവധി കമന്റുകളാണ് പലരും നടത്തിയിരിക്കുന്നത്. ഇതിനിടെ, എഷ്യാനെറ്റിലെ മാധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിനെതിരെയും ഒരാൾ വിവാദ പരാമർശം നടത്തുന്നുണ്ട്. മോഹനചന്ദ്രൻ നായർ എന്നയാളാണ് സിന്ധു സൂര്യകുമാറിനെ രാജ്യദ്രോഹിയെന്നു വിളിക്കുന്നത്.

സിന്ധുവിനെ പോലുള്ള രാജ്യദ്രോഹിയായ മാധ്യമപ്രവർത്തകർ എങ്ങനെയാണ് ഏഷ്യാനെറ്റിൽ തുടരുന്നതെന്ന കാര്യത്തിൽ തനിക്ക് അത്ഭുതമുണ്ടെന്നാണ് മോഹനചന്ദ്രൻ നായറുടെ അഭിപ്രായം. ഹൈന്ദവതയുമായും ഇന്ത്യൻ സൈന്യവുമായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളേയും ഇവർ അപമാനിക്കുന്നതായും ഇന്ത്യൻ ദേശീയതയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഇത്തരം മഞ്ഞമാധ്യമപ്രവർത്തകരെ പുറത്താക്കുകയാണ് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖറിനെ മോഹനചന്ദ്രൻ നായർ ഉപദേശിക്കുന്നു.

നേരത്തെ, രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയമേഖലയിലുള്ളവരും രം​ഗത്തെത്തിയിരുന്നു. കേരളീയര്‍ക്ക് നേരെയുള്ള അധിക്ഷേപത്തെ ചിരിച്ചു തള്ളുകയല്ല വേണ്ടതെന്നായിരുന്നു ശശി തരൂര്‍ എംപിയുടെ പ്രതികരണം.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ചെയ്ത റിപ്പോര്‍ട്ടില്‍ 'അമിത് ഷാ ഇടിമുഴങ്ങുന്ന പാക്കിസ്ഥാനിലേക്ക്' എന്നായിരുന്നു ടൈംസ് നൗ ചാനല്‍ കാണിച്ചത്. ഇതാണ് പ്രതിഷേധങ്ങൾക്കു കാരണമായത്. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായതോടെ ചാനല്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഈ ആക്ഷേപ പരാമർശത്തെ അനുകൂലിച്ച് ലക്ഷ്മി കാനത്ത് എന്ന സ്ത്രീയിട്ട ട്വീറ്റിനു താഴെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

Image Title

മൂന്നു സ്മൈലി ഇമോജികളാണ് ട്വീറ്റിനു താഴെയായി രാജീവ് ചന്ദ്രശേഖര്‍ നല്‍കിയിരിക്കുന്നത്.


Image Title

ഈ റിപ്ലെയില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വി മുരളീധരനെയും രാജീവ് ടാഗ് ചെയ്തിട്ടുമുണ്ട്. ചാനല്‍ പറഞ്ഞതു തന്നെയാണ് ശരിയെന്നും പാക്കിസ്ഥാനിൽ ഇടിമുഴക്കം സൃഷ്ടിക്കാനുള്ള നീക്കത്തിന് അമിത് ഷാ നേതൃത്വം നൽകുകയാണെന്നായിരുന്നു ലക്ഷ്മി കാനത്തിന്റെ ട്വീറ്റ്. കേരളത്തിലെ ഇടതുപക്ഷത്തെ നശിപ്പിക്കുമെന്നതടക്കമുള്ള പ്രസ്താവനകൾ നടത്തി വിവാദത്തിലായ വ്യക്തിയാണ് രാജീവ് ചന്ദ്രശേഖർ.