ആണായിപ്പിറന്നവരൊക്കെ ജയിലിലാവുകയും നാടുവിടുകയും ചെയ്തു; താനൂരില്‍ നടന്നത് സംഘടിതവും സായുധവുമായ പൊലീസ് നരവേട്ട

മലപ്പുറം ജില്ലയിലെ തീരദേശമേഖലയായ താനൂരില്‍ വര്‍ഷങ്ങളായി രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന നാടാണ്. സദാസമയം പൊലീസ് പട്രോളിംഗുള്ള പ്രദേശം. കഴിഞ്ഞദിവസം കോര്‍മന്‍ കടപ്പുറത്ത് സിപിഐഎം-മുസ്ലിംലീഗ് സംഘര്‍ഷത്തിനിടെ ഇറങ്ങിയ എം എസ് പി(മലബാര്‍ സ്‌പെഷ്യല്‍ പൊലീസ്)ക്കാര്‍ പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ കോടികളുടെ നഷ്ടമാണുണ്ടായത്. സംഘര്‍ഷം തടഞ്ഞ് പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട ക്രമസമാധാനപാലകര്‍ പ്രദേശത്ത് അഴിഞ്ഞാടുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ വീടുകളും വാഹനങ്ങളും വീട്ടുപകരണങ്ങളുമൊക്കെ തകര്‍ത്തശേഷമാണ് എം എസ് പിക്കാര്‍ സ്ഥലം വിട്ടത്. ഈ നാട്ടില്‍ ഇപ്പോള്‍ ആണുങ്ങളെ കാണാനേ ഇല്ലാത്ത അവസ്ഥയാണ്. ഉള്ളവരാകട്ടെ പൊലീസ് വാഹനം കണ്ടാല്‍ ഓടിമറയുന്നു. സംഘര്‍ഷത്തിന്റെ മറവില്‍ കേരള പൊലീസ് സംഘടിതമായി മനുഷ്യവേട്ട നടത്തിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് നാരദന്യൂസ് പ്രതിനിധി എസ് വിനേഷ് കുമാര്‍ നടത്തിയ അന്വേഷണം

ആണായിപ്പിറന്നവരൊക്കെ ജയിലിലാവുകയും നാടുവിടുകയും ചെയ്തു; താനൂരില്‍ നടന്നത് സംഘടിതവും സായുധവുമായ പൊലീസ് നരവേട്ട

ഞായറാഴ്ച്ച പുലര്‍ച്ചെ 12.30 സമയം. താനൂര്‍ കോര്‍മന്‍ കടപ്പുറത്തിന് സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ നാസറിന്റെ അടുക്കള വശത്തെ വാതില്‍ വന്‍ ശബ്ദത്തോടെ തകര്‍ന്നു വീഴുന്നു. ഭാര്യയും കുട്ടികളുമൊക്കെ വലിയ വായില്‍ നിലവിളിക്കുന്നതിനിടെ അകത്ത് കയറിയ പൊലീസ് കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തു. കിടപ്പുമുറിയുടെ വാതില്‍ ചവിട്ട് തുറന്ന് നാസറിനെ പിടിച്ചുവലിച്ച് കൊണ്ടുപോകുന്നതിനിടെ തടയാന്‍ ശ്രമിച്ച ഭാര്യ സീനത്തിനെ കേട്ടാലറയ്ക്കുന്ന അസഭ്യത്തോടെ പിടിച്ചുതള്ളി. ഭിത്തിയില്‍ തലയിടിച്ചവര്‍ തറയില്‍ വീണു. മൂന്ന് കുട്ടികള്‍ ഉറക്കെ കരഞ്ഞിട്ടും കാക്കിയിട്ടവരുടെ മനസ്സലിഞ്ഞില്ല. കോര്‍മന്‍ കടപ്പുറത്ത് സിപിഐഎം-മുസ്ലിംലീഗ് സംഘര്‍ഷം തടയാനെത്തിയ പൊലീസ് സംഘമാണ് മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ കയറി സാധനങ്ങള്‍ തല്ലിത്തകര്‍ക്കുകയും വിലപിടിപ്പുള്ളവ കൊള്ളയടിക്കുകയും ചെയ്തത്. രാഷ്ട്രീയ സംഘര്‍ഷം കടപ്പുറത്ത് നടക്കുമ്പോഴാണ് രണ്ട് കിലോമീറ്റര്‍ അകലെ ആലിന്‍ബസാറിലുള്‍പ്പെടെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ഇരു പാര്‍ട്ടികളിലും പ്രവര്‍ത്തിക്കാത്തവരുടെ ഉള്‍പ്പെടെ വീട്ടില്‍ക്കയറി പൊലീസ് അതിക്രമം കാണിച്ചത്.

ആലിന്‍ബസാറിനെ വൃദ്ധയായ ആമിനയുടെ വീട്ടില്‍ക്കയറിയ പൊലീസ് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന മക്കളുടെ മൂന്ന് ഓട്ടോറിക്ഷകളാണ് തല്ലിത്തകര്‍ത്തത്. വീട്ടിലുണ്ടായിരുന്ന പായയും സിലിണ്ടറും ഉള്‍പ്പെടെ കവര്‍ച്ച ചെയ്തതായും ഇവര്‍ ആരോപിക്കുന്നു. സമീപത്തെ സെയ്തുമോന്റെ വീട്ടിലെത്തിയ പൊലീസ് സംഘം വീട്ടിലുണ്ടായിരുന്ന സെയ്തിന്റെ മക്കളായ രണ്ട് വിദ്യാര്‍ഥികളെയാണ് ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് പാതിരാത്രിയില്‍ കൊണ്ടുപോയി ലോക്കപ്പില്‍ തള്ളിയത്. ഇവരെ പിന്നീടാണ് വിട്ടത്. വീടിന് മുന്നിലുണ്ടായിരുന്ന കുടിവെള്ള പൈപ്പ് ഉള്‍പ്പെടെ അടിച്ചുതകര്‍ത്താണ് സ്ഥലം വിട്ടത്. കടപ്പുറത്ത് ആക്രമണം നടക്കുന്നതിനിടെ രാത്രി ഒരു മണിയോടെ വീടിന് മുന്നില്‍ പൊലീസ് വാഹനം വന്ന് നില്‍ക്കുന്ന ശബ്ദം കേട്ട ഖദീജ ആശ്വാസത്തോടെ ഇനി പേടിക്കേണ്ടതില്ലെന്ന് കുട്ടികളോട് പറയുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ വീടിന് മുന്നിലെ തകരംകൊണ്ടുള്ള മറ തകര്‍ന്നുവീഴുന്നത്. പിന്നീട് മുന്‍വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ പൊലീസുകാര്‍ കണ്ണില്‍ക്കണ്ടതെല്ലാം എടുത്തെറിഞ്ഞു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍, കുടിവെള്ള പൈപ്പുകള്‍, കുട്ടികളുടെ സൈക്കിളുകള്‍ ഉള്‍പ്പെടെ ഉപയോഗ ശൂന്യമാക്കിയാണ് സ്ഥലം വിട്ടത്. ഈ സമയം വീടുകളിലുണ്ടായിരുന്ന ആണുങ്ങളില്‍ പലരും ഓടി രക്ഷപ്പെട്ടു. അല്ലാത്തവര്‍ പിടിയിലായി.


വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകനായ അന്‍സാറിന് പറയാനുള്ളത് മറ്റൊരു കഥയാണ്. അടുത്ത വീടുകളില്‍ നിന്ന് ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയതും ഇരച്ചെത്തിയ പൊലീസുകാര്‍ സഹോദരങ്ങളെ പിടികൂടിയതും അന്‍സാര്‍ ഇറങ്ങിയോടുകയായിരുന്നു. കിലോമീറ്ററോളം രാത്രിയില്‍ ഓടി നേരം വെളുക്കുവോളം കനോലി കനാലിന് സമീപം ഇരുന്നശേഷം പരപ്പനങ്ങാടിയുള്ള ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു. ബുധനാഴ്ച്ച തിരിച്ചു വീട്ടില്‍ വന്നുനോക്കിയപ്പോള്‍ കണ്ട കാഴ്ച്ചകള്‍ ഹൃദയഭേദകമായിരുന്നു. സഹോദരങ്ങളുടെ ഉള്‍പ്പെടെ ഏക വരുമാനമാര്‍ഗ്ഗമായ ഓട്ടോറിക്ഷകള്‍ തല്ലിത്തകര്‍ത്ത നിലയിലായിരുന്നു. മുന്‍വാതില്‍ തകര്‍ന്നിരിക്കുന്നു. മുറികളിലെങ്ങും ബൂട്ടിന്റെ പാടുകള്‍ മാത്രം. ഈ സംഭവങ്ങള്‍ നാരദാ ന്യൂസിനോടു പങ്കുവയ്ക്കുമ്പോള്‍ ഭയംകാരണം അന്‍സാര്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരതയോളം തീവ്രമായിരുന്നു താനൂര്‍ കോര്‍മന്‍ കടപ്പുറത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസ് നടത്തിയ മനുഷ്യവേട്ട. പാലക്കാട് ആംഡ് റിസര്‍വില്‍ നിന്നെത്തിയ എം എസ് പി (മലബാര്‍ സ്‌പെഷ്യല്‍ പൊലീസ്) ഫോഴ്‌സാണ് സംഘര്‍ഷത്തിന്റെ മറവില്‍ വീടുകളില്‍ കയറി നരനായാട്ടും കൊള്ളയും നടത്തിയത്. ഒരൊറ്റ വനിതാ പൊലീസിന്റെ സാന്നിധ്യം പോലുമില്ലാതെയാണ് സ്ത്രീകളും കുട്ടികളും താമസിക്കുന്ന വീടുകളില്‍ പൊലീസിന്റെ അഴിഞ്ഞാട്ടം.

സിപിഐഎം-മുസ്ലിംലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഇരുവിഭാഗങ്ങളുടെ മീന്‍വലകളും ഷെഡ്ഡുകളും ചില കടകളും പരസ്പരം തകര്‍ത്തിരുന്നു. ഇതിന്റെ എത്രയോ ഇരട്ടിയാണ് പൊലീസ് ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍. സ്ഥലത്തെ 30ലധികം വീടുകളിലാണ് പൊലീസ് ആക്രമണം നടത്തിയത്. വീട്ടുപകരണങ്ങളും വാഹനങ്ങളും തല്ലിതകര്‍ത്താണ് സംഘം മടങ്ങിയത്.

ആക്രമകാരികളെ പിടികൂടാനെന്ന വ്യാജേന വീട്ടില്‍ കിടന്നുറങ്ങുന്ന പുരുഷന്‍മാരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ ബഹുഭൂരിഭാഗം പേരും നിരപരാധികളാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ പ്രദേശം ഇപ്പോഴും പൊലീസ് വലയത്തിലാണ്.
പുരുഷന്‍മാരെ പ്രദേശത്ത് കണ്ടാലുടന്‍ ചോദ്യം ചെയ്യലും ഭീഷണിയും തുടരുകയാണ്.

ആണുങ്ങളില്ലാതെ അടച്ചുറപ്പില്ലാത്ത വീടുകളില്‍ ഞങ്ങള്‍ എങ്ങനെ കഴിയും? സംഭവത്തിന് ശേഷം ഞങ്ങള് പെണ്ണുങ്ങള്‍ ഉറങ്ങാറേയില്ലെന്ന് കദീസു കരഞ്ഞുകൊണ്ടാണ് നാരദാ ന്യൂസിനോടു പ്രതികരിച്ചത്. ചില കുടുംബങ്ങളും ഇവിടെ നിന്ന് അടുത്ത പ്രദേശങ്ങളിലെ ബന്ധുവീടുകളിലേക്കും മറ്റും പലായനം ചെയ്തുകഴിഞ്ഞു. ഈ പ്രദേശത്തെ ഏറെക്കുറെ എല്ലാവീടുകളിലും ഇപ്പോള്‍ പുരുഷന്‍മാരില്ല. വാതിലുകളെല്ലാം 'പ്രതി'കളെ പിടിക്കാനെന്ന പേരില്‍ പൊലീസ് ചവിട്ടിത്തകര്‍ത്തിരിക്കുന്നു. തകരാത്ത വാതിലുകള്‍ വെട്ടുകല്ലുകൊണ്ട് കുത്തിയാണ് പൊളിച്ചത്. ഇവിടെ ജനസംഖ്യയുടെ 95 ശതമാനവും മുസ്ലിങ്ങളാണ്. സംഘര്‍ഷത്തിലും പൊലീസ് അതിക്രമത്തിലും കോടികളുടെ നഷ്ടമുണ്ടായതെല്ലാംതന്നെ ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ക്കാണ്. രാഷ്ട്രീയസംഘര്‍ഷത്തിനിടെ കല്ലേറുകൊണ്ടതാണ് എം എസ് പിക്കാരെ പ്രകോപിതരാക്കിയതെന്നാണ് പറയപ്പെടുന്നത്.

Read More >>