മാഹിയുടെ മേൽവിലാസം മാറുന്നു; പകുതിയോളം മദ്യവില്പനശാലകൾക്ക് പൂട്ടു വീണു; നഗരത്തിലിനി രണ്ട് മദ്യക്കടകൾ മാത്രം

മാഹിയില്‍ ദേശീയപാതയിലെ ഏതാണ്ട് 700 മീറ്റര്‍ ചുറ്റളവിലാണ് അടച്ചുപൂട്ടുന്ന 32 മദ്യഷാപ്പുകളും സ്ഥിതിചെയ്തിരുന്നത്. ദേശീയപാതയില്‍ നിന്നും 500 മീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന രണ്ട് മദ്യശാലകള്‍ മാത്രമാണ് മാഹി നഗരത്തില്‍ ഇനി അവശേഷിക്കുക. ബാക്കിയുള്ള 30 എണ്ണം പാറാല്‍ -പള്ളൂര്‍ -ചൊക്ലി പാതയോരത്തും പള്ളൂര്‍ മുതല്‍ പന്തക്കല്‍-മൂലക്കടവ് വരെയുള്ള പാതയോരങ്ങളിലുമാണുള്ളത്. പൂട്ടുവീണ മദ്യശാലകളില്‍ പകുതിയോളമെങ്കിലും നഗരത്തിന് തൊട്ടുള്ള ചൂടിക്കോട്ട, മഞ്ചക്കല്‍, ഐ.കെ കുമാരന്‍ റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുന്നതായാണ് വിവരം

മാഹിയുടെ മേൽവിലാസം മാറുന്നു; പകുതിയോളം മദ്യവില്പനശാലകൾക്ക് പൂട്ടു വീണു; നഗരത്തിലിനി രണ്ട് മദ്യക്കടകൾ മാത്രം

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാഹിയിലുള്ള 64 മദ്യശാലകളില്‍ 32 എണ്ണത്തിനും പൂട്ടുവീണു. മാര്‍ച്ച് 31ഓടെ ലൈസന്‍സ് കാലാവധി അവസാനിച്ചവയാണ് ഇതെല്ലാം. ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് പുതുക്കി ലഭിക്കാത്ത സാഹര്യത്തിലാണ് മദ്യശാലകളുടെ പ്രവര്‍ത്തനം നിലയ്ക്കുക. കഴിഞ്ഞ ഡിസംബര്‍ 15ന് കോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്ന് പുതുച്ചേരി സര്‍ക്കാറും പുതുച്ചേരി ലിക്കര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും സമര്‍പ്പിച്ചതുള്‍പ്പെടെയുള്ള 52 പുന:പരിശോധനാ ഹരജികളിലാണ് വെള്ളിയാഴ്ച കോടതി തീര്‍പ്പുണ്ടാകുന്നത്. മദ്യത്തിന്റെ നാടെന്ന ഖ്യാതിയുള്ള മാഹിയില്‍ നിലവിലുണ്ടായിരുന്ന മദ്യശാലകളുടെ എണ്ണം പകുതിയാകുന്നതോടെ അവശേഷിക്കുന്ന മദ്യഷോപ്പുകള്‍ക്കാവും ഇനി കച്ചവട വര്‍ധനയെന്ന് ചുരുക്കം.

മാഹിയില്‍ ദേശീയപാതയിലെ ഏതാണ്ട് 700 മീറ്റര്‍ ചുറ്റളവിലാണ് അടച്ചുപൂട്ടുന്ന 32 മദ്യഷാപ്പുകളും സ്ഥിതിചെയ്തിരുന്നത്. ദേശീയപാതയില്‍ നിന്നും 500 മീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന രണ്ട് മദ്യശാലകള്‍ മാത്രമാണ് മാഹി നഗരത്തില്‍ ഇനി അവശേഷിക്കുക. ബാക്കിയുള്ള 30 എണ്ണം പാറാല്‍ -പള്ളൂര്‍ -ചൊക്ലി പാതയോരത്തും പള്ളൂര്‍ മുതല്‍ പന്തക്കല്‍-മൂലക്കടവ് വരെയുള്ള പാതയോരങ്ങളിലുമാണുള്ളത്. പൂട്ടുവീണ മദ്യശാലകളില്‍ പകുതിയോളമെങ്കിലും നഗരത്തിന് തൊട്ടുള്ള ചൂടിക്കോട്ട, മഞ്ചക്കല്‍, ഐ.കെ കുമാരന്‍ റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുന്നതായാണ് വിവരം. പതിറ്റാണ്ടുകളായി മാഹി മദ്യവിരുദ്ധ സമിതി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇതെത്രത്തോളം നടക്കുമെന്ന് കണ്ടറിയുക തന്നെ വേണം. അതേസമയം പ്രക്ഷോഭത്തെ മറികടന്നും മദ്യശാലകള്‍ സ്ഥാപിക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ പൊലീസ് സഹായം നല്‍കും.

മാഹിയിലെ പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് താഴിടുന്നതോടെ അനധികൃത മദ്യശാലകള്‍ വര്‍ധിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് പറയപ്പെടുന്നു. ഇപ്പോള്‍ തന്നെ മാഹിയില്‍ പലയിടങ്ങളിലും ലിക്കര്‍ ബോട്ടിലിംഗ് നടക്കുന്നതായാണ് വിവരം. മാഹിയില്‍ നിന്ന് പ്ലാസ്റ്റിക് ബോട്ടിലില്‍ വാങ്ങുന്ന റം കുപ്പികളിൽ അധികവും ലേബലൊട്ടിച്ച് അവിടുത്തെ അനധികൃത കേന്ദ്രങ്ങളില്‍ നിര്‍മ്മിക്കുന്നതാണെന്ന് മാഹിയിലെ വ്യാപാരികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. സംസ്ഥാനത്തിന്റ നികുതി സംവിധാനത്തില്‍ വരാത്തതിനാല്‍ കേരള സര്‍ക്കാറിന്റെ ബിവറജ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് വാങ്ങുന്ന മദ്യത്തേക്കാള്‍ 30 ശതമാനം വരെ വിലക്കുറവാണ് മാഹിയില്‍.