പത്രപരസ്യത്തിലൂടെ പൊലീസ് നടപടിയെ ന്യായീകരിച്ച സർക്കാർ നിലപാടിൽ ദുഃഖമുണ്ടെന്ന് മഹിജ

തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ പരസ്യം നൽകിയതെന്നു വ്യക്തമാക്കിയ മഹിജ സർക്കാരിനെതിരെ സംസാരിക്കേണ്ടി വന്നതിൽ തനിക്കു ദുഃഖമുണ്ടെന്നും പറഞ്ഞു.

പത്രപരസ്യത്തിലൂടെ പൊലീസ് നടപടിയെ ന്യായീകരിച്ച സർക്കാർ നിലപാടിൽ ദുഃഖമുണ്ടെന്ന് മഹിജ

തിരുവനന്തപുരം: പൊലീസ് നടപടിയെ ന്യായീകരിച്ച് പത്രപരസ്യം ഇറക്കിയ സർക്കാർ നിലപാടിൽ ദുഃഖമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ പരസ്യം നൽകിയതെന്നു വ്യക്തമാക്കിയ മഹിജ സർക്കാരിനെതിരെ സംസാരിക്കേണ്ടി വന്നതിൽ തനിക്കു ദുഃഖമുണ്ടെന്നും പറഞ്ഞു.

കോടികൾ മുടക്കി നൽകിയ പത്രപരസ്യം ജിഷ്ണു കേസിൽ സത്യങ്ങൾ തമസ്കരിക്കുന്ന പ്രചാരണമാണു നടക്കുന്നതെന്നും അറസ്റ്റ് ചെയ്തത് പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയവരെയാണെന്നും ന്യായീകരിച്ചുകൊണ്ടുള്ളതായിരുന്നു. പ്രചാരണമെന്ത്, സത്യമെന്ത്?എന്ന തലക്കെട്ടിലാണ് ഇന്നത്തെ പത്രങ്ങളിൽ പിആർഡി പരസ്യം നൽകിയത്.

കേസുമായി ബന്ധപ്പെട്ട് സത്യങ്ങളെ തമസ്‌കരിക്കുന്ന പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പത്രപരസ്യത്തിൽ പറയുന്നു. ഡിജിപി ഓഫീസിനു മുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് നുഴഞ്ഞുകയറിയ സംഘമാണെന്നും ജിഷ്ണുവിന്റെ അമ്മയെ നിലത്തിട്ടു വലിച്ചിഴച്ചു എന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും പത്രപരസ്യത്തില്‍ പറയുന്നു.

അതേസമയം, മഹിജ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരാഹാരം തുടരുകയാണ്. മകന്റെ ഘാതകരെ അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ഇവർ. ഇതോടൊപ്പം കോഴിക്കോട് വളയത്തെ വീട്ടിൽ ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്കു കടന്നു. അവിഷ്ണയ്ക്കൊപ്പം ബന്ധുക്കളും നാട്ടുകാരും നിരാഹാരമിരിക്കുന്നുണ്ട്.

ആരോഗ്യസ്ഥിതി മോശമാണെങ്കിലും നിരാഹാരം പിൻവലിക്കാൻ തയ്യാറല്ല എന്ന ഉറച്ച നിലപാടിലാണ് അവിഷ്ണ. സമരം അവസാനിപ്പിച്ചില്ലെങ്കിൽ അവിഷ്ണയെ അറസ്റ്റ് ചെയ്തു നീക്കാനായിരുന്നു ഇന്നലെ പൊലീസ് തീരുമാനമെങ്കിലും ഇന്നത് വേണ്ടെന്നുവച്ചിട്ടുണ്ട്. നാട്ടുകാരുടേയും കുടുംബക്കാരുടേയും പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. അവിഷ്ണയ്ക്ക് ആവശ്യമായ വൈദ്യസഹായം വീട്ടിൽ തന്നെ നൽകാനായി തഹസിൽദാറുടെ നിർദേശപ്രകാരം മെഡിക്കൽ സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Read More >>