'അമ്മേ ഇന്ന് പരീക്ഷയാണ്. ബുക്ക് ഒന്നുകൂടി മറിച്ചു നോക്കണം'- ജിഷ്ണു അവസാനമായി പറഞ്ഞു

'വൈകീട്ട് പരീക്ഷ കഴിഞ്ഞ് വിളിക്കാമെന്നും ഞാനൊന്ന് കൂടി പുസ്തകം നോക്കട്ടെ അമ്മേയെന്നും പറഞ്ഞുമാണ് കഴിഞ്ഞ വര്‍ഷം ഇതേ ദിവസം രാവിലെ അവന്‍ ഫോണ്‍ കട്ട് ചെയ്തത്. പിന്നെ അവന്‍ വിളിച്ചില്ല. രാത്രി അവന്‍ ബാത്ത്‌റൂമില്‍ തൂങ്ങിയെന്നൊക്കെ ഹോസ്റ്റല്‍ വാര്‍ഡന്‍ വിളിച്ചു പറഞ്ഞപ്പോഴും ഞാന്‍ വിശ്വസിക്കാതെ കാത്തിരുന്നു.'- മഹിജ പറയുന്നു.

അമ്മേ ഇന്ന് പരീക്ഷയാണ്. ബുക്ക് ഒന്നുകൂടി മറിച്ചു നോക്കണം- ജിഷ്ണു അവസാനമായി പറഞ്ഞു

ജിഷ്ണു മരിച്ചതിനു ശേഷവും അത് വിശ്വസിക്കാതെ വൈകീട്ട് ആറര മുതല്‍ പിറ്റേന്ന് രാവിലെ പത്ത് മണി വരെ മകനെ കാത്തിരുന്ന നിമിഷങ്ങള്‍- ജിഷ്ണുവിന്റെ അമ്മ മഹിജ നാരദ ന്യൂസിനോട് മനസ് തുറക്കുന്നു.

''കഴിഞ്ഞവര്‍ഷം ഇതേ ദിവസം വൈകുന്നേരം ആറരയോടെയാണ് വിവരം അറിയുന്നത്. ആറുമണിയോടെ ഞാനനവനെ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. സാധാരണ ക്ലാസ് കഴിഞ്ഞു വന്നാല്‍ ഒന്നുകില്‍ ഞാനങ്ങോട്ടു വിളിക്കും, അല്ലെങ്കില്‍ അവൻ ഇങ്ങോട്ടു വിളിക്കും. ഇടയ്ക്ക് ചില ദിവസങ്ങളില്‍ ഇങ്ങനെ വിളിച്ചാല്‍ കിട്ടാറില്ല. പിന്നെ വിളിക്കുമ്പോ അവന്‍ പറയും, അമ്മേ ഞാന്‍ ഫോണ്‍ വെച്ചിട്ട് കളിക്കാന്‍ പോയി, ഫോണ്‍ ഓഫായി പോയി എന്നൊക്കെ. അന്ന് ആറാം തിയ്യതി രാവിലെ എട്ടരയ്ക്ക് വിളിച്ചിട്ട് പറഞ്ഞു. അമ്മേ ഇന്ന് പരീക്ഷയാണ്. ബുക്ക് ഒന്നുകൂടി മറിച്ചു നോക്കണം. പരീക്ഷ കഴിഞ്ഞ് പിറ്റേന്ന് രാവിലെ വീട്ടിലേക്കു വരുന്ന കാര്യവും അവൻ പറഞ്ഞിരുന്നു. ഏറ്റവും അവസാനമായി പറഞ്ഞത് പരീക്ഷ കഴിഞ്ഞിട്ട് വൈകുന്നേരം വിളിക്കാം എന്നാണ്. എന്നാൽ പിന്നെ അവൻ വിളിച്ചിട്ടില്ല.

വൈകീട്ട് ആറരയ്ക്ക് പാമ്പാടി കോളേജില്‍ നിന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ വിളിച്ചു. ജിഷ്ണു ബാത്ത്‌റൂമില്‍ തൂങ്ങി നില്‍ക്കുകയാണ്. ഷാള്‍ കെട്ടി എന്നൊക്കെ പറഞ്ഞു. നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, ജിഷ്ണു സൂയിസൈഡ് ചെയ്തു എന്ന്. ആ സമയം തന്നെ ഞാന്‍ വീണുപോയി. പിന്നെ അച്ഛനാണ് കാര്യങ്ങളെല്ലാം ചെയ്തത്. സഹോദരൻ ശ്രീജിത്ത് ഉള്‍പ്പടെ എല്ലാവരേയും അച്ഛനാണ് വിളിച്ച് അറിയിക്കുന്നത്. പക്ഷേ എനിക്ക് ഇതൊന്നും വിശ്വസിക്കാന്‍ പറ്റിയില്ല. പിറ്റേ ദിവസം രാവിലെ പത്തു മണിക്കാണ് അവന്‍ മരിച്ചുവെന്ന് എനിക്ക് ബോധ്യമായത്. ഞാന്‍ അതുവരെ കരുതിയത് അവന്‍ താമസിക്കുന്ന ഹോസ്റ്റലിൽ കുളിമുറിയില്‍ വീണതാവും എന്നാണ്.

അന്നേ ദിവസം വൈകീട്ട് വാര്‍ഡന്റെ ഫോണ്‍ വന്നതും ഞാന്‍ റോഡിലേയ്ക്ക് ഓടുകയാണ് ചെയ്തത്. റോഡില്‍ വരുന്ന ഏതെങ്കിലും വണ്ടി തടഞ്ഞു നിര്‍ത്തി എത്രയും വേഗം എന്റെ മകന്റെ അടുത്തേക്ക് എത്തണമെന്ന് കരുതിയാണ് ഓടിയത്. ഒരാളേയും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. എന്റെ മകന്റെയടുത്ത് എത്രയും വേഗം എത്തണമെന്ന ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ മാനസികനില തെറ്റിയാണ് ഞാന്‍ ഓടിയത്. അപ്പോള്‍ എന്റെ അച്ഛന്‍ വണ്ടിയും കൊണ്ടുവന്നു. എന്റെ ആങ്ങളമാരും ജിഷ്ണുവിന്റെ അച്ഛനും പിടിച്ച് വണ്ടിയില്‍ കയറ്റുകയായിരുന്നു. എന്നിട്ടാണ് ജിഷ്ണുവിന്റെയടുത്തേക്ക് പോയത്.

അവിടെയിരുന്ന് ഞാൻ എല്ലാ ദൈവങ്ങളെയും വിളിച്ചു. പക്ഷെ എന്റെ മകൻ മരിച്ചിട്ടാണ് ഞാന്‍ ദൈവങ്ങളെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ വിചാരിച്ചത് കുളിമുറിയില്‍ വീണ് കാലിന് പരിക്കുണ്ടാവും, വേഗം അവിടെയെത്തിയിട്ട് ഏതെങ്കിലും നല്ല ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണം എന്നൊക്കെയാണ്.

പോകുന്നതിനിടയില്‍ ഒരു ആങ്ങളയ്ക്ക് ഛര്‍ദ്ദിയും പ്രശ്‌നങ്ങളുമായതിനാല്‍ വണ്ടി ഇടയ്ക്കിടെ നിര്‍ത്തുമായിരുന്നു. പിന്നെ വണ്ടിയിലുള്ള മറ്റ് ആങ്ങളമാര്‍ക്ക് ഞാൻ ഉള്ളതിനാൽ ഫോണ്‍ വിളിക്കാന്‍ പറ്റുന്നില്ല. വണ്ടി നിർത്തുമ്പോള്‍ ശ്രീജിത്ത് ഫോണുമെടുത്ത് ദൂരെ പോകുന്നത് ഞാന്‍ കാണുന്നുണ്ട്. ഞാന്‍ വിചാരിക്കുന്നത് ഇവര്‍ മോനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന കാര്യം പറയുകയാണെന്നാണ്. ഒരു പ്രാവശ്യം ദൂരെ നിന്ന് ഫോണ്‍ ചെയ്ത് വണ്ടിയില്‍ കയറുമ്പോള്‍ ഞാന്‍ ശ്രീജിത്തിന്റെ കണ്ണീരാണ് കണ്ടത്. അപ്പോഴും ഞാന്‍ വിചാരിച്ചത് മകന് അപകടം പറ്റിയതറിഞ്ഞ് കരഞ്ഞതാവും എന്നാണ്.

ഞാന്‍ പുറകിലായിരുന്നു അതുവരെ ഇരുന്നിരുന്നത്. കരഞ്ഞുകൊണ്ട് ശ്രീജിത്ത് വണ്ടിയില്‍ കയറുമ്പോള്‍ പുറകിലിരുന്ന എന്നെയും നിർബന്ധിച്ച് മുന്‍സീറ്റിലേക്ക് കൊണ്ടുപോയി. ജിഷ്ണു വിട്ടുപിരിഞ്ഞു എന്നറിഞ്ഞപ്പോള്‍ എന്നോടുള്ള സങ്കടവും ജിഷ്ണുവിനോടുള്ള സ്‌നേഹവും കൊണ്ടാണ് അവന്‍ അങ്ങനെ ചെയ്തതെന്ന് പിന്നീടാണ് എനിക്ക് മനസിലായത്.

ഒറ്റപ്പാലത്ത് എത്തി ആശുപത്രിക്ക് അടുത്തുള്ള റെസ്റ്റ് ഹൗസിൽ എന്നെ കൊണ്ടാക്കി. രാത്രി ഒരുപാട് വൈകിയതിനാൽ ഐസിയുവില്‍ കയറ്റില്ല. രാവിലെ കൊണ്ടുപോയി കാണിക്കാം എന്നും പറഞ്ഞു. ഒരു ആങ്ങളയെ റൂമിലിരുത്തി ബാക്കിയെല്ലാവരും പോയി. ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശ്രീജിത്തിന്റെ അനിയന്‍ സുജിത്തിന്റെ ഭാര്യ വന്നു. അവര്‍ ഡോക്ടറാണ്. ഭാര്യയും സുജിത്തും കൂടി എറണാകുളത്ത് നിന്ന് ഇങ്ങോട്ടു വന്നതാണ്. മോന്‍ ഹോസ്പിറ്റലിലല്ലേ അവന്റെയടുത്തല്ലെ നിങ്ങള്‍ വേണ്ടതെന്ന് ഞാൻ ചോദിച്ചു. നാളെ രാവിലെ ആറുമണിക്ക് നമുക്ക് അവനെ കാണാമെന്നും പറഞ്ഞു.

പക്ഷെ രാവിലെ ആറുമണിയായിട്ടും ആരും എന്നെ വിളിക്കുന്നില്ല. ഏഴ് മണിയായിട്ടും വിളിക്കാത്തപ്പോള്‍ ഞാന്‍ പിന്നേയും ചോദിച്ചു എന്താ വിളിക്കാത്തതെന്ന്. അപ്പോള്‍ അവര്‍ പറഞ്ഞു- അവിടെയൊരു സമരം ഉണ്ട്. നമ്മള്‍ കോഴിക്കോട് മിംസിലേക്ക് മാറ്റുകയാണ്, എല്ലാ സജ്ജീകരണങ്ങളുമുള്ള ആംബുലന്‍സ് വേണം എന്നൊക്കെ പറഞ്ഞു. പത്തു മണിക്ക് ഇവര്‍ ഒരു കാറും അങ്ങോട്ടുപോയ വണ്ടിയുമായി വന്ന് മുറിയുടെ അടുത്തെത്തി. ഞാന്‍ ആ കാറില്‍ കയറി ആശുപത്രിയുടെ മുറ്റത്ത് എത്തുമ്പോ കാണുന്നത് ആംബുലന്‍സ് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരിക്കുന്നു. ആ സമയത്ത് എന്നെ ആരും പിടിച്ചിരുന്നില്ല. പെട്ടെന്ന് ഞാന്‍ ഇറങ്ങിയോടി.

ഞാന്‍ വിചാരിക്കുന്നത് എന്റെ മോനെ പെട്ടെന്ന് ഒരു നോക്ക് കണ്ടിട്ട് എത്രയും വേഗത്തില്‍ കോഴിക്കോട്ടേ ആശുപത്രിയിലേക്ക് കൊണ്ടുവരണം എന്നാണ്. ആംബുലന്‍സിന് അടുത്തേക്ക് എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ മോനെ കാണണോ എന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞപ്പോള്‍ അവര്‍ ആംബുംലന്‍സിന്റെ വാതില്‍ തുറന്നു. ഞാന്‍ കാണുന്നത് ഒരു സജ്ജീകരണവും ഇല്ലാത്ത ഒരു ആംബുലന്‍സ്, അതില്‍ മോനു... അപ്പോഴാണ് എല്ലാം പോയെന്ന് എനിക്ക് മനസിലായത്. പിന്നെ ഞാന്‍ മാനസിക നില തെറ്റിയപോലെ അവിടെ പ്രശ്‌നം ഉണ്ടാക്കി.

ഒരു വൈകുന്നേരം മുതല്‍ പിറ്റേന്ന് രാവിലെ വരെ ഞാന്‍ അനുഭവിച്ചത് എനിക്കെ അറിയൂ. ഐസിയുവില്‍ കിടക്കുന്ന മകനെ ജീവനോടെ കാണാന്‍ കാത്തിരിക്കുന്നതും അവന്‍ നഷ്ടപ്പെട്ടെന്ന് അറിഞ്ഞ ശേഷമുള്ള വിഷമങ്ങളും രണ്ടാണ്. പക്ഷെ ജിഷ്ണുവിനു വേണ്ടി അവനെ സ്‌നേഹിക്കുന്നവരും കൂട്ടുകാരും നാട്ടുകാരും ഒരിക്കലും അവനേയോ ഞങ്ങളേയോ നേരിട്ടറിയാത്തവരും ഒപ്പം നിന്നു. ഞാന്‍ മരിച്ചാലും ഇതൊന്നും മറക്കില്ല.'' മഹിജ പറഞ്ഞു നിർത്തി.


Story by
Read More >>