ഡ്രിപ്പും പഴച്ചാറും വേണ്ടെന്നുവച്ചു; നിരാഹാര സമരം ശക്തമാക്കി മഹിജയും ശ്രീജിത്തും

പൊലീസ് നടത്തിയ അതിക്രമത്തെ ന്യായീകരിച്ച് സർക്കാർ പത്രപരസ്യം ഇറക്കിയതിന്റെ പശ്ചാത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. ഇന്നത്തെ പത്രങ്ങളിലാണ് പൊലീസ് നടപടിയെ ന്യായീകരിച്ച് പിആർഡി പരസ്യം നൽകിയത്. പ്രചാരണമെന്ത്, സത്യമെന്ത്?എന്ന തലക്കെട്ടിലാണ് പരസ്യം.

ഡ്രിപ്പും പഴച്ചാറും വേണ്ടെന്നുവച്ചു; നിരാഹാര സമരം ശക്തമാക്കി മഹിജയും ശ്രീജിത്തും

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തും നടത്തുന്ന നിരാഹാര സമരം ശക്തമാക്കുന്നു. ഇരുവർക്കും ആശുപത്രി അധികൃതർ നൽകിവന്നിരുന്ന ഡ്രിപ്പും പഴച്ചാറുംകൂടി ഉപേക്ഷിക്കാൻ തീരുമാനിച്ചാണ് ഇരുവരും പ്രതിഷേധം കടുപ്പിക്കുന്നത്.

പൊലീസ് നടത്തിയ അതിക്രമത്തെ ന്യായീകരിച്ച് സർക്കാർ പത്രപരസ്യം ഇറക്കിയതിന്റെ പശ്ചാത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. ഇന്നത്തെ പത്രങ്ങളിലാണ് പൊലീസ് നടപടിയെ ന്യായീകരിച്ച് പിആർഡി പരസ്യം നൽകിയത്. പ്രചാരണമെന്ത്, സത്യമെന്ത്?എന്ന തലക്കെട്ടിലാണ് പരസ്യം.

തുടർന്ന്, ഇതിനെ ന്യായീകരിച്ചും മഹിജെ ഡിജിപി ഓഫീസിനു മുന്നിൽ പോവേണ്ടിയിരുന്നില്ലെന്നു പറഞ്ഞും മന്ത്രി കെ കെ ശൈലജ രം​ഗത്തെത്തുകയും ചെയ്തു. എന്നാൽ സർക്കാരിന്റെ ഈ നിലപാടിൽ ദുഃഖമുണ്ടെന്നും തന്നെ വിളിക്കുകപോലും ചെയ്യാതെയാണ് സർക്കാർ പരസ്യം നൽകിയതെന്നും മഹിജ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സമരം ശക്തമാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സത്യങ്ങളെ തമസ്‌കരിക്കുന്ന പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു പത്രപരസ്യത്തിലെ വാദം. ഡിജിപി ഓഫീസിനു മുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് നുഴഞ്ഞുകയറിയ സംഘമാണെന്നും ജിഷ്ണുവിന്റെ അമ്മയെ നിലത്തിട്ടു വലിച്ചിഴച്ചു എന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും പത്രപരസ്യത്തില്‍ പറയുന്നു.

അതേസമയം, ആശുപത്രിയിലേക്കു മാറണമെന്ന റൂറൽ എസ്പിയുടെ നിർദേശം കോഴിക്കോട് വളയത്തെ വീട്ടിൽ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ തള്ളി. മൂന്നുദിവസമായി അവിഷ്ണ ഇവിടെ നിരാഹാരത്തിലാണ്. അവിഷ്ണയ്ക്കൊപ്പം ബന്ധുക്കളും നാട്ടുകാരും നിരാഹാരമിരിക്കുന്നുണ്ട്. ആരോഗ്യസ്ഥിതി മോശമാണെങ്കിലും നിരാഹാരം പിൻവലിക്കാൻ തയ്യാറല്ല എന്ന ഉറച്ച നിലപാടിലാണ് അവിഷ്ണ.

സമരം അവസാനിപ്പിച്ചില്ലെങ്കിൽ അവിഷ്ണയെ അറസ്റ്റ് ചെയ്തു നീക്കാനായിരുന്നു ഇന്നലെ പൊലീസ് തീരുമാനമെങ്കിലും ഇന്നത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാൽ ഇപ്പോൾ അവിഷ്ണയെ ആശുപത്രിയിലെത്തിക്കാനാണ് പൊലീസ് തീരുമാനം. ആരോ​ഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണിത്. അവിഷ്ണയ്ക്ക് ആവശ്യമായ വൈദ്യസഹായം വീട്ടിൽ തന്നെ നൽകാനായി തഹസിൽദാറുടെ നിർദേശപ്രകാരം മെഡിക്കൽ സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.