മദ്രസ അധ്യാപകന്റെ കൊലപാതകം; ലക്ഷ്യം വർഗീയകലാപം സൃഷ്ടിക്കൽ; കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും

പ്രതികൾ ബോധപൂർവം വർഗീയകലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

മദ്രസ അധ്യാപകന്റെ കൊലപാതകം; ലക്ഷ്യം വർഗീയകലാപം സൃഷ്ടിക്കൽ; കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും

കാസർഗോഡ് പഴയച്ചൂരിയിലെ മദ്രസാധ്യാപകൻ കുടക് സ്വദേശി റിയാസ് മൗലവിയെ പള്ളിയോടനുബന്ധിച്ച മുറിയിൽ കയറി കൊലപ്പെടുത്തിയ കേസിൽ ഈ ആഴ്ച കുറ്റപത്രം സമർപ്പിക്കും. പ്രതികൾ ബോധപൂർവം വർഗീയകലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കാസര്‍കോട് കേളുഗുഡെ അയ്യപ്പ നഗര്‍ ഭജന മന്ദിര സമീപത്തെ അജേഷ് എന്ന അപ്പു, നിതിന്‍, ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. എല്ലാവരും ആർഎസ്എസിന്റെ സജീവപ്രവർത്തകരാണ്. മാർച്ച് മാസം 21ന് ആണ് കൊലപാതകം നടന്നത്. കാസർകോട് താളിപടപ്പിൽ വച്ച് പ്രതികൾ ചേർന്ന് അർധരാത്രിവരെ മദ്യപിച്ചിരുന്നു. തുടർന്ന് മുസ്ലിം വിഭാഗത്തിപെട്ട ആരെയെങ്കിലും കൊല്ലുകയെന്ന ലക്ഷ്യം വെച്ച് നീങ്ങിയ അജേഷ് താളിപടപ്പിൽനിന്ന് പഴയ ചൂരിയിലെ പള്ളിയിലേക്ക് രണ്ടു കിലോമീറ്റർ ദൂരം, നേരെ നടന്നുപോകുകയായിരുന്നു എന്നാണ് പരാതി.

റിയാസ് മൗലവി താമസിക്കുന്ന പള്ളിപ്പറമ്പിലേക്ക് അജേഷ് കയറുേമ്പാൾ ഗേറ്റ് അനങ്ങുന്ന ശബ്ദംകേട്ട് മൗലവി വാതിൽ തുറക്കുകയായിരുന്നു. അപ്പോഴേക്കും മൗലവിക്കുനേരെ കല്ലേറുണ്ടായി. ശബ്ദംകേട്ട് അടുത്തമുറിയിൽ താമസിക്കുന്ന അബ്ദുൽ അസീസ് വഹാബി വാതിൽ തുറന്നു നോക്കിയപ്പോൾ അദ്ദേഹത്തിന് നേരെയും കല്ലേറുണ്ടായി. ഖതീബ് വാതിലടച്ച് ആക്രമണം മൈക്കിലൂടെ നാട്ടുകാരെ അറിയിക്കുന്ന നേരത്താണ് റിയാസ് മൗലവിയെ അജേഷ് കൊലപ്പെടുത്തുന്നത്. അജേഷ് ഒറ്റക്കാണ് കൃത്യം നിർവഹിച്ചത്. വയറ്റിൽ കുത്തിയശേഷം കഴുത്തിന് നിരവധി തവണ കുത്തുകയായിരുന്നു. അജേഷ് കൊല നടത്തുേമ്പാൾ നിധിൻ കല്ലെറിഞ്ഞ് ഖതീബിനെ അകറ്റി. ഇൗസമയം അഖിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തുകയായിരുന്നു. ഖതീബിന്റെ അറിയിപ്പിനെ തുടർന്ന് നാട്ടുകാർ എത്തുമ്പാഴേക്കും മൂന്നുപേരും സ്ഥലം വിടുകയായിരുന്നുവെന്നാണ് സാക്ഷി മൊഴി.


റിയാസ് മൗലവി വധക്കേസ് പ്രതികൾ

സംഭവം നേരില്‍ കണ്ട പള്ളിയിലെ ഖത്തീബാണ് കേസിലെ പ്രധാന സാക്ഷി. കൊലയ്ക്കായി ഉപയോഗിച്ച ആയുധങ്ങളും മറ്റു സാമഗ്രികളും തെളിവായി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഐപിസി 302 (കൊലപാതകം), 153 (മതസൗഹാർദം തകർക്കാൻ വർഗീയ കലാപമുണ്ടാക്കൽ), 450 (കുറ്റകൃത്യം ചെയ്യാനുദ്ദേശിച്ച് വീട് അതിക്രമിച്ചുകടക്കൽ), 34(ആക്രമിക്കാൻ സംഘടിക്കൽ), 201 (തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവെക്കൽ) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്ന് പരക്കെ ആവശ്യം ഉയർന്നിരുന്നെങ്കിലും നിലവിൽ യുഎപിഎ ഉപയോഗിച്ചിട്ടില്ല.

Story by