കാസർഗോഡ് മദ്രസാ അധ്യാപകനെ കഴുത്തറുത്തു കൊന്നു: നിയോജകമണ്ഡലത്തിൽ മുസ്ലിം ലീഗ് ഹർത്താൽ; പൊലീസ് കനത്ത ജാഗ്രതയിൽ

പൊലീസ് ജില്ലയിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാൻ കാസർഗോഡ് എത്തി. മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാസർഗോഡ് നിയോജകമണ്ഡലത്തിൽ മുസ്ലിം ലീഗ് ആസൂത്രണം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.

കാസർഗോഡ് മദ്രസാ അധ്യാപകനെ കഴുത്തറുത്തു കൊന്നു: നിയോജകമണ്ഡലത്തിൽ മുസ്ലിം ലീഗ് ഹർത്താൽ; പൊലീസ് കനത്ത ജാഗ്രതയിൽ

കാസർഗോഡ് പഴയ ചൂരിയിൽ മദ്രസാ അധ്യാപകനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുടക് സ്വദേശിയായ റിയാസാണ് പള്ളിയോടു ചേർന്നുള്ള താമസസ്ഥലത്ത് കൊല്ലപ്പെട്ടത്. അർധരാത്രിയോടെയാണ്‌ സംഭവം.

തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന പള്ളി ഖത്തീബ് അബ്ദുൽ അസീസ് മുസ്‌ലിയാര്‍ റിയാസിന്റെ മുറിയിൽ നിന്നും ശബ്ദം കേട്ട് മുറി തുറന്നപ്പോൾ ഒരു സംഘം കല്ലേറ് നടത്തുകയായിരുന്നു. തുടർന്ന് മുറിയടച്ചശേഷം റിയാസിന് എന്തോ അപകടം സംഭവിച്ചതായും ഒരു സംഘം പള്ളി ആക്രമിക്കുന്നതായും മൈക്കിലൂടെ വിളിച്ചുപറയുകയായിരുന്നു.ഓടിയെത്തിയ നാട്ടുകാരാണ് റിയാസിനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് കാസർഗോഡ് നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് ഹർത്താൽ ആചരിക്കുന്നുണ്ട്. എസ്എസ്എൽസി, സെക്കന്‍ഡറി പരീക്ഷകൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് ഹർത്താൽ നടത്തുകയെന്ന് മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചിരുന്നെങ്കിലും പലയിടത്തും വാഹനങ്ങൾ തടയുന്നത് പരീക്ഷയ്ക്കിറങ്ങിയ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാൻ കാസർഗോഡ് എത്തി. മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇതിനിടെ കൊലയാളികൾക്ക് വേണ്ടി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലയാളികൾ സംസ്ഥാനം വിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ അതിർത്തിയടച്ച് ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്. സംഭവം നടന്നപ്പോൾ തന്നെ ജില്ലയിലെ പ്രധാന പാതകളിലെല്ലാം പൊലീസ് വാഹന പരിശോധന ആരംഭിച്ചിട്ടുണ്ട്.

Read More >>